റൊണാള്‍ഡോയില്ലാതെ ഇറങ്ങി, സമനിലക്കുരുക്കില്‍ രണ്ട് പോയിന്റ് നഷ്ടപ്പെടുത്തി; തോല്‍വിയറിയാതെ ഒന്നാമത്
Sports News
റൊണാള്‍ഡോയില്ലാതെ ഇറങ്ങി, സമനിലക്കുരുക്കില്‍ രണ്ട് പോയിന്റ് നഷ്ടപ്പെടുത്തി; തോല്‍വിയറിയാതെ ഒന്നാമത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th December 2023, 9:32 am

 

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിനെ സമനിലയില്‍ കുരുക്കി ഇസ്തിക്ലോല്‍. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ റിപ്പബ്ലിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരുവരും സമനിലയില്‍ പിരിഞ്ഞത്.

സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇല്ലാതെയാണ് അല്‍ നസര്‍ കളത്തിലിറങ്ങിയത്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ അല്‍ നസര്‍ പരിശീലകന്‍ ലൂയീസ് കാസ്‌ട്രോ തന്റെ പടയാളികളെ കളത്തില്‍ വിന്യസിച്ചപ്പോള്‍ 3-4-3 എന്ന ഫോര്‍മേഷനാണ് ഹോം ടീം അവലംബിച്ചത്.

ആദ്യ പകുതിയിലെ 32ാം മിനിട്ടില്‍ അലിഷര്‍ ദലിലോവിലൂടെ ഇസ്തിക്ലോല്‍ ഗോള്‍ നേടി. ഇതോടെ സെന്‍ട്രല്‍ റിപ്പബ്ലിക് സ്റ്റേഡിയം ഒന്നാകെ ആവേശത്തിലായിരുന്നു. ആദ്യ ഗോള്‍ വീണതോടെ ഗോള്‍ മടക്കാനായി അല്‍ നസറിന്റെ ശ്രമം. എന്നാല്‍ ആദ്യ പകുതി ഒരു ഗോളിന്റെ ലീഡോടെ അവസാനിപ്പിക്കാന്‍ ഇസ്തിക്ലോലിനായി.

രണ്ടാം പകുതി ആരംഭിച്ച് അഞ്ചാം മിനിട്ടില്‍ തന്നെ അല്‍ നസര്‍ ഗോള്‍ മടക്കി. അബ്ദുള്‍ റഹ്‌മാന്‍ ഗാരിബാണ് സമനില ഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് രണ്ട് ടീമിന്റെയും ഗോള്‍മുഖം പല വട്ടം ആക്രമണ ഭീഷണി നേരിട്ടെങ്കിലും ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ ഇസ്തിക്ലോലും അല്‍ നസറും ഓരോ പോയിന്റ് പങ്കുവെച്ച് പിരിഞ്ഞു.

ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഗ്രൂപ്പ് ഇ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് തുടരാനും അല്‍ നസറിനായി. ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് അല്‍ നസര്‍ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതായി തുടരുന്നത്.

ആറ് മത്സരത്തില്‍ നിന്നും നാല് ജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 14 പോയിന്റാണ് സൗദിയുടെ മഞ്ഞപ്പടയ്ക്കുള്ളത്.

ആറ് മത്സരത്തില്‍ നിന്നും രണ്ട് വീതം ജയവും തോല്‍വിയും സമനിലയുമായി എട്ട് പോയിന്റോടെ പെര്‍സപൊലിസാണ് രണ്ടാമത്.

സൗദി പ്രോ ലീഗിലാണ് അല്‍ നസറിന്റെ അടുത്ത മത്സരം. പോയിന്റ് പട്ടികയില്‍ 13ാം സ്ഥാനത്തുള്ള അല്‍ റിയാദാണ് എതിരാളികള്‍.

 

ശേഷം ഡിസംബര്‍ 11ന് അല്‍ നസര്‍ വീണ്ടും കളത്തിലിറങ്ങും. കിങ് ഓഫ് ചാമ്പ്യന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനലാണ് അല്‍ നസര്‍ കളിക്കുക. അല്‍ ഷബാബ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ അല്‍ ഷബാബാണ് എതിരാളികള്‍.

 

Content Highlight: AFC Champions League,  Al Nassr vs Istiklol match ended in tie