World News
നിങ്ങളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു; മൈക്രോസോഫ്റ്റ് വാര്‍ഷികാഘോഷത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 03:54 pm
Saturday, 5th April 2025, 9:24 pm

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റിന്റെ 50ാം വാര്‍ഷിക പരിപാടി തടസപ്പെടുത്തി ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാരായ കമ്പനി ജീവനക്കാര്‍. ഇസ്രഈല്‍ സൈന്യത്തിന് എ.ഐ സാങ്കേതികവിദ്യ നല്‍കുന്നതിനുള്ള സാങ്കേതിക വ്യവസായത്തിനെതിരായ തിരിച്ചടിയാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൈക്രോസോഫ്റ്റ് എ.ഐ സി.ഇ.ഒ മുസ്തഫ സുലൈമാന്‍ കമ്പനിയുടെ എ.ഐ അസിസ്റ്റന്റ് ഉത്പ്പന്നമായ കോപൈലറ്റിനായുള്ള ഉല്‍പ്പന്ന അപ്ഡേറ്റുകള്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്.

നിങ്ങള്‍ യുദ്ധത്തില്‍ ലാഭം കൊയ്യുന്ന ആളാണെന്നും വംശഹത്യയ്ക്കായി എ.ഐ ഉപയോഗിക്കുന്നത് നിര്‍ത്തൂവെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ എല്ലാ കൈകളിലും രക്തം പുരണ്ടിട്ടുണ്ടെന്നും ജീവനക്കാരിയായ അബൂസാദ് പറഞ്ഞു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സും മുന്‍ സി.ഇ.ഒ സ്റ്റീവ് ബാല്‍മറും ഉള്‍പ്പെട്ട സദസിലായിരുന്നു ഫലസ്തീന്‍ അനുകൂല ജീവനക്കാര്‍ പ്രതിഷേധം നടത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്നന്നേക്കുമായി ഉപയോഗിക്കുന്നതില്‍ നിങ്ങള്‍ക്ക് താത്പ്പര്യമുണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുമ്പോഴും ഇസ്രഈല്‍ സൈന്യത്തിന് ആയുധങ്ങള്‍ വില്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പ്രതിഷേധത്തിനിടെ ഫലസ്തീനിന് പിന്തുണ പ്രഖ്യാപിച്ച് കഫിയ പ്രതിഷേധക്കാര്‍ വേദിയിലേക്ക് എറിയുകയും ഇതിന് പിന്നാലെ പ്രതിഷേധക്കാരെ അധികൃതര്‍ പുറത്താക്കുകയും ചെയ്യുകയായിരുന്നു.

മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് നടന്ന ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിഷേധിച്ച രണ്ട് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൈക്രോസോഫ്റ്റ് ജീവനക്കാരായ ഇബ്തിഹാല്‍ അബൂസാദ്, വാണിയ അഗര്‍വാള്‍ എന്നിവരെയാണ് പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് ചില ജീവനക്കാരും പരിപാടിക്ക് പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പിന്നാലെ ബിസിനസ്സിന് തടസമുണ്ടാകാത്ത വിധത്തില്‍ പ്രതിഷേധിക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതായി കമ്പനി അധികൃതര്‍ പ്രതികരിച്ചു. തടസമുണ്ടായാല്‍ പങ്കെടുക്കുന്നവരോട് സ്ഥലം മാറാന്‍ തങ്ങള്‍ ആവശ്യപ്പെടുമെന്നും ബിസിനസ് രീതികള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.

Content Highlight:  “You have blood on your hands”: Pro-Palestinian employees protest Microsoft anniversary celebration