ഇന്ത്യ -വെസ്റ്റ് ഇന്‍ഡീസ് അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ഈ മത്സരവും വിജയിച്ചുകൊണ്ട് പരമ്പരയില്‍ മേല്‍ക്കൊയ്മ നേടാനാകും ശ്രമിക്കുക. ആദ്യ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം ചോദിച്ച് പരമ്പരയില്‍ തിരിച്ചുവരവ് നടത്താനായിരിക്കും വിന്‍ഡീസ് ശ്രമിക്കുക.
ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ കാര്യമായ ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിക്കാത്ത താരങ്ങളാണ് ഹര്‍ദിക് പാണ്ഡ്യയും റിഷബ് പന്തും ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഹീറോയാകും എന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്രയുടെ അഭിപ്രായം. മത്സരത്തില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്നും അദ്ദേഹം പ്രെഡിക്റ്റ് ചെയ്തു.
ഇന്ത്യന്‍ ടീമിലെ പ്രാധാന മാച്ച് വിന്നേഴ്‌സാണ് ഹര്‍ദിക്കും പന്തും. തങ്ങളുടെ ദിവസങ്ങളില്‍ ഇരുവര്‍ക്കും ഒറ്റക്ക് മത്സരം വിജയിപ്പിക്കാന്‍ സാധിക്കും. ഇരുവരില്‍ നിന്നും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീം എപ്പോഴും പ്രതീക്ഷിക്കാറുണ്ട്.
ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും രണ്ടാം മത്സരത്തില്‍ ഇരുവരും മികച്ച പ്രകടനത്തോടെ 65 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് ആകാശ് ചോപ്രായുടെ പ്രെഡിക്ഷന്‍.
‘ഹാര്‍ദിക്കും പന്തും 65 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യും. കഴിഞ്ഞ മത്സരത്തില്‍ അവര്‍ വെടിയുതിര്‍ത്തില്ലെങ്കിലും ഇന്നത്തെ മത്സരത്തില്‍ അവര്‍ അടിച്ചു തകര്‍ക്കും,’ ചോപ്ര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.
വെസ്റ്റ് ഇന്‍ഡീസിനായി അലസാരി ജോസഫും ജെയ്‌സണ്‍ ഹോള്‍ഡറും ചേര്‍ന്ന് മൂന്ന് വിക്കറ്റ് നേടുമന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തില്‍ ഇരുവരും ചേര്‍ന്ന് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ഇരുവരും മികച്ച ബൗളര്‍മാരാണെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
രണ്ടാം മത്സരത്തിലും ഇന്ത്യ ആധികാരികമായി വിജയിക്കുമെന്ന് പറഞ്ഞുകൊണ്ട് ആകാശ് ചോപ്ര അവസാനിപ്പിച്ചു. നേരത്തെ ഇന്ത്യന്‍ ടീം ഓപ്പണിങ്ങില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തില്ലെന്ന് പറഞ്ഞിരുന്നു. അക്കാരണത്താല്‍ സഞ്ജു സാംസണ്‍ ഓപ്പണിങ് പൊസിഷനില്‍ നിന്നുള്ള മത്സരത്തില്‍ നിന്നും പുറത്തായെന്നും അദ്ദേഹം പറഞ്ഞിരുന്നു.