ആ നടനെ എല്ലാ സംവിധായകരും പരിഗണിക്കണം, അവനെ കാണുമ്പോള്‍ പഴയ എന്നെ ഓര്‍മ വരുന്നു: ചിയാന്‍ വിക്രം
Entertainment
ആ നടനെ എല്ലാ സംവിധായകരും പരിഗണിക്കണം, അവനെ കാണുമ്പോള്‍ പഴയ എന്നെ ഓര്‍മ വരുന്നു: ചിയാന്‍ വിക്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2024, 4:50 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തങ്കലാന്‍. പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം 1800 കാലഘട്ടിത്തില്‍ നടക്കുന്ന കഥയാണ് പറയുന്നത്. കോബ്രക്ക് ശേഷം ചിയാന്‍ വിക്രം നായകനാകുന്ന ചിത്രമാണ് തങ്കലാന്‍. ചിത്രത്തിലെ വിക്രമിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. കഥാപാത്രത്തിനായി വിക്രം ശരീരഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടന്‍ ഹരികൃഷ്ണനെക്കുറിച്ച് ചിയാന്‍ വിക്രം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. പാ. രഞ്ജിത് സംവിധാനം ചെയ്ത മദ്രാസില്‍ ജോണി എന്ന കഥാപാത്രത്തെയാണ് ഹരികൃഷ്ണന്‍ അവതരിപ്പിച്ചത്. മദ്രാസ് കണ്ടവരാരും ഹരികൃഷ്ണനെ മറക്കാനിടയില്ല. താന്‍ ഇന്നും ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ജോണിയെന്ന് വിക്രം പറഞ്ഞു.

തങ്കലാന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ തനിക്ക് ആദ്യം ഹരിയെ മനസിലായില്ലെന്നും മദ്രാസ് സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടുവെന്നും ചിയാന്‍ പറഞ്ഞു. തങ്കലാനില്‍ ഓരോ സീനിലും എങ്ങനെ വ്യത്യസ്തമായി പെര്‍ഫോം ചെയ്യാമെന്ന് ചിന്തിക്കുന്ന ഹരിയെയാണ് കണ്ടതെന്നും സേതു എന്ന സിനിമയില്‍ താന്‍ പെര്‍ഫോം ചെയ്ത അനുഭവമാണ് ഹരിയെ കണ്ടപ്പോള്‍ ഓര്‍മ വന്നെന്നും വിക്രം പറഞ്ഞു. എല്ലാ സംവിധായകരും അവനെ പരിഗണിക്കണമെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

‘തങ്കലാന്റെ സെറ്റില്‍ മൂന്നാമത്തെയോ നാലമത്തെയോ ദിവസമാണ് ഞാന്‍ ഹരിയെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഏതോ സിനിമയില്‍ കണ്ടിട്ടുണ്ടല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. ഇതിന് മുമ്പ് വേറെ ഏതെങ്കിലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് അവനോട് ചോദിച്ചു. ‘മദ്രാസില്‍ ജോണി എന്ന ക്യാരക്ടര്‍ ചെയ്തിട്ടുണ്ട്’ എന്നവന്‍ പറഞ്ഞു. എനിക്ക് ആശ്ചര്യമായി. അവനാണ് ഇതെന്ന് തിരിച്ചറിയാന്‍ പറ്റിയില്ല.

ഞാന്‍ ചെയ്ത പല സിനിമകളും എനിക്ക് ഇപ്പോള്‍ ഓര്‍മയില്ല. പക്ഷേ ജോണി എന്ന ക്യാരക്ടര്‍ ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. തങ്കലാനില്‍ ഓരോ സീനും എങ്ങനെ വ്യത്യസ്തമായി ചെയ്യാമെന്ന് ചിന്തിക്കുന്ന ഹരിയെയാണ് ഞാന്‍ കണ്ടത്. സേതു എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാനും ഇതുപോലെയായിരുന്നു. അവനെ കാണുമ്പോള്‍ പഴയ എന്നെയാണ് ഓര്‍മ വന്നത്. എല്ലാ സംവിധായകരും അവനെ പരിഗണിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്,’ വിക്രം പറഞ്ഞു.

Content Highlight: Chiyaan Vikram’s speech about actor Harikrishnan in Thangalaan movie audio launch become viral