ദുര്‍മന്ത്രാവാദങ്ങളുടെ പേരിലുള്ള കൂട്ടക്കുരുതികള്‍ ഏറെ നടന്നിട്ടുണ്ട് ഇന്ത്യയില്‍. അടുത്തിടെ ഒരു ആദിവാസി തൊഴിലാളിയും കുടുംബവും ക്രൂരമായി കൊലചെയ്യപ്പെട്ടതും ദുര്‍മന്ത്രവാദ ആരോപണങ്ങളുടെ പേരിലാണ്. എന്തുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാവുന്നത്? എന്താണിതു പരിഹാരം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് ഇ.പി.ഡബ്ല്യു ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍.
2015 ജൂലൈ 12ന് രാത്രി ഒഡീഷയിലെ ക്യോഞ്ചാര്‍ ജില്ലയിലെ മുന്ദസാഹി ഗ്രാമത്തില്‍ ആദിവാസി തൊഴിലാളിയും ഭാര്യയും നാലു മക്കളും കൊലചെയ്യപ്പെടുകയുണ്ടായി. കൊല്ലപ്പെട്ടവര്‍ (പ്രത്യേകിച്ച് സ്ത്രീയായ ബുന്ദിനി മുണ്ട) ദുര്‍മന്ത്രവാദം ചെയ്യാറുണ്ടെന്ന വെറും സംശയത്തിന്റെ പേരില്‍ മാത്രമായിരുന്നു ഈ ക്രൂരകൃത്യം നടന്നത്.
രോഗിയായ മകനെ നാട്ടുവൈദ്യനെ കാണിക്കാതെ ആശുപത്രിയില്‍ കൊണ്ടുപോയ ഈ കുടുംബത്തിന്റെ പ്രവൃത്തിയാണ് കൊലപാതകികളെ രോഷാകുലരാക്കിയത്. ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ഛത്തീസ്ഗഢ്, എന്നിവിടങ്ങളില്‍ കഴിഞ്ഞവര്‍ഷങ്ങളിലായി ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തവരുടെ നീണ്ടനിരയില്‍ ഏറ്റവും ഒടുവിലത്തേതാണ് മുണ്ടയുടെ കുടുംബം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഹരിയാന, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ആസാം എന്നിവയുമുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം ആദിവാസികളുടെ വിശ്വാസമാണെങ്കിലും മന്ത്രിവാദിനികള്‍ക്കെതിരായ അതിക്രമം ആദിവാസി സമൂഹത്തിനുള്ളില്‍ പരിമിതപ്പെടുത്താനോ, ദുര്‍മന്ത്രവാദം, മന്ത്രവാദം എന്നിവയോടുള്ള ഭയമായി കാണാനോ കഴിയില്ല. ഇത്തരത്തിലുള്ള അക്രമവും അതിനുപിന്നിലെ പ്രേരണയും വ്യത്യസ്തമാണ്.
വസ്തുവകകള്‍ തട്ടിയെടുക്കാനുള്ള തന്ത്രം എന്നതിലുപരി ഇന്ന് കൂടുതല്‍ വ്യാപകമായിട്ടുള്ളത്, ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കുന്ന സ്ത്രീകളെ ശിക്ഷിച്ചോ അതുമല്ലെങ്കില്‍ സ്ത്രീകളെ പ്രാദേശിക രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പികളിലും പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തിയോ കുടുംബ-ഗോത്ര വഴക്കുകള്‍ പരിഹരിക്കുന്ന രീതിയാണല്ലോ. മന്ത്രവാദം നടത്തി എന്നാരോപിക്കപ്പെടുന്നവരെ അപമാനിക്കുന്നതിനും പീഡിപ്പിക്കുന്നതിനും വളരെ പരസ്യമായും അതി ക്രൂരമായും അയിത്തവും ഊരുവിലക്കും പോലുള്ള മാര്‍ഗ്ഗങ്ങളാണ് പ്രയോഗിച്ചത്.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2013ല്‍ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം ആരോപിച്ച് 54 സ്ത്രീകളാണ് കൊല്ലപ്പെട്ടത്. 2001നുശേഷം ഇതേകാരണത്താല്‍ 400 സ്ത്രീകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒഡീഷയില്‍ 2010ല്‍ 31 സ്ത്രീകളും 2011ല്‍ 39 സ്ത്രീകളും 2012ല്‍ 35 സ്ത്രീകളുമാണ് ദുര്‍മന്ത്രവാദികളായി മുദ്രകുത്തി കൊലചെയ്യപ്പെട്ടത്.
ആരോഗ്യ സംവിധാനങ്ങളുടെ അഭാവത്തില്‍ നാട്ടുവൈദ്യന്മാരെ കാണുകയെന്നതിനപ്പുറം ആളുകള്‍ക്കു മുമ്പില്‍ വളരെക്കുറച്ചുമാര്‍ഗങ്ങളേയുള്ളൂ. പരമ്പരാഗത മരുന്നുകളും മന്ത്രവാദവും സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ “മന്ത്രവാദി ഡോക്ടര്‍മാര്‍”. കുടുംബത്തിന്റെ ദൗര്‍ഭാഗ്യത്തിനും വ്യക്തിയുടെ രോഗത്തിനും മിക്കപ്പോഴും കാരണമായി പറയുന്നത് “ദുര്‍മന്ത്രവാദിനി” കളെയാണ്.
എന്‍.സി.ആര്‍.ബിയുടെ കണക്കനുസരിച്ച് 2000നും 2012നും ഇടയില്‍ 2,097 കൊലപാതകങ്ങളാണ് ഇതേ കാരണങ്ങളുടെ പേരില്‍ നടന്നത്. ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചവര്‍ക്കാവട്ടെ ഇപ്പോഴും പലതരത്തിലുള്ള പീഡനങ്ങള്‍ നേരിടുകയാണ്. തുണിയുരിയല്‍, തലമുണ്ഡനം ചെയ്യല്‍, പല്ലുപറിക്കല്‍, മലംതീറ്റിക്കല്‍, മൃഗങ്ങളുടെ രക്തം കുടിപ്പിക്കല്‍, മര്‍ദ്ദനം എന്നിങ്ങനെയുള്ള ഈ പീഡനങ്ങള്‍ക്കു പുറമേ അക്രമികള്‍ ഇവരുടെ ഉപജീവനമാര്‍ഗം സ്വന്തമാക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു.
ഇന്ന് ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ മന്ത്രിവാദിവേട്ട തടയാന്‍ നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇതു നടപ്പാക്കുന്നത് മന്ദഗതിയിലാണ്. യുക്തിവാദി അസോസിയേഷനുകളിലെയും വനിതാ അവകാശസംരക്ഷണ സംഘടനകളിലെയും പ്രവര്‍ത്തകര്‍ കോടതിവഴിയും കാമ്പെയ്‌നിങ്ങിലൂടെയും ഏറെക്കാലമായി ഇതിനെതിരെ പോരാടുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നും അത്ര പെട്ടെന്ന് ഫലം കണാന്‍ കഴിഞ്ഞില്ല.
ദേശീയ തലത്തില്‍ മന്ത്രവാദി വേട്ടയ്‌ക്കെതിരെ ശക്തമായ നിയമത്തിന്റെ അഭാവമാണ് ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പക്ഷെ പഞ്ചായത്തും പ്രാദേശിക സര്‍ക്കാരുദ്യോഗസ്ഥരും നിയമം നടപ്പിലാക്കുന്നത് അവഗണിക്കുകയോ വീഴ്ചവരുത്തുകയോ ചെയ്യുന്നതിനാല്‍ വെറുമൊരു നിയമം കൊണ്ടു കാര്യമില്ല. പ്രശ്‌നം സങ്കീര്‍ണമാകുന്നത് ശ്രദ്ധയില്‍പ്പെടുത്തേണ്ടതും നിയമസംവിധാനത്തെ ജാഗരൂകരായി നിര്‍ത്തേണ്ടതും ഇവര്‍ തന്നെയാണ്.
ആരോഗ്യ സംവിധാനങ്ങളുടെ അഭാവത്തില്‍ നാട്ടുവൈദ്യന്മാരെ കാണുകയെന്നതിനപ്പുറം ആളുകള്‍ക്കു മുമ്പില്‍ വളരെക്കുറച്ചുമാര്‍ഗങ്ങളേയുള്ളൂ. പരമ്പരാഗത മരുന്നുകളും മന്ത്രവാദവും സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ “മന്ത്രവാദി ഡോക്ടര്‍മാര്‍”. കുടുംബത്തിന്റെ ദൗര്‍ഭാഗ്യത്തിനും വ്യക്തിയുടെ രോഗത്തിനും മിക്കപ്പോഴും കാരണമായി പറയുന്നത് “ദുര്‍മന്ത്രവാദിനി” കളെയാണ്.
നരേന്ദ്ര ദബോല്‍ക്കറിനെപ്പോലുള്ള യുക്തിവാദികള്‍ പലവട്ടം പറഞ്ഞതുപോലെ മാനസിക രോഗികളും ഗുരുതര ശാരീരിക പ്രശ്‌നമുള്ളവരും പലപ്പോഴും വിശ്വസിക്കുന്നത് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു കാരണം മന്ത്രവാദിനിയുടെ ദുര്‍മന്ത്രവാദമാണെന്നാണ്. ദളിത് സ്ത്രീകളെ കൊല്ലുന്നതിനും ആക്രമിക്കുന്നതിനും സ്ഥിരമായി ഉപയോഗിക്കുന്ന മാര്‍ഗമാണിതെന്നാണ് ദളിത് ആക്ടിവിസ്റ്റുകള്‍ പറയുന്നത്.
പാട്‌നേഴ്‌സ് ഫോര്‍ ലോ ഇന്‍ ഡെവലപ്പ്‌മെന്റ് വനിതാ ശിശുക്ഷേമ മന്ത്രലായത്തിന്റെ പിന്തുണയോടെ 2012-2013 വര്‍ഷങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ ഉള്‍ക്കാഴ്ചയുള്ള ചില കണ്ടെത്തലുകള്‍ നടത്തുകയുണ്ടായി. മന്ത്രവാദ വേട്ടയുടെ ഇരകള്‍ മിക്കപ്പോഴും സ്ത്രീകളും വേട്ടക്കാര്‍ അയല്‍ക്കാരോ ബന്ധുക്കളോ ആയിരിക്കുകയും ചെയ്യും. പ്രാദേശിക ഭരണകൂടവും പോലീസും ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും കണ്ടെത്തുകയുണ്ടായി. മിക്കയാളുകളും ഇത്തരം സംഭവങ്ങള്‍ക്ക് കുറ്റം പറയുന്നത് ആ സമൂഹത്തിന്റെ നിരക്ഷരതയെയും അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയുമാണ്. എന്നാല്‍ ആളുകള്‍ രോഗമുക്തിക്കായി പ്രാദേശിക മുക്തിദായകരെ കാണുന്നത് ആരോഗ്യ സംവിധാനങ്ങളുടെ അഭാവം കാരണമാണെന്നുള്ളതു കാണുന്നില്ല.
മന്ത്രാവാദി വേട്ടയ്‌ക്കെതിരായ നിയമം നടപ്പിലാവണമെങ്കില്‍ പോലീസും പ്രാദേശിക ഭരണകൂടവും അവ പാലിക്കുകയും എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും ഒരുക്കി നല്‍കുകയും സ്ത്രീകളെ സംഘടിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രാദേശിക ഭിഷഗ്വരന്മാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ടതും അത്യാവശ്യമാണ്.