Advertisement
Kerala News
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എ.സി. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Aug 22, 05:51 am
Tuesday, 22nd August 2023, 11:21 am

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍മന്ത്രിയും സി.പി.ഐ.എം നേതാവുമായ എ.സി. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് വടക്കാഞ്ചേരിയിലെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. 12 ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. മൊയ്തീന്റെ വീടിന് പുറമേ എം.എല്‍.എ ഓഫീസിലും മറ്റ് നാല് പേരുടെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തുന്നുണ്ട്. എ.സി മൊയ്തീന് തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ഇ.ഡി റെയ്ഡ് ആരംഭിച്ചത്. നേരത്തെ കരുവന്നൂര്‍ ബാങ്കിലെ ജീവനക്കാരെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എ.സി മന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. കരുവണ്ണൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്.

നേരത്തെ, ബാങ്കില്‍ ലോണ്‍ നല്‍കുന്നതിലും വായ്പ നല്‍കുന്നതിലും ക്രമക്കേട് നടന്നെന്ന് ഇ.ഡി ആരോപിച്ചിരുന്നു. ഇതില്‍ പലതിലും എ.സി മൊയിതീന്റെ സ്വാധീനമുണ്ടെന്നാണ് ഇ.ഡിയുടെ സംശയം. മൊയ്തീന്റെ ബന്ധുക്കളില്‍ ചിലര്‍ക്ക് കരുവണ്ണൂര്‍ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

കേസില്‍ സി.പി.ഐ.എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ സി.കെ. ചന്ദ്രന്റെയും എ.സി. മൊയ്തീന്റെയും പങ്ക് അന്വേഷിക്കണമെന്ന് കേസിലെ ഒന്നാം പ്രതിയായ ടി.ആര്‍. സുനില്‍കുമാറിന്റെ അച്ഛന്‍ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഭരണസമിതി തീരുമാനമെടുത്തു വരുന്ന ഫയലുകള്‍ ഒപ്പിടുക മാത്രമേ മകന്‍ ചെയ്തിട്ടുള്ളൂവെന്നും രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളില്‍ പാര്‍ട്ടി ബന്ധം മാത്രം നോക്കി വായ്പ കൊടുക്കാന്‍ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും സുനില്‍കുമാറിന്റെ അച്ഛന്‍ പറഞ്ഞിരുന്നത്.

Content Highlights: ED Raid in A C Moideen house