ഫഹദ് ഫാസിലിനേയും നിമിഷ സജയനേയും പ്രധാനകഥാപാത്രങ്ങളാക്കി സംവിധാനയകന് മഹേഷ് നാരായണന് ഒരുക്കുന്ന ചിത്രമാണ് മാലിക്. സംവിധായകന് ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മാലിക് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ തനിക്ക് സാധിച്ചിരുന്നില്ലെന്നും ഫഹദ് ഫാസില്‍ ഉള്‍പ്പെടെയുള്ള സഹതാരങ്ങള്‍ തനിക്ക് ആ ഘട്ടത്തില്‍ നല്കിയ സപ്പോര്‍ട്ട് വലുതായിരുന്നെന്നും പറയുകയാണ് നടി നിമിഷ സജയന്. ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് മാലിക് ഷൂട്ടിങ് അനുഭവം നിമിഷ പങ്കുവെച്ചത്.
‘ മാലിക്കില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരിക്കും ആ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ എനിക്ക് പറ്റുന്നില്ലായിരുന്നു. അപ്പോള്‍ ഫഹദിക്ക പറഞ്ഞു,’ആ സീന്‍ നമുക്ക് ഒന്നുകൂടി നോക്കാം. നിമിഷയ്ക്ക് ഇനിയും ചെയ്യാന്‍ പറ്റും’.
എന്റെ പെര്‍ഫോമന്‍സ് നന്നാവാന്‍ എത്ര തവണ വേണമെങ്കിലും ഓരോ സീനും ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. നിമിഷ ചെയ്തത് ശരിയായില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. ഇനിയും നന്നായി ചെയ്യാനാവും എന്ന് മാത്രമേ ഫഹദിക്ക പറയാറുള്ളൂ. അത് വലിയ കാര്യമാണ്.