ആലപ്പുഴ: വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എല്ലാം ചെയ്തിട്ടുണ്ട്. താന്‍ ആഗ്രഹിച്ച രീതിയില്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രതിപക്ഷ ധര്‍മ്മമാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തന്റെ പോരാട്ടം തുടരും, തനിക്കെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യ കാര്യമാക്കുന്നില്ലെന്നും പുകഴ്ത്തിയാല്‍ മാത്രം പോരല്ലോ വിമര്‍ശനവും വേണമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനം ഒഴിയാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില നേതാക്കള്‍ പറഞ്ഞതുകൊണ്ടാണ് തുടര്‍ന്നത്. താന്‍ സ്ഥാനങ്ങള്‍ക്ക് പിന്നാലെ നടക്കുന്നവനല്ലെന്നും ചെന്നിത്തല പറഞ്ഞു.
തന്റെ പ്രവര്‍ത്തനം ജനം വിലയിരുത്തട്ടെയെന്നും പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ കുറിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിലയിരുത്താനില്ലെന്നും ഈ വിഷമത്തിനിടയില്‍ തന്റെ വിലയിരുത്തലും വേണോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അതേസമയം കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പറഞ്ഞു. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കെ.സി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ മനോഹാരിത എന്ന് പറയുന്നത് ഭരണ പക്ഷത്തിനോടൊപ്പം നില്‍ക്കുന്ന നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രതിപക്ഷമാണ്. ആ പ്രതിപക്ഷം ഇല്ലെങ്കില്‍ ഒരുപാട് പ്രശ്നങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകും. സര്‍ക്കാരിനെ തിരുത്തുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക