കൊച്ചി: സിനിമ സെറ്റിലെ നടന്റെ മോശം പെരുമാറ്റം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിനെ പിന്തുണച്ച് ഡബ്ല്യൂ.സി.സി. അവള്‍ക്കൊപ്പമെന്ന ടാഗ് ലൈനോടുകൂടിയാണ് ഡബ്ല്യൂ.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.
വിന്‍സിയുടെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നുവെന്നും പല സിനിമ സെറ്റുകളിലും ലഹരി ഉപയോഗം ഉണ്ടെന്ന സത്യത്തെയാണ് വിന്‍സി ശ്രദ്ധയില്‍പ്പെടുത്തുന്നതെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.
മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളില്‍ സ്ത്രീകള്‍ ആദ്യം പരാതി നല്‍കേണ്ടത് ഐ.സിയിലാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു. കേരളത്തിലെ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ത്രീകളും തിരിച്ചറിയേണ്ട, മനസ്സിലാക്കേണ്ട ഒരു കാര്യം കേരള ഹൈക്കോടതിയുടെ വിധിയിലൂടെ ഓരോ സിനിമാ സെറ്റിലും ഒരു ആഭ്യന്തരപരിശോധനാ സമിതി ഉണ്ടായിരിക്കേണ്ടതാണെന്ന് നിയമം ഉറപ്പാക്കിയിട്ടുണ്ട് എന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
പരാതികള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യപ്പെടുകയും രഹസ്യപരമായും ന്യായമായും അന്വേഷണം നടത്തപ്പെടുകയും ചെയ്യുന്നതാണ് ആഭ്യന്തര പരിശോധനാ സമിതിയുടെ ഉത്തരവാദിത്വമെന്നും കുറിപ്പില്‍ പറയുന്നു. ഐ.സി അംഗങ്ങള്‍ക്ക് കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും നിയമ പരിഞ്ജാനവും നല്‍കാനായി വനിത ശിശു വികസന വകുപ്പ് വര്‍ക്ക്ഷോപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. സിനിമാ തൊഴിലിടം ലഹരിമുക്തമാക്കാനുള്ള പരിശ്രമം കേരള സര്‍ക്കാറും കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ടെന്നും ഡബ്ല്യൂ.സി.സി പറയുന്നു.
മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളായ നമ്മള് ഓരോരുത്തരും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സെറ്റില്‍ ആഭ്യന്തര പരിശോധന സമിതി നിലവിലുണ്ടോ എന്നത് ഉറപ്പാക്കണമെന്നും അത് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുമാണെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.
സമിതിയിലെ അംഗങ്ങളാരാണ് എന്ന് അംഗങ്ങളെ കൃത്യമായി അറിയിക്കേണ്ടത് നിര്‍മാതാവിന്റെ ഉത്തരവാദിത്വമാണെന്നും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതികള്‍ക്ക് ഉയര്‍ന്നു വന്നാല്‍ ആഭ്യന്തരപരിശോധന സമിതിയെ സമീപിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുമാണെന്നും സംഘടന പറഞ്ഞു.
ഐ.സിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ചേമ്പറിന്റെ നേതൃത്വത്തില്‍ സിനിമാ സംഘടനകളുടെ പ്രാതിനിധ്യത്തോടെ മോണിറ്ററിങ് രൂപീകരിച്ചിട്ടുള്ളതെന്നും
ലൈംഗിക പീഡനം എന്നതുകൊണ്ട് നിയമം നിര്‍വചിക്കുന്നത് ശാരീരികമായ അതിക്രമങ്ങള്‍ മാത്രമല്ലെന്നും സംഘടന വ്യക്തമാക്കി.
ജോലി സ്ഥലത്ത് സ്ത്രീകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന ഏതൊരു പെരുമാറ്റവും ഇതില്‍ ഉള്‍പ്പെടുന്നതാണെന്നും ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തേണ്ട ഉത്തരവാദിത്വം നിര്‍മാണ കമ്പനിക്കൊപ്പം നമ്മളുടേയും കൂടി ആണെന്നും ഡബ്ല്യൂ.സി.സി കുറിച്ചു.
ഐ.സി യുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ആത്മാഭിമാനത്തോടെ തുല്യതയോടെ തൊഴില്‍ ചെയ്യാന്‍ സ്ത്രീ തൊഴിലാളികളെ പ്രാപ്തരാക്കുമെന്നും ഇത് സ്ത്രീകളെ സംരക്ഷിക്കാനാണ് എന്നും, എല്ലാ സ്ത്രീ തൊഴിലാളികളും അത് മനസ്സിലാക്കണമെന്നും ഈ അവസരത്തില്‍ വീണ്ടും അറിയിക്കട്ടെയെന്നും ഡബ്ല്യൂ.സി.സി വ്യക്തമാക്കി.
ഇന്ന് (വ്യാഴം) രാവിലെയാണ് സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ നടന് ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റിക്കുമാണ് വിന്‍സി പരാതി നല്‍കിയത്. ഇതിന് പിന്നാലെ എ.എം.എം.എയും അന്വേഷണത്തിനായി കമ്മീഷന് രൂപീകരിക്കുകയും ചെയ്തിരുന്നു.
Content Highlight: With her; WCC declares support for actress Vinci Aloysius