Advertisement
Cinema
നാഗവല്ലിയുടെ കട്ടില് കിട്ടാത്തത് കൊണ്ട് സിംഹാസനമുയര്‍ത്തി വിദ്യ ബാലന്‍; ഭൂല്‍ ഭുലയ്യ ടീസറിന് പിന്നാലെ ട്രോളുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 27, 10:16 am
Friday, 27th September 2024, 3:46 pm

മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് ചിത്രമാണ് ഭൂല്‍ ഭുലയ്യ. ടി സീരീസ് നിര്‍മിച്ച ചിത്രത്തിന്റെ ആദ്യ ഭാഗം 2007ലായിരുന്നു പുറത്തിറങ്ങിയത്. 2022ലായിരുന്നു ഭൂല്‍ ഭുലയ്യ 2 തിയേറ്ററിലെത്തിയത്.

ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മഞ്ജുലികയായി (നാഗവല്ലിയായി) വിദ്യ ബാലനും നായകനായി അക്ഷയ് കുമാറുമായിരുന്നു എത്തിയിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിലാകട്ടെ തബു, കിയാര അദ്വാനി, കാര്‍ത്തിക് ആര്യന്‍ എന്നിവരായിരുന്നു പ്രധാനവേഷത്തിലെത്തിയിരുന്നത്.

ഭൂല്‍ ഭൂലയ്യയുടെ മൂന്നാം ഭാഗത്തിനുള്ള കാത്തിരിപ്പിലാണ് പലരും. ഇപ്പോള്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസറുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മിനിറ്റും 43 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് ഇത്. വിദ്യ ബാലന്‍, കാര്‍ത്തിക് ആര്യന്‍, തൃപ്തി ദ്രിമി എന്നിവരാണ് ടീസറിലുള്ളത്.

അതേസമയം സിംഹാസനമുയര്‍ത്തി നില്‍ക്കുന്ന വിദ്യ ബാലനെ ടീസറില്‍ കാണിക്കുന്നത് കുറഞ്ഞ സമയം കൊണ്ട് തന്നെ ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ചിത്രം ഈ വര്‍ഷം ദീപാവലിക്കാണ് റിലീസിനെത്തുന്നത്. രണ്ടാം ഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനം ചെയ്യുന്നത്.

32 കോടി ബജറ്റില്‍ നിര്‍മിച്ച ഭൂല്‍ ഭുലയ്യയുടെ ഒന്നാം ഭാഗത്തിന് 82.837 കോടി കലക്ഷന്‍ നേടാന്‍ സാധിച്ചിരുന്നു. 2007ല്‍ ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ എട്ടാമത്തെ ഹിന്ദി ചിത്രമായി മാറാന്‍ ഈ സിനിമക്ക് കഴിഞ്ഞിരുന്നു. 80 കോടി ബജറ്റില്‍ ഒരുങ്ങിയ രണ്ടാം ഭാഗം 200 കോടി കളക്ഷന്‍ നേടി.

Content Highlight: Bhool Bhulaiyaa 3 Teaser Out