2025 IPL
ഇടിമിന്നലായി പടിക്കല്‍; വെടിക്കെട്ടില്‍ പിറന്നത് സൂപ്പര്‍ മൈല്‍സ്റ്റോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 25, 05:22 am
Friday, 25th April 2025, 10:52 am

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്‌ലിയും ദേവ്ദത്ത് പടിക്കലുമാണ്. വിരാട് 42 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 27 പന്തില്‍ നിന്ന് 50 റണ്‍സും നേടി. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സും നേടി.

വിരാടും പടിക്കലും ചേര്‍ന്ന മികച്ച കൂട്ടുകെട്ടിന്റെ ബലത്തിലാണ് ബെംഗളൂരു സ്‌കോര്‍ ഉയര്‍ത്തിയത്. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്ന തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു പടിക്കല്‍ കാഴ്ചവെച്ചത്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നാഴികകല്ല് പിന്നിടാനും പടിക്കലിന് സാധിച്ചിരിക്കുകയാണ്.

ടി-20യില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് പടിക്കലിന് സാധിച്ചത്. നിലവില്‍ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് 230 റണ്‍സാണ് പടിക്കല്‍ അടിച്ചെടുത്തത്. 61 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 32.86 എന്ന ആവറേജിലുമാണ് താരത്തിന്റെ സ്‌കോറിങ്. 156.46 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സന്ദീപ് ശര്‍മ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജോഫ്രാ ആര്‍ച്ചര്‍, വാനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

യശസ്വി ജെയ്‌സ്വാളാണ് രാജസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത്. 19 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ധ്രുവ് ജുറെല്‍ 34 പന്തില്‍ 47 റണ്‍സും നിതീഷ് റാണ 22 പന്തില്‍ 28 റണ്‍സും നേടി. ബെംഗളൂരുവിന് വേണ്ടി 33 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

സീസണില്‍ ഇതാദ്യമായാണ് ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. ഹോമില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ശേഷമാണ് ആര്‍.സി.ബി ചിന്നസ്വാമിയില്‍ വിജയം സ്വന്തമാക്കിയത്. മാത്രമല്ല ഇതിനെല്ലാം പുറമെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 50ാം വിജയമാണ് ബെംഗളൂരു സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അതേസമയം വിജയശതമാനം രാജസ്ഥാനൊപ്പമായിരുന്നിട്ടും കഴിഞ്ഞ മത്സരങ്ങളിലെ പോലെ വിക്കറ്റ് തകര്‍ച്ചയാണ് രാജസ്ഥാന് വിനയായത്. അവസാന 12 പന്തില്‍ 18 റണ്‍സായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ പരാജയം മാത്രമാണ് രാജസ്ഥാന്‍ ലഭിച്ചത്.

Content Highlight: IPL 2025: Devdutt Padikkal Complete 3000 T-20 Runs