Sports News
കണ്ണീരണിഞ്ഞ് കടുവകള്‍; ഒടുവില്‍ അവനും ഏകദിന ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി...
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 06, 02:18 am
Thursday, 6th March 2025, 7:48 am

ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പര്‍താരം മുഷ്ഫിഖര്‍ റഹീം. ചാമ്പ്യന്‍സ് ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരം ഏകദിന ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഷ്ഫിഖര്‍ വിവരം അറിയിച്ചത്. ബംഗ്ലാദേശ് കടുവകളുടെ ഏറ്റവും പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്ററും ക്യാപ്റ്റനുമായ മുഷ്ഫിഖറിന്റെ വിടവ് ടീമിന് വലിയ തിരിച്ചടി തന്നെയാണ്.

ഫോര്‍മാറ്റില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ നേടിയ രണ്ടാമത്തെ താരമാണ് മുഷ്ഫിഖര്‍. 274 മത്സരങ്ങളില്‍ നിന്ന് ഒമ്പത് സെഞ്ച്വറികളും 49 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 36.42 ശരാശരിയില്‍ 7795 റണ്‍സാണ് മുഷ്ഫിഖര്‍ നേടിയത്. 250ല്‍ കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച അഞ്ച് വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് മുഷ്ഫിഖര്‍.

എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ അടുത്തകാലത്തായി മോശം ഫോം ആയിരുന്നു താരത്തിന്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കെതിരെ ഗോള്‍ഡന്‍ ഡക്കും ന്യൂസിലാന്‍ഡിനെതിരെ വെറും രണ്ട് റണ്‍സും മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെ ബംഗ്ലാദേശ് എ ഗ്രൂപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു.

മുഷ്ഫിഖര്‍ ഫേസ്ബുക്കില്‍ പറഞ്ഞത്

‘ഇന്ന് മുതല്‍ ഞാന്‍ ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു,’ മുഷ്ഫിഖുര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

‘എല്ലാത്തിനും അല്‍ഹംദുലില്ലാഹ്. അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ നേട്ടങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടാകാമെങ്കിലും ഒരു കാര്യം ഉറപ്പാണ്, എന്റെ രാജ്യത്തിനായി ഞാന്‍ കളത്തിലിറങ്ങിയപ്പോഴെല്ലാം, ഞാന്‍ 100 ശതമാനത്തിലധികം സമര്‍പ്പണത്തോടെയും സത്യസന്ധതയോടെയുമാണ് കളിച്ചത്.

കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്ക് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ഇതാണ് എന്റെ വിധി എന്ന് ഞാന്‍ മനസിലാക്കി. അവസാനമായി, കഴിഞ്ഞ 19 വര്‍ഷമായി എന്നെ പിന്തുണച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഞാന്‍ അഗാധമായ നന്ദി പറയുന്നു.’

2005 മുതല്‍ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച മുഷ്ഫിഖര്‍ 2006ലാണ് തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത്. ശേഷം 2011 മുതല്‍ 2018 വരെ ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഷക്കീബ് അല്‍ ഹസനില്‍ നിന്ന് ഏറ്റെടുത്തു.

 

Content Highlight: Bangladesh Wicket Keeper Batter Mushfiqur Rahim Retire From ODI Cricket