'രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ ബി.സി.സി.ഐക്ക് ധൈര്യമുണ്ടോ, ഞങ്ങള്‍ വെല്ലുവിളിക്കുന്നു'
Sports News
'രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസ് ടെസ്റ്റ് ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ ബി.സി.സി.ഐക്ക് ധൈര്യമുണ്ടോ, ഞങ്ങള്‍ വെല്ലുവിളിക്കുന്നു'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd January 2023, 3:00 pm

ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കണമെങ്കില്‍ യോ യോ ടെസ്റ്റ് ജയിക്കണമെന്ന ബി.സി.സി.ഐയുടെ തീരുമാനത്തെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. ശാരീരികമായി പൂര്‍ണമായും ഫിറ്റായ താരങ്ങള്‍ മാത്രം ടീമിലെത്തുന്നതോടെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തില്‍ മാറ്റമുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

വിരാട് കോഹ്‌ലി – രവി ശാസ്ത്രി യുഗത്തില്‍ ടീം സെലക്ഷന് യോ യോ ടെസ്റ്റ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇവര്‍ പടിയിറങ്ങിയതോടെ ഒപ്പം കായിക ക്ഷമത തെളിയിക്കാനുള്ള ഈ ടെസ്റ്റും ‘പടിയിറങ്ങുകയായിരുന്നു’. യോ യോ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിക്കാത്ത താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശാസ്ത്രിയോ വിരാടോ തയ്യാറായിരുന്നില്ല.

ബി.സി.സി.ഐ ഈ ടെസ്റ്റ് നിര്‍ത്തലാക്കി എന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും തന്നെയില്ലെങ്കിലും ടീമിലെ താരങ്ങളുടെ ഫിറ്റ്‌നെസ് എന്നും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോ യോ ടെസ്റ്റ് കര്‍ശനമാക്കുന്നു എന്ന ബി.സി.സി.ഐ തീരുമാനം ആരാധകര്‍ ആഘോഷമാക്കുന്നത്.

എന്നാല്‍ യോ യോ ടെസ്റ്റ് എല്ലാവര്‍ക്കും ഒരപോലെ ബാധകമാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടീമിലെ വമ്പന്‍ പേരുകാരെ യോ യോ ടെസ്റ്റ് ഇല്ലാതെ ടീമിലെടുക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. പ്രധാനമയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ തന്നെയാണ് ഇവര്‍ ഉന്നം വെക്കുന്നത്.

ഫിറ്റ്‌നസ്സിന്റെ കാര്യത്തില്‍ ഏറെ പഴി കേട്ടിരുന്ന താരമാണ് രോഹിത് ശര്‍മ. രോഹിത്തിനെ മുന്‍ നായകന്‍മാരായ വിരാട് കോഹ്‌ലി, എം.എസ്. ധോണി എന്നിവരുടെ ഫിറ്റ്‌നസ്സുമായി താരതമ്യം ചെയ്തുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയിരുന്നു. രോഹിത് ശര്‍മക്കെതിരെ ട്രോളുകളും ഉയര്‍ന്നിരുന്നു.

യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയുള്ള അപെക്‌സ് ബോര്‍ഡിന്റെ തിരുമാനത്തിന് പിന്നാലെ ചില വെല്ലുവിളികളും ബി.സി.സി.ഐക്കെതിരെ ഉയരുന്നുണ്ട്. യോ യോ ടെസ്റ്റില്‍ വിജയിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ രോഹിത് ശര്‍മയെ ടീമില്‍ നിന്നും ഒഴിവാക്കുമോ, രോഹിത് ശര്‍മയുടെ യോ യോ ടെസ്റ്റ് ലൈവായി ടെലികാസ്റ്റ് ചെയ്യാന്‍ സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

ഇതിന് പുറമെ യോ യോ ടെസ്റ്റ് നിര്‍ന്ധമാക്കണമെന്നതടക്കമുള്ള വിരാട് കോഹ്‌ലിയുടെ പല തീരമാനങ്ങളും ബി.സി.സി.ഐ ഇപ്പോള്‍ ശരിവെക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

 

കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്ന യോഗത്തിലാണ് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കണമെന്ന തീരുമാനം ക്രിക്കറ്റ് ബോര്‍ഡ് കൈക്കൊണ്ടത്.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ, നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്ന മുംബൈയില്‍ വെച്ച് നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി വീഡിയോ കോണ്‍ഫറെന്‍സിലൂടെയാണ് യോഗത്തിന്റെ ഭാഗമായത്.

യോ-യോ ടെസ്റ്റിന് പുറമെ ഡെക്‌സാ (എല്ലുകള്‍ സ്‌കാന്‍ ചെയ്യുന്ന ടെസ്റ്റ്) ടെസ്റ്റിലൂടെയുമാണ് ഇനി ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുക. ടെസ്റ്റുകളില്‍ പരാജയപ്പെട്ടാല്‍ അവരെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കുകയും വീണ്ടും ടെസ്റ്റ് വിജയിക്കാന്‍ അവസരം ഒരുക്കുകയുമാണ് നിലവില്‍ ബി.സി.സി.ഐയുടെ രീതി.

2023 ക്രിക്കറ്റ് ലോകകപ്പ് ലക്ഷ്യമിട്ടാണ് ബി.സി.സി.ഐ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

താരങ്ങളുടെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ബി.സി.സി.ഐ ഇനി തയ്യാറാല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോഹ്‌ലി നായകനായിരുന്ന സമയത്തേതിന് സമാനമായി താരങ്ങളുടെ ഫിറ്റ്നസ് കര്‍ശനമാക്കാനാണ് ബി.സി.സി.ഐ ഒരുങ്ങുന്നത്.

 

കോഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന സമയത്താണ് യോ-യോ ടെസ്റ്റ് കര്‍ശനമായി നടപ്പിലാക്കിയിരുന്നത്. ആ സമയത്ത് ടെസ്റ്റില്‍ വിജയിക്കാനുള്ള സ്‌കോര്‍ 16.1ല്‍ നിന്നും 16.5 ആക്കി വര്‍ധിപ്പിച്ചിരുന്നു.

20 മീറ്റര്‍ വീതമുള്ള പോയിന്റിലേക്ക് ഓടിയാണ് യോ-യോ ടെസ്റ്റ് എടുക്കേണ്ടത്. ഓരോ പോയിന്റ് കഴിയുമ്പോഴും താരങ്ങള്‍ അവരുടെ ഓട്ടത്തിന്റെ വേഗത വര്‍ധിപ്പിക്കണം.

ഇന്ത്യയുടെ പ്രധാന താരങ്ങളുടെ വര്‍ക്ക്‌ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഐ.പി.എല്‍ ഫ്രാഞ്ചൈസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ തീരുമാനം ആയിട്ടുണ്ട്. താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ഐ.പി. എല്ലില്‍ ബി.സി.സി.ഐ ഇടപെടും.

 

Content Highlight: Fans reaction about Yo Yo test