ഡബ്ലിന്‍: അയർലണ്ടിലെ അടച്ചുപൂട്ടിയ ഇസ്രഈൽ എംബസി ഫലസ്തീന്‍ മ്യൂസിയമാക്കി മാറ്റും. അയർലണ്ട് തലസ്ഥാനമായ ഡബ്ലിനിലെ എംബസി കെട്ടിടമാണ് ഫലസ്തീന്‍ മ്യൂസിയമാക്കി മാറ്റുന്നത്. ഇത് നേരത്തെ അടച്ചുപൂട്ടിയിരുന്നു. യു.എസിലെ ഫലസ്തീന്‍ മ്യൂസിയം അധികൃതരാണ് ഇസ്രഈലിന്റെ മുന്‍ എംബസി കെട്ടിടം വാടകയ്ക്കെടുത്ത് ഇത്തരം ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചത്.
‘ഡബ്ലിനിലെ ഇസ്രഈൽ എംബസിയുടെ മുന്‍ ഓഫീസുകള്‍ ഞങ്ങളുടെ സ്ഥിരം യൂറോപ്യന്‍ ആസ്ഥാനമാക്കാന്‍ ഞങ്ങള്‍ താല്‍പ്പര്യപ്പെടുന്നു. യുദ്ധമേഖലയുടെ ആസ്ഥാനം ആർട്ട് സോണാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,’ മ്യൂസിയം ഡയറക്ടര്‍ ഫൈസല്‍ സാലിഹ് പറഞ്ഞു.
മെയ് മാസത്തിൽ ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമായി അയർലണ്ട് അംഗീകരിച്ചതിനെ തുടർന്ന് ഡിസംബർ 15ന് ഡബ്ലിനിലെ എംബസി അടച്ച് പൂട്ടിയിരുന്നു. കൂടാതെ ഇസ്രഈലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിന് അയർലണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) കഴിഞ്ഞ ആഴ്ച ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
ഐറിഷ് സർക്കാരിൻ്റെ കടുത്ത ഇസ്രഈൽ വിരുദ്ധ നയങ്ങളുടെ വെളിച്ചത്തിലാണ് ഡബ്ലിനിലെ ഇസ്രഈൽ എംബസി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് ഇസ്രഈൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ അയർലണ്ട് പ്രധാനമന്ത്രി സൈമൺ ഹാരിസ് ഇസ്രഈൽ വാദത്തെ നിരാകരിച്ചു. ‘അയർലണ്ട് ഇസ്രഈൽ വിരുദ്ധമാണെന്ന വാദം ഞാൻ തീർത്തും നിരാകരിക്കുന്നു. അയർലണ്ട് സമാധാനത്തിനും മനുഷ്യാവകാശത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുകൂലമാണ്, ‘ഹാരിസ് പറഞ്ഞു.
Content Highlight: Could Israel’s shuttered embassy in Dublin become a gallery for Palestinian art?