Kerala News
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 05:19 am
Friday, 25th April 2025, 10:49 am

വയനാട്: വയനാട് എരുമക്കൊല്ലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തിൽ അടിയന്തര നടപടികളുമായി വനംവകുപ്പ്. ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. അതേസമയം ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ എത്തിക്കും.

ആനയെ മയക്കുവെടിവെക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, അതിനായി കുങ്കിയാനകളെ എത്തിച്ചിട്ടുണ്ടെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. അറുമുഖന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റ്മോ‍ർട്ടം നടപടികൾക്ക് ശേഷം അറമുഖന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. അറമുഖ്യന്റെ മരണത്തിന് പിന്നാലെ കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ റോഡ് ഉപരോധിക്കുമെന്ന് പറഞ്ഞ് നാട്ടുകാരും രം​ഗത്തെത്തി. ചന്ദന മരത്തിന് കാവൽ നിൽക്കുന്ന വനപാലകർ മനുഷ്യജീവന് സുരക്ഷയൊരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ വിമർശനം.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അറമുഖനെ കാട്ടാന ആക്രമിച്ചത്. മേപ്പാടിയിൽ നിന്ന് വീട്ടിലേക്ക് അരിയും സാധനങ്ങളുമായി മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.

റോഡിനോട് ചേർന്ന് തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇന്നലെ വൈകിട്ട് ആനയുടെ ശബ്ദം കേട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. വന മേഖലയില്‍ നിന്ന് തോട്ടത്തിലൂടെ ഇറങ്ങിവന്ന ആന അറുമുഖനെ ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.

Content Highlight: Financial assistance of Rs. 5 lakh to the family of Arumukhan, who was killed in a wild elephant attack