Advertisement
IPL
ആരും കേള്‍ക്കാത്തത് ഖലീല്‍ കേട്ടു, എന്നാല്‍ അതില്‍ ഉറച്ചുനില്‍ക്കാന്‍ അവന് സാധിച്ചില്ല; ദല്‍ഹിയുടെ ശവപ്പെട്ടിയില്‍ ആണിയടിക്കാന്‍ പോന്ന തെറ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 May 10, 02:42 pm
Wednesday, 10th May 2023, 8:12 pm

ഐ.പി.എല്‍ 2023ലെ 55ാം മത്സരത്തിനാണ് ചെന്നൈയുടെ ഹോം സ്‌റ്റേഡിയം സാക്ഷിയാകുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് ഹോം ടീമിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

യുവതാരം ഖലീല്‍ അഹമ്മദാണ് ആദ്യ ഓവര്‍ എറിയാനെത്തിയത്. സി.എസ്.കെയുടെ ഓപ്പണര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വരിഞ്ഞുമുറുക്കിയ ഖലീല്‍ ആദ്യ ഓവറില്‍ വഴങ്ങിയത് വെറും നാല് റണ്‍സാണ്. രണ്ടാം ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മ 16 റണ്‍സ് വഴങ്ങി.

മൂന്നാം ഓവര്‍ എറിയാനായി ക്യാപ്റ്റന്‍ പന്ത് വീണ്ടും ഖലീലിന് കൈമാറി. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഷോട്ട് കളിക്കാന്‍ മുതിര്‍ന്ന ഡെവോണ്‍ കോണ്‍വേയെ ബീറ്റ് ചെയ്തുകൊണ്ട് പന്ത് വിക്കറ്റ് കീപ്പര്‍ ഫില്‍ സോള്‍ട്ടിന്റെ കൈകളിലെത്തി.

എന്നാല്‍ താന്‍ എന്തോ ശബ്ദം കേട്ടെന്നും ബാറ്റ് ഇന്‍വോള്‍വ്ഡ് ആയിട്ടുണ്ടെന്നും ഖലീല്‍ സംശയം പ്രകടിപ്പിച്ചു. റിവ്യൂ എടുക്കണമെന്ന് അവന്‍ വിക്കറ്റ് കീപ്പറോടും ക്യാപ്റ്റനോടും ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ ഒന്നും കേട്ടിരുന്നില്ല എന്ന് ഫില്‍ സോള്‍ട്ട് പറഞ്ഞതോടെ ഖലീലും സംശയത്തിലായി. ഡി.ആര്‍.എസ് എടുക്കേണ്ട സമയത്തിനുള്ളില്‍ ഖലീലിനും സോള്‍ട്ടിനും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും ഒരു തീരുമാനത്തിലെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം തുടരുകയായിരുന്നു.

എന്നാല്‍ ശേഷം ആ ഡെലിവെറി അള്‍ട്രാ എഡ്ജിലൂടെ പരിശോധിച്ചപ്പോള്‍ ചെറിയ സ്‌പൈക്ക് കാണുകയായിരുന്നു. റിവ്യു എടുക്കാനുള്ള തീരുമാനം ദല്‍ഹി സ്വീകരിച്ചിരുന്നുവെങ്കില്‍ ഒറ്റ റണ്‍സിന് കോണ്‍വേ പുറത്താകുമായിരുന്നു.

 

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 32 റണ്‍സ് എന്ന നിലയിലാണ് സി.എസ്.കെ. 12 പന്തില്‍ നിന്നും പത്ത് റണ്‍സുമായി ഡെവോണ്‍ കോണ്‍വേയും 12 പന്തില്‍ നിന്നും 17 റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദുമാണ് ക്രീസില്‍.

 

 

Content highlight: Devon Convey gets life during CSK vs DC match