Kerala News
കെ.സിയെ വിമര്‍ശിച്ചതില്‍ നടപടിയെടുത്താല്‍ പാര്‍ട്ടിയില്‍ അണികളുണ്ടാകില്ല; കെ. സുധാകരന്റെ പോസ്റ്റിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 12, 10:53 am
Saturday, 12th March 2022, 4:23 pm

കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പോസ്റ്റിന് താഴെ പ്രതിഷേധം.

കെ.സി. വേണുഗോപാലിനെ പുറത്താക്കണമെന്നും വിമര്‍ശനമില്ലെങ്കില്‍ നേതാക്കള്‍ നന്നാകില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. പരാജയം അണികളുടെ വികാരത്തെ ബാധിക്കുമ്പോഴാണ് പൊട്ടിത്തെറിക്കുന്നത്, വേണുഗോപാലിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നടപടിയെടുത്താല്‍ പാര്‍ട്ടിയില്‍ അണികളുണ്ടാകില്ലെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹ മാധ്യമങ്ങളില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇത് കെ.പി.സി.സി നിരീക്ഷിച്ച് വരികയാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും കെ. സുധാകരന്‍ അറിയിച്ചിരുന്നു. ഇതാണ് പ്രവര്‍ത്തകരെ ചൊടുപ്പിച്ചത്.

കെ. സുധാകരന്റെ പോസ്റ്റിന് താഴെ വന്ന ചില കമന്റുകള്‍ വായിക്കാം

1) എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ. നേതാക്കളെ നന്നായി വിമര്ശിക്കും. അതാണ് ജനാധിപത്യ പാര്‍ട്ടി. വിമര്‍ശനമില്ലെങ്കില്‍ നേതാക്കള്‍ നന്നാകില്ല.

2) ഈ അവസരത്തില്‍ എനിക്ക് പറയാനുള്ളത് എല്ലാവരും കെ.സിയുടെ ഫോട്ടോ ഡി.പി ആക്കി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം എന്നാണ്.(ട്രോള്‍)

3)പരാജയം അണികളുടെ വികാരത്തെ ബാധിക്കുമ്പോഴാണ് ചില നേരത്ത് പൊട്ടിത്തെറിക്കുന്നത്. പ്രസ്ഥാനവും പ്രസ്ഥാനത്തെ സ്‌നേഹിക്കുന്ന ജനങ്ങളുടെയും വിയര്‍പ്പ് വെറുതെയിരിക്കുന്ന ചില നേതാക്കള്‍ കാണാതെ പോവുമ്പോള്‍ രോഷം സ്വാഭാവികം!

4) ബഹുമാനപ്പെട്ട പ്രസിഡന്റ്. കെ.സി. വേണുഗോപാലിനെ ആര്‍ക്കും ഇഷ്ടമില്ലാത്തത് കൊണ്ടല്ല,
അദ്ദേഹത്തിന്റെ നേതൃത്വം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റി മറ്റൊരാള്‍ക്ക് ആ സ്ഥാനം കൊടുത്ത് നോക്കാന്‍ പറയുന്നത്.

ഇനിയും നമ്മള്‍ മാറി ചിന്തിച്ചില്ലെങ്കില്‍ പടുകുഴിയില്‍ നിന്നും അഗാധ ഗര്‍ത്തത്തിലേക്ക് തന്നെ നമ്മള്‍ വീഴും. പിന്നീട് ഒരുതിരിച്ചുവരവ് ഉണ്ടാകാത്ത രീതിയില്‍. ആരും ആഗ്രഹിക്കാത്ത ഒന്നാണ് അത്. ഒരവസരം സച്ചിന്‍ പൈലറ്റിന് കൊടുത്ത് നോക്കൂ.

5) സോണിയ, രാഹുല്‍, പ്രിയങ്ക ഗാന്ധി എന്നിവരുടെ കൂട്ടത്തില്‍ എണ്ണാന്‍ കെ.സി. വേണുഗോപാലിന് എന്ത് യോഗ്യത? വേണുഗോപാലിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ നടപടിയെടുത്താല്‍ പാര്‍ട്ടിയില്‍ അണികളുണ്ടാകില്ല.

6) കെ.എസ്., അങ്ങ് പ്രസിഡന്റ് ആകാനും ഇതുപോലെ സോഷ്യല്‍ മീഡിയ സപ്പോര്‍ട്ട് ഉണ്ടായിട്ടുണ്ട്. ആര്‍ക്കും രാഹുല്‍ ഗാന്ധി അല്ലേല്‍ പ്രിയങ്കയോട് എതിര്‍പ്പ് ഇല്ല. പിന്നെ ഒരു പദവിയിലും ഇല്ലാത്ത സാധാരണ കോണ്‍ഗ്രസുകാര്‍ അവരുടെ വികാരം അവര്‍ കാണിക്കും. എന്ത് നടപടി അവരോട് എടുക്കും. പിന്നെ കൂടെ നില്‍ക്കുന്ന സ്ഥാനമോഹികള്‍ ഉണ്ടല്ലോ അവന്മാരെ കണ്ട്രോള്‍ ചെയ്യൂ.

CONTENT HIGHLIGHTS: Congress workers protest following  K. Sudhakaran’s post Support  K.C. Venugopal