'ശ്രീധരന്‍ പിള്ളക്ക് ബിനോയ് വിശ്വത്തിന്റെ മറുപടി'; ആള്‍ക്കൂട്ടത്തെ ബോധ്യപ്പെടുത്താന്‍ വാക് ചാതുര്യമുണ്ടാകാം, പക്ഷെ ആരാണെന്നും എന്താണെന്നും മറച്ചുവെച്ചുള്ള പ്രസംഗം നല്ലതിനല്ല
Kerala News
'ശ്രീധരന്‍ പിള്ളക്ക് ബിനോയ് വിശ്വത്തിന്റെ മറുപടി'; ആള്‍ക്കൂട്ടത്തെ ബോധ്യപ്പെടുത്താന്‍ വാക് ചാതുര്യമുണ്ടാകാം, പക്ഷെ ആരാണെന്നും എന്താണെന്നും മറച്ചുവെച്ചുള്ള പ്രസംഗം നല്ലതിനല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th December 2022, 6:06 pm

കോഴിക്കോട്: കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സമ്മേളനത്തില്‍ ബി.ജെ.പി നേതാവും ഗോവ ഗവര്‍ണറുമായ പി.എസ്. ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗത്തിന് അതേ വേദിയില്‍ മറുപടി നല്‍കി സി.പി.ഐ നേതാവ് ബിനോയ് വിശ്വം.

ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു ബിനോയ് വിശ്വം വേദിയിലെത്തിയതും പ്രസംഗിച്ചതും.

നിരീശ്വരവാദികള്‍ കുറവുള്ളതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആരോടും അനീതി കാണിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ള തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. ഇന്ത്യയില്‍ എല്ലാ മതങ്ങളും സമഭാവനയോടെയാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ശ്രീധരന്‍ പിള്ളയുടെ വാദങ്ങളെ ഒന്നൊന്നായി പൊളിച്ചടുക്കുന്ന പ്രസംഗമായിരുന്നു ബിനോയ് വിശ്വത്തിന്റേത്. ആള്‍ക്കൂട്ടത്തെ ബോധ്യപ്പെടുത്താനുള്ള വാക് ചാതുര്യമുണ്ടായിരിക്കാം, എന്നാല്‍ താന്‍ ആരാണെന്നും എന്താണെന്നും തന്റെ രാഷ്ട്രീയം എന്താണെന്നും തുറന്ന് പറയാതെ, അത് മറച്ചുവെച്ചുള്ള പ്രസംഗം ഇന്നത്തെ ഇന്ത്യക്ക് പറ്റിയതല്ല, എന്നാണ് ബിനോയ് വിശ്വം തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

ഇസ്‌ലാമിനെ കുറിച്ച് ‘ചില കേന്ദ്രങ്ങളില്‍’ നിന്ന് ഉയര്‍ന്നുവരുന്ന വ്യാജ പ്രചരണങ്ങളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

”ഇസ്‌ലാം എന്ന് പറഞ്ഞാല്‍ അല്‍പംപോലും വെളിച്ചം കടന്നുവരാന്‍ സമ്മതിക്കാത്ത, എല്ലാത്തരം മാറ്റങ്ങളോടും വിയോജിപ്പ് കാണിക്കുന്ന, കട്ടപിടിച്ച ഇരുട്ടാണ് എന്ന് ഏറെക്കാലമായി ഈ സമൂഹത്തില്‍ ശക്തമായ പ്രചാരവേല നടക്കുന്നുണ്ട്. അത് തന്നേ ഉണ്ടായതല്ല. ബോധപൂര്‍വമായി ചില കേന്ദ്രങ്ങള്‍ കെട്ടഴിച്ച് വിട്ടതാണ്.

എന്നാല്‍ ഇസ്‌ലാം എന്നുപറയുന്നത് മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, നന്മകളെ വാരിപ്പുണരുന്ന, സമത്വത്തിന്റെ ആശയങ്ങളെ കൈവിടാതെ സൂക്ഷിക്കുന്ന പ്രസ്ഥാനമാണെന്നാണ് ഞാന്‍ കാണുന്നത്.

ഇസ്‌ലാമിന്റെ ആഴങ്ങളിലേക്ക് പോയി അതേക്കുറിച്ച് പഠിപ്പിക്കാനുള്ള അറിവോ പാണ്ഡിത്യമോ എനിക്കില്ല. ഞാനൊരു വിദ്യാര്‍ത്ഥിയാണ്. മതങ്ങളെ പറ്റി പഠിക്കാന്‍ ശ്രമിച്ച, ഇസ്‌ലാമിനെ സാമാന്യം നല്ലപോലെ പഠിക്കാന്‍ ശ്രമിച്ച ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍.

ഇവിടെയിരിക്കുന്ന ആയിരകണക്കിന് ആളുകളില്‍ ഒരുപക്ഷെ മത വിശ്വാസിയല്ലാത്ത, ദൈവവിശ്വാസിയല്ലാത്ത ഒരേയൊരാള്‍ ഞാനായിരിക്കും. അങ്ങനെ പറയുന്നതാണ് ശരി എന്നാണ് എന്റെ ഉത്തമബോധ്യം. നമ്മള്‍ ആരാണ് എന്ന കാര്യം എല്ലാവരും അറിയണം, മനസ്സിലാക്കണം. ഞാനത് മറച്ചുവെച്ചിട്ടില്ല.

വിശ്വാസിയാണോ എന്ന് ചോദിച്ചാല്‍ അല്ല, പക്ഷെ കാഫിറാണോ എന്ന് ചോദിച്ചാലും അല്ല എന്നാണ് മറുപടി. ഞാനൊരു അവിശ്വാസിയാണ് എന്നും കമ്മ്യൂണിസ്റ്റാണ് എന്നും അറിഞ്ഞുകൊണ്ടാണ് ഇവരെല്ലാം സ്‌നേഹിച്ചത്.

ഇവിടത്തെ അടിയന്തര വിഷയം എന്താണ്..? അടിയന്തര വിഷയം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള പ്രശ്‌നമല്ല. ആത്മീയവാദിയും ഭൗതികവാദിയും തമ്മിലുള്ള തര്‍ക്കമല്ല. അടിയന്തര വിഷയം ഈ സമൂഹത്തില്‍ എല്ലാ മതങ്ങളിലും പെട്ട മനുഷ്യര്‍ക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടാമോ ഇല്ലയോ എന്നതാണ്.

വിശ്വാസം ഏതുമാകട്ടെ, മതവും പാര്‍ട്ടിയും ഏതുമാവട്ടെ, ആശയങ്ങളോ നിലപാടുകളോ ഏതുമാവട്ടെ. അതൊക്കെ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ വൈവിധ്യങ്ങളെ സംരക്ഷിച്ചുകൊണ്ട് ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തലാണ് ഇപ്പോള്‍ നമ്മുടെ അടിയന്തര കര്‍ത്തവ്യം.

രാഷ്ട്രത്തിന്റെ അടിസ്ഥാനമെന്താണ് എന്ന ചോദ്യം പൊന്തിവരുന്നു ഇന്ത്യയില്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഭരണം കയ്യാളുന്ന ശക്തികള്‍ പറയുന്നത് രാഷ്ട്രത്തിനൊരു മതമുണ്ടെന്നും ആ മതത്തില്‍ എല്ലാവരും വിശ്വസിച്ചാല്‍ അതാണ് രാഷ്ട്രത്തിന്റെ അടിസ്ഥാനം എന്നുമാണ്. ഈ ആശയപ്രമാണമാണ് ഇന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.

ഇവിടെ പ്രസംഗിച്ചിട്ട് പോയ പി.എസ്. ശ്രീധരന്‍പിള്ള… ഇതുപോലെ തന്നെ കോഴിക്കോട് എത്രയോ വേദികളില്‍ ബാബരി മസ്ജിദ് വിഷയത്തിലെ ചര്‍ച്ചകളുടെ സമയത്ത് ഞാനും ശ്രീധരന്‍പിള്ളയും തമ്മില്‍ നടത്തിയ സംവാദങ്ങള്‍ എണ്ണമറ്റവയാണ്.

അദ്ദേഹം വ്യക്തിപരമായി നല്ല സുഹൃത്താണ്. പക്ഷെ അദ്ദേഹം പറഞ്ഞതല്ല വാസ്തവത്തില്‍ ആ രാഷ്ട്രീയത്തിന്റെ കാതല്‍. അദ്ദേഹം ഇവിടെ പറഞ്ഞത് ഇന്ത്യയില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ്. അതാണോ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും നിലപാട്.

ശ്രീധരന്‍പിള്ള പറയാന്‍ ശ്രമിച്ച നിലപാട് വാസ്തവത്തില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും കാഴ്ചപ്പാടാണോ..? അങ്ങനെയാണെന്ന് ഉറപ്പാക്കാന്‍ ശ്രീധരന്‍പിള്ളക്ക് കഴിയുമോ..!

കഴിയില്ല, കാരണം ബഞ്ച് ഓഫ് തോട്‌സ് (Bunch of Thoughts) എന്നൊരു പുസ്തകമുണ്ട്. അതിന്റെ പേര് വിചാരധാര എന്നാണ്. ആ പുസ്തകത്തിന്റെ കര്‍ത്താവ് ഗോള്‍വാള്‍ക്കാറാണ്. ശ്രീധരന്‍പിള്ള മുതല്‍ നരേന്ദ്ര മോദി വരെയുള്ളവര്‍ ഗുരുജി എന്ന് വിളിക്കുന്ന ഗോള്‍വാള്‍ക്കര്‍.

ആ പുസ്തകത്തിന്റെ ഒരു ഭാഗത്തുള്ള ചോദ്യമിതാണ്; ‘നിങ്ങള്‍ ഭാവനയില്‍ കാണുന്ന ഹിന്ദുരാഷ്ട്രത്തില്‍ ന്യൂനപക്ഷങ്ങളുടെ പദവി എന്താണ്?’ എന്നാണ് ചോദ്യം. ആ ചോദ്യത്തിന് ഗോള്‍വാള്‍ക്കര്‍ ‘ജി’ നല്‍കിയ മറുപടി ശ്രീധരന്‍ പിള്ളയും ബാക്കിയെല്ലാവരും വായിച്ചുകാണും, ഞാനാവര്‍ത്തിക്കുന്നു.

ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്, ‘ന്യൂനപക്ഷങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്. അങ്ങനെ ഭയപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല,’ എന്നാണ്. സന്തോഷം! അതാണ് ഇവിടെ ശ്രീധരന്‍ പിള്ളയും പറഞ്ഞത്, ഒന്നും പേടിക്കേണ്ട എന്ന്. പക്ഷെ വിചാരധാരയില്‍ പിന്നീട് പറയുന്ന ഒരു ഭാഗമുണ്ട്. ആ ഭാഗത്തെ കുറിച്ചാണ് ശ്രീധരന്‍ പിള്ള വ്യക്തമാക്കേണ്ടത്.

ഗോള്‍വാള്‍ക്കര്‍ പറഞ്ഞു, ‘രാഷ്ട്രത്തിന്റെ മതം, രാഷ്ട്രത്തിന്റെ ഭാഷ, രാഷ്ട്രത്തിന്റെ സംസ്‌കാരം- അത് അംഗീകരിച്ച് കൊണ്ട് ജീവിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ പൗരന്മാരായി ജീവിക്കാം. അല്ലാത്തപക്ഷം വോട്ടവകാശം പോലുമില്ലാതെ, വിദേശികളെ പോലെ അവര്‍ക്ക് വേണമെങ്കില്‍ ഇവിടെ കഴിയാം’ എന്ന്.

ഇതാണ് ഇവിടത്തെ അടിയന്തര വിഷയം.

ഇന്ത്യയില്‍ പിറന്ന, ഇവിടെ ജീവിക്കുന്ന, ഇവിടെത്തന്നെ മരിക്കേണ്ടുന്ന കോടാനുകോടി അഹിന്ദുക്കളോട്, അതില്‍ ഭൂരിപക്ഷം പേരും ഇസ്‌ലാം വിശ്വാസികളാണ്, ക്രിസ്ത്യാനികളോട്, സിഖുകാരോട്… അങ്ങനെ ഇവിടെ ജീവിക്കുന്ന എല്ലാ മതത്തിലും പെട്ടവരോട് ഗോള്‍വാള്‍ക്കര്‍ പറയുകയാണ് രാഷ്ട്രത്തിന് ഒരു മതമുണ്ടെന്നും ആ മതത്തില്‍ വിശ്വസിച്ചാല്‍ മാത്രം നിങ്ങള്‍ക്കിവിടെ പൗരന്മാരായി ജീവിക്കാമെന്നും. ഇവിടെ എന്താണ് നിലപാട് ?

ശ്രീധരന്‍പിള്ള പറയുന്ന മധുരമുള്ള വാക്കുകള്‍ക്ക് ഈ നിലപാടിന് മുന്നില്‍ എന്താണ് പ്രസക്തി എന്ന് അദ്ദേഹം വ്യക്തമാക്കണം. അത് ഞാന്‍ അപേക്ഷിക്കുകയാണ്. നമുക്ക് ആള്‍ക്കൂട്ടങ്ങളെ ബോധ്യപ്പെടുത്താനുള്ള വാചാലമായ പ്രഭാഷണകല സ്വായത്തമാക്കാന്‍ കഴിഞ്ഞേക്കും. നാം ആരാണെന്ന കാര്യം അങ്ങനെ മൂടിവെക്കാന്‍ കഴിഞ്ഞേക്കാം.

ആരാണെന്ന് മൂടിവെക്കാതെ എന്താണെന്ന കാര്യം വ്യക്തമായി പറയാതെ നടത്തുന്ന ഒരു പ്രസംഗവും ഇന്നത്തെ ഇന്ത്യയുടെ സത്യങ്ങള്‍ക്ക് മുന്നില്‍ നാം കാണിക്കേണ്ട നിലപാടിന്റെ പ്രതിഫലനമാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ല.

അതുകൊണ്ടാണ്, ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തിലെ വാദങ്ങളെ പറ്റി ഞാന്‍ വരുന്നവഴി പറഞ്ഞുകേട്ടപ്പോള്‍ അതിനെപറ്റി ഇത്രയെങ്കിലും കാര്യം പറയാന്‍ എനിക്ക് തോന്നിപ്പോയത്.

ഞാന്‍ ഒന്നുകൂടി ഓര്‍ക്കുന്നു, ആ ഡിസംബര്‍ മാസം ആറാം തീയതി ഇന്ത്യ കേട്ട മുദ്രാവാക്യം. നമ്മള്‍ മറക്കാത്ത ഒരു ഡിസംബര്‍ മാസമാണത്. 1992 ഡിസംബര്‍ മാസം ആറാം തീയതി. അന്നാണ് ബാബറി പള്ളി തകര്‍ന്നുവീണത്.

നാനൂറിലേറെ കൊല്ലക്കാലം ഇന്ത്യയുടെ മതനിരപേക്ഷതയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി ആകാശത്തേക്ക് തല ഉയര്‍ത്തി നിന്ന മിനാരങ്ങളുള്ള ബാബരി മസ്ജിദ് അന്ന് മണ്ണോട്മണ്ണായി മാറി. സംഘപരിവാറിന്റെ എല്ലാ ശക്തികളും കൊണ്ടാടിയ വിജയമായിരുന്നു അത്. ആ കൊണ്ടാടലിന്റെ ഭാഗമായി അന്ന് അയോദ്ധ്യയിലെ മണ്ണില്‍ മുഴങ്ങിയ മുദ്രാവാക്യമിതായിരുന്നു. ‘ഇത്, ബാബറി പൊളിക്കല്‍ ആരംഭം മാത്രമാണ്. ഇനി കാശിയും മധുരയും ബാക്കിയുണ്ട്’.

ആ മുദ്രവാക്യത്തില്‍ നിന്നും ബി.ജെ.പി മാറിയോ..? മാറുമോ ബി.ജെ.പി..? മാറിയെങ്കില്‍ മധുരയിലെയും വരാണസയിലെയും പള്ളി പൊളിക്കാനുള്ള നീക്കങ്ങളെ കുറിച്ച് എന്ത് പറയുന്നു.

അതേക്കുറിച്ച് ഒരക്ഷരം മിണ്ടാതെ, പിറകില്‍ നിന്ന് കരുക്കള്‍ നീക്കിക്കൊണ്ട് ഇവിടെ വന്ന് ‘സര്‍വമത സമഭാവന’ എന്നൊക്കെ പറഞ്ഞുപോയാല്‍ സത്യം നമ്മളെ നോക്കി പരിഹസിക്കും. ഇവിടെയാണ് നമുക്ക് നിലപാടറിയേണ്ടത്. അത് വ്യക്തമാക്കിയേ തീരൂ. ഇല്ലെങ്കില്‍ ഇന്ത്യ ചിലപ്പോള്‍ മറ്റെന്തോ ആയി മാറും. അത് പാടില്ല.

ഇന്ത്യയുടെ ഇന്നിന്റെയും നാളെയുടെയും ഗ്യാരണ്ടി ഒന്ന് മാത്രമാണ്, അത് മതനിരപേക്ഷതയാണ്.

നമുക്ക് നെഹ്‌റുവിനെ ഓര്‍ക്കാം, നെഹ്‌റു പറഞ്ഞു; ‘ഇന്ത്യ മരിച്ചാല്‍ ആര് ജീവിക്കും ? ഇന്ത്യ ജീവിച്ചാല്‍ ആര് മരിക്കും..?’
ആ ചോദ്യം ഇന്നും നമ്മുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഇന്ത്യ മരിക്കണോ ജീവിക്കണോ എന്ന ചോദ്യത്തിന് ഇന്ത്യ ജീവിക്കണം എന്ന് നാമെല്ലാം പറയും. ഇന്ത്യ മരിക്കാതിരിക്കണമെങ്കില്‍ ഇവിടെ മതേതരത്വം ജീവിക്കണം.

ബി.ജെ.പി എം.പിമാര്‍ ഒരു പുതിയ ബില്‍ അവതരിപ്പിക്കുകയാണ്. ആ നിര്‍ദേശം ഇതാണ്, ഭരണഘടനയിലെ സെക്കുലറിസം അഥവാ മതനിരപേക്ഷത എന്ന വാക്ക് എടുത്തുമാറ്റണം. അത് മാറ്റാന്‍ വേണ്ടിയുള്ള ബി.ജെ.പി അംഗത്തിന്റെ ബില്‍ ശ്രീധരന്‍ പിള്ളയും ബി.ജെ.പിയും അറിയാത്ത ബില്ലാണോ ? അതേക്കുറിച്ച് ആലോചിച്ചത് മോദിയും അമിത് ഷായും അറിയാതെയാണോ ? ഈ പറഞ്ഞവരും ആര്‍.എസ്.എസുമെല്ലാം അറിഞ്ഞുകൊണ്ടാണ് ഈ ബില്ലുകളെല്ലാം സഭയിലേക്ക് വരുന്നത്.

പൗരത്വ ബില്‍ എങ്ങനെയാണുണ്ടായത്? ഇവിടത്തെ പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന വാദം എങ്ങനെയുണ്ടായി. ആ വാദത്തിന്റെ ആരംഭം ഇപ്പോഴല്ലല്ലോ. എന്നാണോ ഇന്ത്യയില്‍…” ബിനോയ് വിശ്വം പറഞ്ഞു.

തന്റെ പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കെ പള്ളിയില്‍ നിന്നും ബാങ്ക് വിളിക്കുന്നത് കേട്ട ബിനോയ് വിശ്വം പ്രസംഗം നിര്‍ത്തി, സദസിനെ അഭിവാദ്യം ചെയ്തുകൊണ്ട് മടങ്ങുകയായിരുന്നു.

135 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ആകെ ജനസംഖ്യയുടെ അര ശതമാനം പോലുമില്ലാത്ത, 0.25 ശതമാനം പേരാണ് അവിശ്വാസികളും നിരീശ്വരവാദികളും എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമെന്നും ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ആരോടും അനീതി കാണിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ള തന്റെ പ്രസംഗത്തില്‍ പറഞ്ഞത്.

താത്വികമായി എതിര്‍പ്പുണ്ടാകുമ്പോഴും മതങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും വിശ്വാസവും ഉണ്ടാകണമെന്നും എല്ലാ മതങ്ങള്‍ക്കും വളരാനും വികസിക്കാനും അവസരമുണ്ടാക്കിക്കൊടുത്ത ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

”സംഘര്‍ഷമല്ല സമന്വയമാണ് ഭാരതീയ ജീവിതത്തിന്റെ കാതല്‍. നമ്മുടെ രാജ്യം മൊത്തത്തില്‍ പരിശോധിച്ചാല്‍, അവിഭക്ത ഇന്ത്യ ലോകത്ത് അറിയപ്പെട്ട എല്ലാ മതങ്ങള്‍ക്കും വളരാനും വികസിക്കാനും അവസരമുണ്ടാക്കിക്കൊടുത്ത, എന്നാല്‍ അതേസമയം ഒരിക്കല്‍ പോലും നമ്മുടെ ഏതെങ്കിലുമൊരു രാജാവ് അന്യ രാജ്യങ്ങളെ കീഴടക്കാനായി കപ്പലോട്ടം നടത്തി കടലുകടന്ന് പോയ ചരിത്രമില്ല. ആ പാപപങ്കിലതയില്ലാത്ത നാടാണ് ഇന്ത്യ.

അതിന്റെ ആത്മീയത വൈവിധ്യമുള്‍ക്കൊള്ളുന്ന അതേസമയം വൈരുധ്യമല്ലാത്ത തലങ്ങളുള്‍ക്കൊള്ളുന്നതാണ്. അതുകൊണ്ടാണ് നമുക്ക് സഹോദരങ്ങളെ പോലെ കഴിയാനാകുന്നത്. വൈകാരികമായ പ്രശ്‌നങ്ങളുണ്ടായേക്കാം. 130 കോടി ജനങ്ങള്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ അവര്‍ തമ്മില്‍ സ്വാഭാവികമായും മനുഷ്യമനസുകള്‍ വൈകൃതഭാവം രൂപംകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പ്രശ്‌നങ്ങളുണ്ടായേക്കാം.

ആ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ നമ്മുടെ രാജ്യത്തെ മതങ്ങളെല്ലാം വിശാലമായ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നുണ്ട്.

ഞാന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിക്കുന്നവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. ആര്‍.എസ്.എസിന്റെ നാഗ്പൂരിലെ കാര്യാലയത്തില്‍ മുഹമ്മദ് യൂസുഫ് എന്ന വ്യക്തി സന്ദര്‍ശനം നടത്തി. ചര്‍ച്ചകള്‍ നീണ്ടുപോയി, അദ്ദേഹത്തിന് പ്രാര്‍ത്ഥിക്കാന്‍ സമയമായപ്പോള്‍ അവിടെ ആര്‍.എസ്.എസ് കാര്യാലയത്തില്‍ വെച്ച് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ടാക്കിക്കൊടുത്തത് എന്തേ മറന്നുപോയി ? എന്നാണ്.

ജനാധിപത്യത്തിലും മതവിശ്വാസത്തിലും താത്വികമായി എതിര്‍പ്പുണ്ടാകുമ്പോഴും പരസ്പര സ്‌നേഹവും വിശ്വാസവുമാണ് ഇസ്‌ലാമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ഒരു ബഹുമത സമൂഹത്തില്‍ പുലര്‍ത്തേണ്ടത്. ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോഴും ആ നിലക്കുള്ള സമീപനമുണ്ടാകണം. അത് വെറും പൊളിറ്റിക്‌സല്ല.

ഞാന്‍ ഗവര്‍ണറാണ്, രാഷ്ട്രീയം പറയാന്‍ പാടില്ല. പക്ഷെ, 2014ലെയും 2019ലെയും തെരഞ്ഞെടുപ്പില്‍, അന്ന് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ പോലും അധികാരത്തില്‍ വന്ന ശേഷം വര്‍ത്തമാന ഇന്ത്യന്‍ സംവിധാനത്തില്‍ വൈകാരികമായ ചില വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനുണ്ടാവുമെങ്കിലും അടിസ്ഥാനപരമായി ആരോടെങ്കിലും അനീതി കാണിച്ച ഒരു സംഭവവും വസ്തുനിഷ്ഠമായ പഠനത്തില്‍ ചൂണ്ടിക്കാണിക്കാനുണ്ടാവില്ല, എന്ന് കരുതുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥിയാണ് ഞാന്‍.

മാറാട് സംഭവമുള്‍പ്പെടെ ചിന്തിക്കുമ്പോള്‍, എട്ട് പേരെ കൊന്നു. കൊല്ലേണ്ടി വന്നാല്‍ മറുഭാഗത്തുള്ള നിരപരാധികളെയായിരിക്കും കൊല്ലേണ്ടി വരിക. പക്ഷെ കോഴിക്കോടുള്ള ഹിന്ദു, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് സന്മനസുണ്ടായിരുന്നത് കൊണ്ടാണ് വാസ്തവത്തില്‍ ഒരു തിരിച്ചടിയുണ്ടാകാതിരുന്നത്, പിന്നീടൊരു കലാപമുണ്ടാകാതെ നിയന്ത്രിക്കാന്‍ സാധിച്ചത്. അത് വേണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും ബുദ്ധിസ്റ്റായാലും നമ്മുടെ ഭാരതത്തിന്റെ ആത്മീയതയോട് പ്രതിബദ്ധത വേണം. ലോകത്തുള്ള എല്ലാ പ്രധാനപ്പെട്ട രാജ്യങ്ങളുടെയും പത്ത് കൊല്ലത്തെ സെന്‍സസ് എടുത്ത് പരിശോധിച്ചാല്‍ ആത്മീയതയും അചഞ്ചലമായ വിശ്വാസവും ഈശ്വരഭയവുമാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നതും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാതിരിക്കാനുള്ള ഏറ്റവും വലിയ കാരണവും. ഞാനൊരു ക്രിമിനല്‍ അഭിഭാഷകനാണ്.

അറേബ്യന്‍ രാജ്യങ്ങളെ കുറിച്ചും വത്തിക്കാനെ കുറിച്ചും ഞാന്‍ പറയുന്നില്ല. ചൈന, യു.കെ, റഷ്യ, ജപ്പാന്‍, ഫ്രാന്‍സ്, ഉക്രൈന്‍ തുടങ്ങി ഒമ്പത് രാജ്യങ്ങളെ കുറിച്ച ഞാന്‍ പഠനം നടത്തി.

ഇന്ത്യയില്‍ 2011ലാണ് ഒടുവില്‍ സെന്‍സസ് നടന്നത്. 79.6 ശതമാനം ഹിന്ദുക്കള്‍, സനാതന ധര്‍മ വിശ്വാസികള്‍, 14.62 ശതമാനം മുസ്‌ലിങ്ങള്‍, 2.67 ക്രിസ്ത്യന്‍ എന്നിങ്ങനെയാണ്. അവസാനത്തെ കാറ്റഗറി Irreligious \ atheist\ unanswered എടുത്താല്‍ അത് ഇന്ത്യയിലെ ജനസംഖ്യയുടെ അര ശതമാനം പോലുമില്ല. 0.25 ശതമാനമാണ് ഇവര്‍.

ഇതാണ് 135 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടം. അത് ദൈവഭയവും ഈശ്വരവിശ്വാസവുമാണ്.

സമന്വയം വേണ്ട മേഖലയില്‍ അനാവശ്യമായി ചെറുപ്പക്കാരെ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നത് ഏത് മതമായാലും അവര്‍ അടിസ്ഥാനപരമായി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കണം, ദൈവത്തോട് അടുക്കാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്.

ഇക്കാലഘട്ടത്തില്‍ മതങ്ങള്‍ മനുഷ്യനെ സംസ്‌കരിക്കുന്ന സംവിധാനങ്ങളായി മാറണം. ഇന്ത്യയുടെ പ്രത്യേകത 0.25 ശതമാനം പേര്‍ അവിശ്വാസികളായ, മതത്തെ നിഷേധിക്കുന്നവരായ ലോകത്തെ ഏക രാജ്യം ഇന്ത്യയാണ്. ഇസ്‌ലാമിക രാജ്യങ്ങളെ കുറിച്ചോ ക്രിസ്തീയ രാഷ്ട്രങ്ങളെ കുറിച്ചോ അല്ല ഞാന്‍ പറയുന്നത്.

ധര്‍മ, അഥവാ മതം ഇല്ലാത്ത പൊളിറ്റിക്‌സ് ഒരു മാലിന്യമാണ്, ചണ്ടിയാണ്, എന്നുപറഞ്ഞ ഗാന്ധിജിയുടെ വാക്കുകളും ഞാനിവിടെ ഓര്‍ക്കുകയാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായേക്കും. അയോധ്യയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് ശേഷം 1997ലും അതിന് ശേഷവും എന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ ഇപ്പോഴത്തെ മുസ്‌ലിം ലീഗിന്റെ അധ്യക്ഷന്‍ പങ്കെടുത്തിട്ടുണ്ട്. തിരിച്ച് ഞാനും. നമ്മുടെ ഈ സൗഹൃദമെല്ലാം ജനങ്ങള്‍ക്കുള്ള സന്ദേശമാണ്.

ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകേണ്ട ഐക്യത്തെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുത്. രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അവരുടെ രീതിയില്‍ ശ്രമിക്കാം. സംഘര്‍ഷമല്ല സമന്വയമാണ് വേണ്ടത്,” ശ്രീധരന്‍പിള്ള പറഞ്ഞു.

Content Highlight: CPI Leader Binoy Viswam reply to BJP leader Sreedharan Pillai speech in Mujahid conference