തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ കോളേജ് പഠനക്കാലത്ത് അര്‍ധ നഗ്നനായി നടത്തിച്ചിട്ടുണ്ടെന്ന് മുന്‍മന്ത്രിയും സി.പി.ഐ.എം. നേതാവുമായ എ.കെ. ബാലന്. ഇതിന് എം.എന്‍. വിജയന് സാക്ഷിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘സുധാകരന് മറുപടി നല്കാന് പിണറായി വിജയന് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. സ്വഭാവഹത്യയായതിനാലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്, ‘ ബാലന് പറഞ്ഞു.
പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന് ശ്രമിച്ചത് യാഥാര്‍ഥ്യമാണെന്നും ബാലന് പറഞ്ഞു. കോളേജില്‍ പിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്രണ്ണന്‍ കോളേജില്‍ തന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണെന്നും ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകുമെന്നുമായിരുന്നു പിണറായിയുടെ പരാമര്‍ശത്തിന് സുധാകരന്റെ പ്രതികരണം.
അതേസമയം പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ. സുധാകരന്റെ അവകാശവാദത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന് പറഞ്ഞത്.
‘എന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. ഞാന്‍ അങ്ങനെയൊരു സംഭവം കേട്ടിട്ടുമില്ല,’ മമ്പറം ദിവാകരന് പറഞ്ഞു.
മനോരമ ആഴ്ചപ്പതിപ്പിന് നല്കിയ അഭിമുഖത്തിലായിരുന്നു ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്ത് താന്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എ.കെ. ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞത്.
എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് പിണറായി വിജയന് രംഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജയനെ ചവിട്ടി വീഴ്ത്താമെന്ന മോഹം സുധാകരനുണ്ടായിരിക്കാമെന്നും എന്നാല്‍ അതിനാകില്ലെന്ന് സ്വന്തം അനുഭവം കൊണ്ട് തന്നെ അദ്ദേഹത്തിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ശനിയാഴ്ച സുധാകരന്റെ വിശദീകരണം.