തുനിഷ ശര്‍മയുടെ ആത്മഹത്യ ലവ് ജിഹാദാണെങ്കില്‍ കുടുംബത്തിന് നൂറ് ശതമാനം നീതി ലഭിക്കും: ബി.ജെ.പി എം.എല്‍.എ
national news
തുനിഷ ശര്‍മയുടെ ആത്മഹത്യ ലവ് ജിഹാദാണെങ്കില്‍ കുടുംബത്തിന് നൂറ് ശതമാനം നീതി ലഭിക്കും: ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th December 2022, 4:39 pm

മുംബൈ: സീരിയല്‍ നടി തുനിഷ ശര്‍മ ആത്മഹത്യ ചെയ്ത സംഭവം ലവ് ജിഹാദാണെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ രാം കദം.

കേസ് സമഗ്രമായി അന്വേഷിക്കും, എല്ലാ വശങ്ങളും പരിശോധിക്കും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും തുനിഷ ശര്‍മ്മയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും രാം കദം പറഞ്ഞു.

‘ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതില്‍ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ? അന്വേഷണത്തില്‍ സത്യം പുറത്തുവരും. ഇത് ലൗ ജിഹാദാണെങ്കില്‍ തുനിഷ ശര്‍മയുടെ കുടുംബത്തിന് 100 ശതമാനം നീതി ലഭിക്കും.

അതിന് പിന്നില്‍ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവര്‍ ആരാണെന്നും പൊലീസ് അന്വേഷിക്കുമെന്നും രാം കദം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയാണ് ഇരുപതുകാരിയായ തുനിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘അലിബാബ ദസ്താന്‍ ഇ കാബൂള്‍’ എന്ന ടി.വി ഷോയുടെ സെറ്റിലെ മേക്കപ്പ് റൂമില്‍ വെച്ചാണ് തുനിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിക്കുന്നതിന് തൊട്ട് മുമ്പ് സെറ്റില്‍ നിന്നുളള ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

നടിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച വെകുന്നേരമാണ് സംസ്‌കാരം.

അതേസമയം, നടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്‍ ഷീസന്‍ മുഹമ്മദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷീസാന്‍ ഖാനെതിരെ ഐ.പി.സി 306 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

തുനിഷ ശര്‍മയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടനെ പൊലീസ് ചോദ്യം ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

തുനിഷ ജീവനൊടുക്കാന്‍ കാരണം പ്രണയ തകര്‍ച്ചയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. നടിയും സഹതാരം ഷീസന്‍ മുഹമ്മദ് ഖാനുമായി പ്രണയത്തിലായിരുന്നു. 15 ദിവസം മുന്‍പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതാണ് നടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭാരത് കാ വീര്‍ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷന്‍ രംഗത്തെത്തുന്നത്. ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്, ഗബ്ബാര്‍ പൂഞ്ച് വാലാ, ഷേര്‍-ഇ-പഞ്ചാബ്: മഹാരാജാ രഞ്ജിത് സിങ്, ഇന്റര്‍നെറ്റ് വാലാ ലവ്, സുബ്ഹാന്‍ അല്ലാ തുടങ്ങിയവയാണ് അഭിനയിച്ച ശ്രദ്ധേയമായ ടെലിവിഷന്‍ പരമ്പരകള്‍.

പരമ്പരകള്‍ക്ക് പുറമേ ഏതാനും ചിത്രങ്ങളില്‍ ചെറുവേഷങ്ങളിലും തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തില്‍ കത്രീനാ കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് തുനിഷയായിരുന്നു. ഫിത്തൂര്‍, കഹാനി 2, ദബാങ് 3 എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Content Highlight: BJP MLA Alleged love jihad over actor Tunisha Sharma death