സുരേന്ദ്രന്റെ മകനെ നിയമിച്ചത് പ്രത്യേക തസ്തിക സൃഷ്ടിച്ച്, വിശദമായ അന്വേഷണം നടത്തണം: ഡി.വൈ.എഫ്.ഐ
Kerala News
സുരേന്ദ്രന്റെ മകനെ നിയമിച്ചത് പ്രത്യേക തസ്തിക സൃഷ്ടിച്ച്, വിശദമായ അന്വേഷണം നടത്തണം: ഡി.വൈ.എഫ്.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 9:55 pm

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്റെ നിയമനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്.ഐ. ബി.ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം ഒഴിവു സൃഷ്ടിച്ചാണ് കെ. സുരേന്ദ്രന്റെ മകനെ നിയമിച്ചതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.ടെക് മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റെഷന്‍ ബിരുദം അടിസ്ഥാന യോഗ്യതയാക്കി മാറ്റിയായിരുന്നു ഇക്കുറി നിയമനം നടത്തിയത്. മറ്റ് ഒഴിവുകളുടെ കൂട്ടത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മകന് വേണ്ടി മാത്രം ഒരു തസ്തിക സൃഷ്ടിച്ച് പരീക്ഷയും അഭിമുഖവും നടത്തി മറ്റ് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി (RGCB) ചെയ്തിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനെ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ശക്തമായത്.

ബി.ടെക്ക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു ഒഴിവിലേക്കാണ് ഹരികൃഷ്ണനെ നിയമിച്ചത്. തസ്തികയിലേക്ക് പരീക്ഷയെഴുതി മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ വിവരം ആര്‍.ജി.സി.ബി നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

ഡി.വൈ.എഫ്.ഐ പ്രസ്താവനയുടെ പൂര്‍ണരൂപം

കെ. സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബന്ധു നിയമനം ; വിശദമായ അന്വേഷണം നടത്തുക

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്റെ നിയമനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. കെ. സുരേന്ദ്രന്റെ മകന്റെ യോഗ്യതയായ ബി.ടെക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം ഒഴിവു സൃഷ്ടിച്ചാണ് ഒരു ലക്ഷം രൂപയോളം മാസ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് നിയമനം നടത്തിയിരിക്കുന്നത്.

കെ.സുരേന്ദ്രന്റെ മകനോടൊപ്പം ജോലിക്കായി അപേക്ഷിച്ച പരീക്ഷയുടെ നടപടി ക്രമങ്ങളില്‍ പങ്കെടുത്ത മറ്റ് ഉദ്യോഗാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങള്‍ ആരായുമ്പോള്‍ കൃത്യമായ വിവരം RGCB നല്‍കുന്നില്ലെന്നാണ് മറ്റ് ഉദ്യോഗാര്‍ഥികള്‍ പരാതി പറയുന്നത്.

ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.ടെക് മെക്കാനിക്കല്‍/ഇന്‍സ്ട്രുമെന്റെഷന്‍ ബിരുദം അടിസ്ഥാന യോഗ്യതയാക്കി മാറ്റി. മറ്റ് ഒഴിവുകളുടെ കൂട്ടത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ മകന് വേണ്ടി മാത്രം ഒരു തസ്തിക സൃഷ്ടിച്ച് പരീക്ഷയും അഭിമുഖവും നടത്തി മറ്റ് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയില്‍ RGCB ചെയ്തിരിക്കുന്നത്.

കെ.സുരേന്ദ്രന്റെ മകന്‍ കെ.എസ് ഹരികൃഷ്ണന്റെ നിയമനത്തെ സംബന്ധിച്ച ദുരൂഹതയില്‍ വിശദമായ അന്വേഷണം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Content Highlight: DYFI seeks probe in appointing k. surendran’s son in rgcb