സച്ചിന്‍ നേടിയതിന്റെ ഇരട്ടി, അതും പകുതി മത്സരത്തില്‍, ഇനി ലക്ഷ്യം മുത്തയ്യ; ഇതിഹാസങ്ങളെ വെട്ടി ഇതിഹാസമാകാന്‍ അശ്വിന്‍
Sports News
സച്ചിന്‍ നേടിയതിന്റെ ഇരട്ടി, അതും പകുതി മത്സരത്തില്‍, ഇനി ലക്ഷ്യം മുത്തയ്യ; ഇതിഹാസങ്ങളെ വെട്ടി ഇതിഹാസമാകാന്‍ അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st August 2024, 1:00 pm

വളരെ തിരക്കുപിടിച്ച ക്രിക്കറ്റ് കലണ്ടറാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. ഈ വര്‍ഷം തന്നെ അഞ്ച് പരമ്പരകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്, അതില്‍ മൂന്നെണ്ണം ടെസ്റ്റ് പരമ്പരകളും.

ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുക. ബംഗ്ലാദേശും ന്യൂസിലാന്‍ഡും ഇന്ത്യയില്‍ പര്യടനം നടത്തുമ്പോള്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യ കങ്കാരുക്കളുടെ തട്ടകത്തിലേക്ക് പറക്കും.

ഈ പരമ്പരകളില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ അശ്വിന്റെ കരുത്താണ് ഇന്ത്യന്‍ നിരയെ കൂടുതല്‍ ശക്തമാക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളിലും ഓവര്‍സീസ് സാഹചര്യങ്ങളിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന അശ്വിന്‍ എതിരാളികള്‍ക്ക് മേല്‍ നാശം വിതയ്ക്കുമെന്ന് ഉറപ്പാണ്.

 

നിര്‍ണായകമായ പരമ്പരകള്‍ക്കിറങ്ങും മുമ്പ് അശ്വിനെ വമ്പന്‍ നേട്ടങ്ങളും കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയിലെ ഒന്നാം സ്ഥാനമെന്ന തകര്‍പ്പന്‍ റെക്കോഡാണ് അശ്വിന്റെ പേരില്‍ കുറിക്കപ്പെടുക. ഇതിനായി ഒരിക്കല്‍ക്കൂടി അശ്വിന് പരമ്പരയുടെ താരമായാല്‍ മതി.

ഇതുവരെ കളിച്ച 41 പരമ്പരകളില്‍ നിന്നും 10 തവണയാണ് അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 61 പരമ്പരയില്‍ നിന്നും 11 തവണ ഈ നേട്ടം സ്വന്തമാക്കിയ ഇതിഹാസ താരം മുത്തയ്യ മുരളീധരന്‍ മാത്രമാണ് അശ്വിന് മുമ്പിലുള്ളത്.

ഇനിയുള്ള പരമ്പരകളില്‍ നിന്ന് ഒരു തവണ കൂടി ഈ നേട്ടം സ്വന്തമാക്കിയാല്‍ മുരളീധരനൊപ്പമെത്താനും മറ്റൊരു തവണ കൂടി പരമ്പരയുടെ താരമായാല്‍ മുരളിയെ മറികടക്കാനും അശ്വിന് സാധിക്കും.

ടെസ്റ്റില്‍ ഇതുവരെ ഒമ്പത് തവണയാണ് അശ്വിന്‍ കളിയിലെ താരമായത്. പ്ലെയര്‍ ഓഫ് ദി മാച്ചിനേക്കാള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് നേടിയ അപൂര്‍വം കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അശ്വിന്‍.

 

ടെസ്റ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങള്‍

(താരം – ടീം – മത്സരം – പരമ്പര – പി.ഒ.ടി.എസ് പുരസ്‌കാരം എന്നീ ക്രമത്തില്‍)

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 133 – 61 – 11

ആര്‍. അശ്വിന്‍ – ഇന്ത്യ – 100 – 41 – 10

ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – 166 – 61 – 9

ഇമ്രാന്‍ ഖാന്‍ – പാകിസ്ഥാന്‍ – 88 – 28 – 9

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – ന്യൂസിലാന്‍ഡ് – 86 – 33 – 8

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ -ല 145 – 46 – 8

വസീം അക്രം – പാകിസ്ഥാന്‍ – 145 – 46 – 7

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ – വെസ്റ്റ് ഇന്‍ഡീസ് – 104- 43 – 7

ഇന്ത്യന്‍ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഏറെ മുമ്പിലാണ് അശ്വിന്റെ സ്ഥാനം. അശ്വിന്റെ ഇരട്ടി ടെസ്റ്റ് മത്സരങ്ങളും ഇരട്ടിയോളം പരമ്പരകളും കളിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള താരങ്ങള്‍ക്കൊന്നും അശ്വിന്റെ അടുത്തുപോലും എത്താന്‍ സാധിച്ചിട്ടില്ല.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – മത്സരം – പരമ്പര – പി.ഒ.ടി.എസ് പുരസ്‌കാരം എന്നീ ക്രമത്തില്‍)

ആര്‍. അശ്വിന്‍ – 100 – 41 – 10

വിരേന്ദര്‍ സേവാഗ് – 104 – 39 – 5

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 200 – 74 – 5

കപില്‍ ദേവ് – 131 – 39 – 4

 

Content highlight: Ashwin could join Muttiah Muralitharan if he wins the Player of the Series award once more