ന്യൂദല്‍ഹി: അസാധാരണമല്ലാത്തതിനാലും കേസുകളുടെ അമിതബാഹുല്യവും കാരണം ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന് കേരള സര്‍ക്കാരിനെ സി.ബി.ഐ അറിയിച്ചു. ഈ നിലപാട് സുപ്രീംകോടതിയിലും സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സി.ബി.ഐ കേരളത്തെ തങ്ങളുടെ നിലപാട് ഔദ്യോഗികമായി അറിയിച്ചത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത്് പരിഗണിച്ച സുപ്രിംകോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.
കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.ആ കാരണങ്ങള്‍ ഇന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജിഷ്ണു കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍ ശക്തിവേല്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിച്ചു.
കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സി.ബി.ഐ നിലപാടിനെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ കേസ് സി.ബി.ഐയ്ക്കു വിടില്ല എന്നും സി.ബി.ഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.
ജിഷ്ണുവിന്റെ അമ്മയാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
സിബിഐ നിലപാട് അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് ജസ്റ്റിസുമാരായ എന്‍.വി രമണ, അമിതാവ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഷഹീര്‍ ഷൗക്കത്ത് അലി കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനോട് കോയമ്പത്തൂരില്‍ തുടരാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഇളവ് അനുവദിക്കണമെന്ന് കൃഷ്ണദാസിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എന്നും അന്വേഷണവുമായി സഹകരിച്ചതായും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ഘട്ടത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കൃഷ്ണദാസിനെ തമിഴ്‌നാട്ടിലേക്കാണ് അയച്ചതെന്നും കാട്ടിലേക്കല്ലല്ലോ എന്നും ജസ്റ്റിസ് രമണ ചോദിച്ചിരുന്നു.