സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ട; ഡി.വൈ.എഫ്.ഐ പ്രതിഷേധ തെരുവ് സംഘടിപ്പിക്കും
തിരുവനന്തപുരം: സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ സംസ്ഥാനമൊട്ടാകെ ഡി.വൈ.എഫ്.ഐ പ്രതിഷേധ തെരുവ് സംഘടിപ്പിക്കും. ബ്ലോക്ക് കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്ക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
‘സംഘപരിവാറിന്റെ നേതൃത്വത്തില്‍ രാജ്യമൊട്ടാകെ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സമീപനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുന്ന സ്ഥിതി ഉണ്ടായത് ഇതിന്റെ ഭാഗമാണ്.
ഹരിയാനയിലും ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും അസമിലും മധ്യപ്രദേശിലും കര്‍ണാടകയിലും ഗുജറാത്തിലും മറ്റും വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ ക്കെതിരെ ഉണ്ടായ അതിക്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്,’ വി.കെ. സനോജ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അടുത്തിടെ ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. പലയിടത്തും പള്ളികള്‍ ആക്രമിക്കപ്പെടുകയും ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. യു.പി, കര്‍ണാടക, ഗുരുഗ്രാം, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അക്രമം നടന്നിരുന്നു.
ഹരിയാനയിലെ അംബാലയിലെ പള്ളിയില്‍ യേശുക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തിരുന്നു. സഭകള്‍ ആളുകളെ നിര്‍ബന്ധിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന ഭരണകക്ഷിയായ ബി.ജെ.പിയുടെ ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക അടുത്തിടെ മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കിയിരുന്നു. ഹരിയാനയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വ്യാഴാഴ്ച നടന്ന ക്രിസ്മസ് കാര്‍ണിവല്‍ വലതുപക്ഷ ജനക്കൂട്ടം തടസ്സപ്പെടുത്തിയിരുന്നു.