Sports News
'അടുത്ത ബുംറ', ബുംറയെ പോലെ ഞാന്‍ പന്തെറിയുന്നു എന്നാണ് ആളുകള്‍ പറയുന്നത്: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 24, 08:25 am
Friday, 24th January 2025, 1:55 pm

 

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയോടുള്ള ആരാധന വ്യക്തമാക്കുകയാണ് ഓസ്‌ട്രേലിയന്‍ 19 സൂപ്പര്‍ താരം ലില്ലി ബാസിങ്ത്‌വെയ്റ്റ്. ബുംറയുടെ ബൗളിങ് ആക്ഷന് സമാനമാണ് തന്റെ ബൗളിങ് എന്ന് ആളുകള്‍ പറയാറുണ്ടെന്ന് ബാസിങ്ത്‌വെയ്റ്റ് പറയുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.സി അണ്ടര്‍ 19 വുമണ്‍സ് ടി-20 ലോകകപ്പില്‍ തിളങ്ങുകയാണ് ബാസിങ്ത്‌വെയ്റ്റ്.

ഐ.സി.സി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച വീഡിയോയിലാണ് ബാസിങ്ത്‌വെയ്റ്റ് ബുംറയെ കുറിച്ചും തന്റെ ബൗളിങ് രീതിയെ കുറിച്ചും സംസാരിക്കുന്നത്. നിര്‍ണായക മുഹൂര്‍ത്തങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്ന ബുംറയുടെ കഴിവ് അപാരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജസ്പ്രീത് ബുംറ

 

ലില്ലി ബാസിങ്ത്‌വെയ്റ്റ്

ഓസ്‌ട്രേലിയക്കെതിരെ ബുംറ മികച്ച പ്രകടനം നടത്തുമ്പോള്‍ അതിനെ എന്ത് വിളിക്കണമെന്ന് അറിയില്ലെന്നും തമാശയായി ബാസിങ്ത്‌വെയ്റ്റ് പറഞ്ഞു.

ഏതെങ്കിലും അന്താരാഷ്ട്ര താരവുമായി നിങ്ങള്‍ക്ക് സാമ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബാസിങ്ത്‌വെയ്റ്റ്.

‘ഞാന്‍ ജസ്പ്രീത് ബുംറയുടെ പേര് പറയാന്‍ ആഗ്രഹിക്കുന്നു. കാരണം പന്തെറിയുമ്പോള്‍ അദ്ദേഹത്തിന്റെ കൈമുട്ട് മടങ്ങാറില്ല, ഹൈപ്പര്‍ എക്സ്റ്റന്‍ഡഡ് എല്‍ബോയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഞാനും ചെറുതായി അങ്ങനെ തന്നെയാണ് പന്തെറിയാറുള്ളത്. ഇതുകാരണം ഞാന്‍ പന്തെറിയുമ്പോള്‍ ജസ്പ്രീത് ബുംറയെ പോലെ അണെന്നാണ് ആളുകള്‍ പറയുന്നത്.

അദ്ദേഹത്തിന്റെ മെന്റാലിറ്റി എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹം വിക്കറ്റ് നേടാന്‍ എല്ലായ്‌പ്പോഴും വഴികള്‍ കണ്ടെത്തുന്നു. ഓസ്‌ട്രേലിയക്കെതിരെ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുന്നത് മികച്ചതാണോ എന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന്റെ പ്രകടനം കാണാന്‍ തന്നെ രസമാണ്,’ ബാസിങ്ത്‌വെയ്റ്റ് പറഞ്ഞു.

View this post on Instagram

A post shared by ICC (@icc)

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് ഓസ്‌ട്രേലിയ സൂപ്പര്‍ സിക്‌സിന് യോഗ്യത നേടിയത്. ഗ്രൂപ്പ് ഡി-യില്‍ ബംഗ്ലാദേശ്, സ്‌കോട്‌ലാന്‍ഡ്, നേപ്പാള്‍ എന്നീ ടീമുകളാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് ഡി-യില്‍ നിന്നും ബംഗ്ലാദേശും സ്‌കോട്‌ലാന്‍ഡും ഓസ്‌ട്രേലിയയ്‌ക്കൊപ്പം മുന്നോട്ടുള്ള യാത്രയ്ക്ക് യോഗ്യത നേടിയിരുന്നു.

സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 1-ല്‍ ഇന്ത്യയടക്കമുള്ള ടീമുകള്‍ക്കൊപ്പമാണ് ഓസ്‌ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും തങ്ങളുടെ എല്ലാ മത്സരങ്ങളും വിജയിച്ചിരുന്നു.

സൂപ്പര്‍ സിക്‌സില്‍ ഓരോ ടീമിന്റെയും ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും അപരാജിതരായി തുടരുകയാണ്.

ഐ.സി.സി അണ്ടര്‍ 19 വുമണ്‍സ് ടി-20 ലോകകപ്പ്

സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 1 സ്റ്റാന്‍ഡിങ്‌സ്

(ടീം – മത്സരം – ജയം – തോല്‍വി – പോയിന്റ് എന്നീ ക്രമത്തില്‍)

ഇന്ത്യ – 2 – 2 – 0 – 4

ഓസ്‌ട്രേലിയ- 2 – 2 – 0 – 4

ശ്രീലങ്ക – 2 – 1 – 1 – 2

ബംഗ്ലാദേശ് – 2 – 1 – 1 – 2

സ്‌കോട്‌ലാന്‍ഡ് – 2 – 0 – 2 – 0

വെസ്റ്റ് ഇന്‍ഡീസ് – 2 – 0 – 2 – 0

സൂപ്പര്‍ സിക്‌സ് ഗ്രൂപ്പ് 2 സ്റ്റാന്‍ഡിങ്‌സ്

(ടീം – മത്സരം – ജയം – തോല്‍വി – പോയിന്റ് എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക – 2 – 2 – 0 – 4

ഇംഗ്ലണ്ട് – 2 – 1 – 0 – 3

യു.എസ്.എ – 2 – 1 – 1 – 2

നൈജീരിയ – 2 – 1 – 1 – 2

അയര്‍ലന്‍ഡ് – 2 – 0 – 1 – 1

ന്യൂസിലാന്‍ഡ് – 2 – 0 – 2 – 0

(പോയിന്റ് പട്ടികയുടെ പൂര്‍ണരൂപവും ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ വിവരങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക)

 

Content Highlight: Australia’s U19 pacer Lily Bassingthwaight about Jasprit Bumrah