ജോജുവിന്റെ കഴുത്തില്‍പ്പിടിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; വാഹനം തകര്‍ത്ത കേസില്‍ എഫ്.ഐ.ആര്‍ ഇട്ടതിനെതിരെ ടോണി ചമ്മണി
Kerala
ജോജുവിന്റെ കഴുത്തില്‍പ്പിടിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ല; വാഹനം തകര്‍ത്ത കേസില്‍ എഫ്.ഐ.ആര്‍ ഇട്ടതിനെതിരെ ടോണി ചമ്മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd November 2021, 10:53 am

കൊച്ചി: ഇന്ധന വിലവര്‍ധനവിനെതിരെ ദേശീയപാത ഉപരോധിച്ചുകൊണ്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച  നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്തുവെന്ന കേസില്‍ മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണിക്കെതിരെ എഫ്.ഐ.ആര്‍.

ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ജോജുവിനെ കൈയേറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ജോജുവിന്റെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

റോഡ് ഉപരോധത്തിനിടെ നടന്‍ ജോജു ജോര്‍ജിനെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിന് നേതൃത്വം കൊടുത്തത് ടോണി ചമ്മിണിയാണെന്നുമാണ് എഫ്.ഐ.ആര്‍. കാറിന്റെ ചില്ല് തകര്‍ത്തത് കണ്ടാല്‍ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആണെന്ന് ജോജു മൊഴി നല്‍കിയിരുന്നു.

ടോണി ചമ്മണിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റര്‍ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു.

ജോജുവിനെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ല. സമരം അലങ്കോലപ്പെടുത്തിയ സമയത്ത് വികാരപരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന്റെ ദേഹത്ത് തൊട്ടിട്ടുപോലുമില്ലെന്നും ടോണി ചമ്മിണി പറഞ്ഞു.

പറയപ്പെടുന്ന കേസ് വ്യാജമാണ്. ജോജു ഇത്തരത്തിലാണ് മൊഴി നല്‍കിയിട്ടുള്ളതെങ്കില്‍ വനിതാപ്രവര്‍ത്തകരെ അധിക്ഷേപിച്ചിട്ടില്ല എന്ന് പറയുന്നതും കള്ളമാണ്.

20ഓളം വരുന്ന വനിതാപ്രവര്‍ത്തകര്‍ ഉള്ളിടത്തുകൂടിയാണ് ജോജു വന്നത്. ഉത്തരവാദപ്പെട്ട വനിതാപ്രവര്‍ത്തകര്‍ കള്ളം പറയില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ടോണി ചമ്മിണി പറഞ്ഞു. ട്രാഫിക് സുഗമമായി ക്രമീകരിക്കാന്‍ കഴിയുമായിരുന്നുവെങ്കിലും പൊലീസ് അതിന് ശ്രമിച്ചില്ലെന്നും ടോണി ചമ്മണി ആരോപിച്ചു.

ഇന്ധന വിലവര്‍ധനവിനെതിരെ ഇന്നലെ രാവിലെ 11 മണി മുതലാണ് കോണ്‍ഗ്രസ് ഇടപ്പള്ളി-വൈറ്റില ദേശീയപാത ഉപരോധിച്ചുകൊണ്ട് സമരം തുടങ്ങിയത്. സമരം തുടങ്ങിയതിന് പിന്നാലെ നൂറ് കണക്കിന് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. തന്റെ കാറിന് പിന്നാലെയായി കീമോയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഒരു കുഞ്ഞുണ്ടായിരുന്നെന്നും ഇത്തരത്തിലുള്ള നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു പറഞ്ഞിരുന്നു. ഇത്തരമൊരു സമരരീതിയല്ല നടത്തേണ്ടതെന്ന് പറഞ്ഞായിരുന്നു ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങി പ്രതിഷേധിച്ചത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തത്. ഇതിന് പിന്നാലെ ജോജു മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്നും വനിതാ നേതാക്കളെ കയ്യേറ്റം ചെയ്‌തെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.

അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജോജുവിന്റെ വിശദമായ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം