തലശ്ശേരി: സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. കേസില്‍ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ രണ്ടു പ്രതികള്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. കൊളശേരി സ്വദേശികളായ ജിതേഷ്, വിപിന്‍ എന്നിവരാണ് കീഴടങ്ങിയത്. തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. നസീറിനെ ആക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷ് ക്വട്ടേഷന്‍ നല്‍കിയത് ഇവര്‍ക്കായിരുന്നു.
കേസില്‍ നേരത്തെ സി.പി.ഐ.എം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഡ്രൈവറും സഹായിയുമായിരുന്ന രാജേഷ് അറസ്റ്റിലായിരുന്നു. അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മുന്‍ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എം.എല്‍.എയുടെ സഹായിയുമായിരുന്നയാള്‍ അറസ്റ്റിലായത്.
അതേസമയം അണികള്‍ക്ക് വിരോധമുണ്ടായതിനെ തുടര്‍ന്ന് താനാണ് സി.ഒ.ടി നസീറിനെ അക്രമിക്കാന്‍ പൊട്ടിയന്‍ സന്തോഷിനെ ചുമതലപ്പെടുത്തിയതെന്ന് പുല്യോട് ബ്രാഞ്ച് സെക്രട്ടറി എന്‍.കെ രഗേഷ് മൊഴി നല്‍കിയിരുന്നു
മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു.