വേനലാണ്, ഓലി വിളിക്കുന്നു; ഹിമപാതങ്ങളില്‍ സ്‌കീയിങ്ങും ട്രക്കിങ്ങും മനംകവരും
Travel
വേനലാണ്, ഓലി വിളിക്കുന്നു; ഹിമപാതങ്ങളില്‍ സ്‌കീയിങ്ങും ട്രക്കിങ്ങും മനംകവരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2019, 10:36 pm

ഉത്തരാഖണ്ഡ് യാത്രകളാണെങ്കില്‍ പലര്‍ക്കും അറിയാവുന്ന സ്ഥലങ്ങള്‍ കേദാര്‍നാഥും,ബദരീനാഥുമൊക്കെയാണ്. എന്നാല്‍ ഇതൊന്നുമല്ലാത്ത വേനലില്‍ പോകേണ്ടുന്ന ഒരു അടിപൊളി സ്ഥലമുണ്ട് ഈ സംസ്ഥാനത്ത്. “ഓലി”യാണ് ഈ വിശേഷപ്പെട്ട സ്ഥലം. മഞ്ഞ്മൂടിയ മലനിരകളും ദേവദാരു വനങ്ങളുടെ അഭൗമ സൗന്ദര്യവുമൊക്കെയുള്ള ഓലിയില്‍ സ്‌കീയിങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. വേനലിലാണ് ഇ വിടെ സ്‌കീയിങ് ,ട്രക്കിങ്ങുമൊക്കെ സജീവമാകുന്നത്. വിവിധ ഏജന്‍സികള്‍ ഈ സീസണില്‍ സ്‌കീയിങ്ങിനും ട്രക്കിങ്ങിനുമൊക്കെ സംവിധാനങ്ങള്‍ ഒരുക്കുകയും പാക്കേജ് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

കൂടാതെ സ്‌കീയിങ്ങിന് താല്‍പ്പര്യമുള്ളവര്‍ക്ക് പരിശീലനവും നല്‍കുന്നു. ഹിമാലയന്‍ മലനിരകളിലെ ട്രക്കിങ് ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം കൂടിയാണ്. സാഹസികതയും സൗന്ദര്യവും ഇഴച്ചേരുന്ന നയനചാരുത പകരുന്ന കാഴ്ചകളാണ് ട്രക്കിങ് ഏരിയകളിലെ പ്രധാന പ്രത്യേകത.

 

മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള അടിപൊളി ട്രക്കിങ് റൂട്ടുമുണ്ട് ഓലിയില്‍. നന്ദദേവി,മനപര്‍വ്വതം,ദുനഗിരി എന്നിവയുടെ മനോഹര കാഴ്ച്ചകളും ട്രക്കിങിനിടെ കാണാം. സ്‌കീയിങ്ങിനായി കൃത്രിമമായി മഞ്ഞ് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ വികസിപ്പിച്ചതാണ് ഓലി കൃത്രിമ തടാകം. ഓലിയിലെ സ്‌കീയിങ് കേന്ദ്രങ്ങളില്‍ പ്രമുഖനാണ് തൃശൂല്‍ കൊടുമുടി. ഇന്തോ-തിബറ്റന്‍ അതിര്‍ത്തികളിലുള്ള ഈ സ്ഥലം ഓലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. മഞ്ഞുറഞ്ഞ തടാകങ്ങളും നിഗൂഡമായ കാടുകളും ഓരോ സഞ്ചാരികളെയും വീണ്ടും വീണ്ടും ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു.

 

സമുദ്രനിരപ്പില്‍ നിന്ന് 2800 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചമോലി ജില്ലയിലെ നന്ദപ്രയാഗ് ഹിന്ദുമതവിശ്വാസികളുടെ പുണ്യകേന്ദ്രമാണ്.ഈ പ്രദേശത്തിന് ഹിന്ദുമതാചാര പ്രകാരം ചില പ്രത്യേകതകളും ഉണ്ട്.

 

ചമോലി ജില്ലയിലെ നന്ദപ്രയാഗ് ഇരുനദികളുടെയും സംഗമസ്ഥലമാണ്. ഇവിടെയാണ് പാപമുക്തിക്കായി വിശ്വാസികള്‍ എത്തിച്ചേരുന്നത്. കൂടാതെ ഭിവിഷ്യാ ബദ്രിയും ഇവിടെയുണ്ട്. പക്ഷെ സന്ദര്‍ശിക്കണമെങ്കില്‍ കൊടുംകാടിനുള്ളിലേക്ക് പോകേണ്ടി വരുമെന്ന് മാത്രം. ബദരീനാഥ്, യോഗ് ധ്യാന്‍ ബദ്രി,ആദി ബദ്രി, വ്രിധ ബദ്രി എന്നിവയാണ് മറ്റ് പുണ്യക്ഷേത്രങ്ങള്‍.