കൊച്ചി: വാഗമണ്‍ ഓഫ്‌റോഡ് റേസില്‍ പങ്കെടുത്ത നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ജോജു ജോര്‍ജ്ജ് ഓഫ് റോഡ് റേസില്‍ വാഹനം ഓടിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതതിന് പിന്നാലെ ജോജുവിന് നോട്ടീസ് നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. വാഹനത്തിന്റെ രേഖകള്‍ സഹിതം ആര്‍.ടി.ഒയ്ക്ക് മുന്നില്‍ ഒരാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് ജോജു ജോര്‍ജിനോട് നിര്‍ദേശിച്ചിരിക്കുന്നത്.