Entertainment
എനിക്ക് എന്തെങ്കിലും ഒരു വിലയുണ്ടായിരുന്നെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യുമായിരുന്നോ എന്ന് ജിസ് എന്നോട് ചോദിച്ചു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 14, 05:24 am
Friday, 14th June 2024, 10:54 am

തലവന്‍ സിനിമയുടെ ഷൂട്ടിനിടയിലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി. സിനിമയുടെ ഷൂട്ടിനിടെ 2018ന്റെ പ്രൊമോഷന് വേണ്ടി ദുബായിലേക്ക് പോകാനുള്ളതിനാല്‍ ജിസ് ജോയ് ആ ദിവസത്തെ തന്റെ പോര്‍ഷന്‍ എത്രയും പെട്ടെന്ന് തീര്‍ക്കാന്‍ നോക്കിയെന്നും എന്നാല്‍ ഒരു ആര്‍ട്ടിസ്റ്റ് ഡയലോഗ് തെറ്റിച്ചതുകണ്ട് ജിസ് ജോയ് പൊട്ടിത്തെറിച്ചെന്നും ആസിഫ് പറഞ്ഞു.

ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ ജിസ് ജോയ് ഇതുപോലെ കൈയില്‍ നിന്ന് പോയി നില്‍ക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ആസിഫ് പറഞ്ഞു. തലവന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ബഹളം കേട്ട് ചെന്നു നോക്കിയ തന്നോട് വരെ ജിസ് ജോയ് പൊട്ടിത്തെറിച്ച് സംസാരിച്ചെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘തലവന്റെ ഷൂട്ടിനിടയില്‍ എനിക്ക് ദുബായിലേക്ക് പോകേണ്ടതുണ്ടായിരുന്നു, 2018ന്റെ പ്രൊമോഷന്‍ അവിടെയായിരുന്നു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് ഫ്‌ളൈറ്റ്. അപ്പോള്‍ എനിക്ക് വേണ്ടി ആ ദിവസത്തെ ഷൂട്ട് എത്രയും വേഗം തീര്‍ത്തു തരാനായിരുന്നു ജിസ്സിന്റെ പ്ലാന്‍. അന്നത്തെ എന്റെ സീനില്‍ ഏറ്റവും കൂടുതല്‍ ഡയലോഗ് എനിക്കായിരുന്നു. രണ്ട് രണ്ടര പേജുള്ള ഡയലോഗ് ഞാന്‍ ഒറ്റ ടേക്കില്‍ ഓക്കെയാക്കി.

ആ സീനില്‍ ബാക്കിയുള്ള ആര്‍ട്ടിസ്റ്റുകളുടെ റിയാക്ഷനും മൂന്നുപേരുടെ ഡയലോഗും മാത്രമേ എടുക്കാന്‍ ഉണ്ടായിരുന്നുള്ളൂ. എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലത്തതുകൊണ്ട് ഞാന്‍ അപ്പുറത്തുള്ള റൂമില്‍ പോയി ഇരുന്നു. ആദ്യത്തെ രണ്ടുപേരുടെ ഡയലോഗും സിമ്പിളായി എടുത്തുകഴിഞ്ഞു. മൂന്നാമത്തെ ആള് വന്നപ്പോഴാണ് പ്രശ്‌നം തുടങ്ങിയത്.

എത്ര ടേക്ക് എടുത്തിട്ടും ആ പുള്ളി ഡയലോഗ് ശരിയായിട്ട് പറയുന്നില്ല. ജിസ്സിന് ഇത് കണ്ടിട്ട് ദേഷ്യം വന്നു. ഞാന്‍ ആ സമയം അപ്പുറത്തെ റൂമിലിരുന്ന് പ്രൊമോഷന് വേണ്ടിയുള്ള സെല്‍ഫി വീഡിയോ എടുക്കുകയായിരുന്നു, പെട്ടെന്ന് ജിസ്സിന്റെ ബഹളം കേട്ടു. ജിസ് ജോയ് സിനിമയുടെ ആമ്പിയന്‍സ് ഇതല്ലല്ലോ എന്ന് ആലോചിച്ച് ഞാന്‍ അപ്പുറത്തെ റൂമില്‍ ചെന്നു.

അവിടെയെത്തിയപ്പോള്‍ ആകെ മൊത്തം കൈയില്‍ നിന്ന് പോയിരിക്കുന്ന ജിസ്സിനെയാണ് ഞാന്‍ കാണുന്നത്. എന്റെയടുത്തേക്ക് വന്നിട്ട് ‘ആസിഫേ, എന്തും ഞാന്‍ സഹിക്കും, പക്ഷേ ഡയലോഗ് തെറ്റിക്കരുത്. അവന് ഞാന്‍ രാവിലെ ഡയലോഗ് കൊടുത്തതാണ്. എനിക്ക് എന്തെങ്കിലും ഒരു വിലയുണ്ടായിരുന്നെങ്കില്‍ അവന്‍ ഇങ്ങനെ ഡയലോഗ് തെറ്റിക്കുമായിരുന്നോ?

അവന്‍ എന്നെ ചീത്ത വിളിച്ചോട്ടെ, എന്റെ കൈയില്‍ നിന്ന് പൈസ കടം വാങ്ങി മുങ്ങിക്കോട്ടെ, എനിക്ക് കുഴപ്പമില്ല, പക്ഷേ ഡയലോഗ് തെറ്റിക്കരുത്,’ എന്നൊക്കയാണ് ജിസ് ജോയ് പറഞ്ഞത്. എന്റെ ഇത്രയും വര്‍ഷത്തെ അനുഭവത്തില്‍ ജിസ്സിനെ ഇതുപോലെ കൈയില്‍ നിന്ന് പോയിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif Ali shares the funny incident during the shoot of Thalavan