ഷൂട്ടില്ലാത്ത സമയത്ത് പോലും അയാളുടെ അഭിനയം കാണാന്‍ വേണ്ടി ഞാനും കാളിദാസും രായന്റെ സെറ്റില്‍ പോകുമായിരുന്നു: അപര്‍ണ ബാലമുരളി
Entertainment
ഷൂട്ടില്ലാത്ത സമയത്ത് പോലും അയാളുടെ അഭിനയം കാണാന്‍ വേണ്ടി ഞാനും കാളിദാസും രായന്റെ സെറ്റില്‍ പോകുമായിരുന്നു: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 3:29 pm

മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തന്‍ മലയാളസിനിമക്ക് സമ്മാനിച്ച നായികയാണ് അപര്‍ണ ബാലമുരളി. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലും തമിഴിലും ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അപര്‍ണക്ക് സാധിച്ചു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് താരം നേടി.

ധനുഷിന്റെ അമ്പതാമത് ചിത്രമായ രായനാണ് അപര്‍ണയുടെ പുതിയ പ്രൊജക്ട്. ധനുഷ് സംവിധാനം ചെയ്യുന്ന ചിത്ത്രതിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അപര്‍ണ. ഷൂട്ട് തുടങ്ങി വളരെ പെട്ടെന്ന് തന്നെ താനും കാളിദാസും ധനുഷുമായി വല്ലാതെ അടുത്തെന്ന് അപര്‍ണ പറഞ്ഞു. ഓരോ സീനിലേക്കും ഇറങ്ങി ചെന്ന് എല്ലാം ശ്രദ്ധിക്കുന്ന ഒരു സംവിധായകനെയാണ് ധനുഷില്‍ കണ്ടതെന്ന് താരം പറഞ്ഞു.

എസ്.ജെ സൂര്യയുള്ള സീനുകള്‍ ഷൂട്ട് ചെയ്യുന്നത് കാണാന്‍ നല്ല രസമായിരുന്നുവെന്ന് അപര്‍ണ പറഞ്ഞു. ഓരോ സീനും ധനുഷ് എസ്.ജെ. സൂര്യക്ക് പറഞ്ഞുകൊടുക്കുന്നത് നോക്കിയിരിക്കാറുണ്ടായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷൂട്ട് ഇല്ലാത്ത സമയമാണെങ്കില്‍ പോലും താനും കാളിദാസും എസ്.ജെ സൂര്യയുടെ അഭിനയം കാണാന്‍ വേണ്ടി സെറ്റില്‍ പോകുമായിരുന്നെന്നും അപര്‍ണ പറഞ്ഞത്. വണ്ടര്‍വാള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘ഓഡിഷനൊന്നുമില്ലാതെ നേരിട്ട് എന്നെ ഈ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ പ്രൊഡക്ഷന്‍, ധനുഷിന്റെ സംവിധാനം എന്നൊക്കെ കേട്ടപ്പോള്‍ ഒന്നും നോക്കാന്‍ നിന്നില്ല. ഷൂട്ട് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഞാനും കാളിദാസും ധനുഷ് സാറുമായി നല്ല കമ്പനിയായി. ധനുഷിന്റെ പിള്ളേര്‍ എന്ന ലെവലിലേക്ക് ഞാനും കാളിയും എത്തിയെന്ന് പറയുന്നതാണ് ശരി.

എസ്.ജെ. സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നീ ഡയറക്ടേഴ്‌സ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എസ്.ജെ. സൂര്യ സാറിന്റെ പെര്‍ഫോമന്‍സ് നേരിട്ട് കാണുന്ന ഫീല്‍ ഒന്ന് വേറെയാണ്. ഷൂട്ട് ഇല്ലെങ്കില്‍ പോലും ഞാനും കാളിദാസും സെറ്റില്‍ പോയി ഇരിക്കും. ധനുഷ് സാര്‍ എസ്.ജെ. സൂര്യ സാറിന് സീന്‍ പറഞ്ഞുകൊടുക്കുന്നത് കാണാന്‍ വേണ്ടിയാണ് പോകുന്നത്,’ അപര്‍ണ പറഞ്ഞു.

Content Highlight: Aparna Balamurali about shooting experience of Raayan movie