Football
സൂപ്പര്‍താരം ക്ലബ്ബില്‍ തിരിച്ചെത്തുന്നു; ബാഴ്‌സലോണ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 21, 08:09 am
Tuesday, 21st March 2023, 1:39 pm

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ പിയറി എമറിക്ക് ഒബമെയാങ്ങിനെ ബാഴ്‌സലോണ ഫ്രീ ഏജന്റായി സൈന്‍ ചെയ്യിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ചെല്‍സിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്.

നേരത്തെ ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ആഴ്‌സണലിലെത്തിയ ഒബമെയാങ് പരിശീലകന്‍ മൈക്കല്‍ ആര്‍ട്ടേറ്റയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ക്ലബ്ബ് വിട്ട് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബാഴ്‌സയിലെത്തിയത്. സെപ്റ്റംബറില്‍ 12 ലക്ഷം യൂറോക്ക് താരത്തെ ചെല്‍സി സ്വന്തമാക്കുകയായിരുന്നു.

ചെല്‍സി കോച്ച് ഗ്രഹാം പോട്ടറുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഒബമെയാങ് ക്ലബ്ബ് വിടുന്നതെന്നാണ് റിപ്പോര്‍ട്ട്. താരം ചെല്‍സിയിലെത്തിയതിന് ശേഷവും ബ്ലൂഗ്രാനയുമായി അടുത്ത ബന്ധം പുലര്‍ത്തുണ്ടായിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തെ ക്യാമ്പ് നൗവിലേക്ക് തിരിച്ചെത്തിക്കാന്‍ ബാഴ്‌സ ശ്രമം നടത്തുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ ഈവനിങ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്‌സലോണക്ക് പുറമെ എ.സി. മിലാനും അത്‌ലെറ്റികോ മാഡ്രിഡും താരത്തെ സ്വന്തമാക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒബമെയാങ്ങിന് ബാഴ്‌സയിലേക്ക് തിരിച്ചുപോകാനാണ് താത്പര്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സീസണില്‍ ചെല്‍സിക്കായി കളിച്ച 18 മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോള്‍ മാത്രമാണ് താരത്തിന് നേടാനായത്.

അതേസമയം സ്പാനിഷ് ലാ ലിഗ ഫുട്‌ബോളിലെ എല്‍ ക്ലാസിക്കോയില്‍ ബാഴസലോണ വിജയിച്ചിരുന്നു. റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. ബ്ലൂഗ്രാനക്കായി സെര്‍ജി റോബേര്‍ട്ടോയും ഫ്രാങ്ക് കെസിയുമാണ് വലകുലുക്കിയത്.

ഏപ്രില്‍ രണ്ടിന് എല്‍ച്ചെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Barcelona wants to sign with Pierre Emerick Aubemeyang