ബംഗാളിൽ ആധാർ കാർഡുകൾ ഡിആക്ടിവേറ്റായി; എൻ.ആർ.സി നടപ്പാക്കുന്നുവെന്ന് മമത, സാങ്കേതിക തകരാറെന്ന് ബി.ജെ.പി
national news
ബംഗാളിൽ ആധാർ കാർഡുകൾ ഡിആക്ടിവേറ്റായി; എൻ.ആർ.സി നടപ്പാക്കുന്നുവെന്ന് മമത, സാങ്കേതിക തകരാറെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th February 2024, 6:55 pm

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എസ്.സി, എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആധാർ കാർഡുകൾ ഡിആക്ടിവേറ്റ് ചെയ്യുന്നുവെന്ന ആരോപണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

എൻ.ആർ.സി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡുകൾ ഡിആക്ടിവേറ്റ് ചെയ്യുന്നതെന്നും മമത പറഞ്ഞു.

വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളോട് മമത പറഞ്ഞു.

‘എന്തുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്രയധികം ആധാർ കാർഡുകൾ ഡിആക്ടിവേറ്റ് ചെയ്തത്? മതുവ വിഭാഗത്തിലെ മിക്ക ആളുകളുടെയും ആധാർ കാർഡുകൾ നിർജീവമായി. എസ്.ടി, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആധാറും നിർജീവമായിട്ടുണ്ട്,’ മമത പറഞ്ഞു.

ബി.ജെ.പിയുടെ കളികൾ മതുവ സമുദായവും എസ്.സി, എസ്.ടി വിഭാഗവും മനസ്സിലാക്കുമെന്ന് കരുതുന്നുവെന്നും ആധാർ കാർഡ് നിർജീവമായവർക്ക് ബദൽ തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും മമത പ്രഖ്യാപിച്ചു.

ആധാർ കാർഡുകൾ ഇല്ലാത്തതുകൊണ്ട് ആർക്കും സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പരിരക്ഷ ലഭിക്കാതിരിക്കില്ലെന്നും മമത പറഞ്ഞു.

‘ ബംഗാളിൽ ഡിറ്റൻഷൻ ക്യാമ്പുകളും എൻ.ആർ.സിയും അനുവദിക്കില്ലെന്ന് വ്യക്തമായി ഞാൻ പറയുന്നു. ഈ നീക്കത്തിനു പിന്നിലുള്ള അവരുടെ ഉദ്ദേശം എന്താണ്? മതുവയുടെയും എസ്.സി, എസ്.ടി വിഭാഗങ്ങളുടെയും ആധാർ കാർഡുകൾ നിർജീവമാക്കിയിട്ട് സംസ്ഥാന സർക്കാരിനെയും ജില്ലാ ഭരണകൂടത്തെയോ വിവരമറിയിച്ചിട്ടില്ല,’ മമത പറഞ്ഞു.

അതേസമയം ആധാർ കാർഡുകൾ ഡിആക്ടിവേറ്റ് ആയത് സാങ്കേതിക തകരാർ മൂലമാണെന്നും ഉടൻതന്നെ ആധാർ നമ്പറുകൾ തിരിച്ച് ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ശന്തനു താക്കൂർ അറിയിച്ചു.

24 മണിക്കൂറിനകം ആധാർ കാർഡുകൾ ആക്ടിവേറ്റ് ചെയ്യപ്പെടുമെന്ന് പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്സിലുടെ അറിയിച്ചു.

ആധാർ നമ്പറുകളൊന്നും നിരസിക്കപ്പെട്ടിട്ടില്ലെന്ന് യു.ഐ.ഡി.എ.ഐ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും അധികാരി കുറ്റപ്പെടുത്തി.

Content Highlight: Aadhaar cards of SC, STs, minorities getting deactivated before LS polls: Mamata