1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. ഹാസ്യ നടനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകാന്‍ ജഗദീഷിന് കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രം തിളങ്ങിയിരുന്ന അദ്ദേഹം സീരിയസ് കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍. അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, മാര്‍ക്കോ, കിഷ്‌കിന്ധ കാണ്ഡം എന്നീ സിനിമകളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നവാഗതനായ നിതീഷ് സഹദേവിന്റെ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫാലിമി. ബേസില്‍ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ വാരണാസിയിലേക്കുള്ള യാത്രയും, ആ യാത്രയില്‍ നിന്ന് അവര്‍ നേടുന്ന തിരിച്ചറിവുകളുമൊക്കെയാണ് ചിത്രത്തിന്റെ കഥാ പശ്ചാത്തലം.
സിനിമയില്‍ ബേസില്‍ ജോസഫിന്റെ അച്ഛന്‍ കഥാപാത്രമായാണ് ജഗദീഷ് വേഷമിട്ടത്. ഒരിടവേളയ്ക്ക് ശേഷം ഏറെ സ്‌ക്രീന്‍ പ്രസന്‍സോടെ ജഗദീഷിനെ കാണാന്‍ സാധിച്ച ചിത്രം കൂടെയായിരുന്നു ഫാമിലി.
ഇപ്പോള്‍ ഫാലിമിയിലെ തന്റെ വേഷത്തെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.
താന്‍ ശാരീരികമായി കൂടുതല്‍ ബുദ്ധിമുട്ട് എടുത്ത വേഷമാണ് ഫാലിമിയിലെ വേഷമെന്നും ആ സിനിമയില്‍ ട്രെയ്‌നിന്റെ പുറകേ താന്‍ ഓടേണ്ടി വന്നിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. ഒരുപാട് ഷേയ്ഡ്‌സുള്ള കഥാപാത്രമാണ് ഫാലിമിയിലെയെന്നും തനിക്ക് ഏറെ ഇഷ്ടപ്പെട്ട വേഷമാണ് അതെന്നും ജഗദീഷ് പറയുന്നു. ഒര്‍ജിനല്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അടുത്തക്കാലത്ത് ഫിസിക്കലായി ഏറ്റവും കൂടുതല്‍ സ്‌ട്രെയ്ന്‍ എടുത്ത വേഷം ഫാലിമിയിലെ വേഷമാണ്. അതില്‍ ട്രെയ്‌നിന്റെ പിന്നാലെ ഓടേണ്ടി വന്നിട്ടുണ്ട്. ബേസിലിന്റെ കൂടെ കുറെ ഓടേണ്ടി വന്നിട്ടുണ്ട്. അവിടെ ഫിസിക്കലായിട്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. ആ സിനിമയിലെ കഥാപാത്രത്തിന് ഒരുപാട് ഇമോഷന്‍സുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ട വേഷം കുടെയാണ് ഫാലിമിയില്‍. ഒരുപാട് ഷേയ്ഡ്‌സുള്ള കഥാപാത്രം കൂടെയാണ് അത്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadish about his character in falimy movie