Advertisement
national news
പഹല്‍ഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് സമ്മതിച്ച് അമിത് ഷാ: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
3 days ago
Thursday, 24th April 2025, 9:52 pm

ന്യൂദല്‍ഹി: പഹല്‍ഗാമില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മതിച്ചുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. സര്‍വകക്ഷി യോഗത്തിലായിരുന്നു അമിത് ഷായുടെ വിശദീകരണമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഒന്നും സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നല്ലോയെന്നും എവിടെയോ വീഴ്ച സമ്മതിച്ചിട്ടുണ്ടെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നും യോഗത്തില്‍ അമിത് ഷാ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പഹല്‍ഗാമില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഭീകരാക്രമണത്തെ കുറിച്ച് സംസാരിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കാനുമാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്.

സര്‍വകക്ഷി യോഗത്തില്‍ സുരക്ഷ വീഴ്ചയെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിച്ചു. സുരക്ഷ സേന എവിടെയായിരുന്നുവെന്നും റിസര്‍വ് പൊലീസ് എവിടെയായിരുന്നുവെന്നും നേതാക്കള്‍ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഭീകരതയ്‌ക്കെതിരെ ഇന്ത്യ ഐക്യത്തോടെ പോരാടുമെന്ന് എല്ലാ കക്ഷികളും സമ്മതിച്ചതായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സര്‍ക്കാര്‍ നടപടികളില്‍ എല്ലാ പാര്‍ട്ടികളും യോജിക്കുമെന്നും യോഗം നല്ല രീതിയിലാണ് അവസാനിച്ചതെന്നും റിജിജു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഴികെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ജെ. പി നദ്ദ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തുടങ്ങിയ നിരവധി നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.

Content Highlight: Amit Shah admits security lapse in Pahalgam: Report