Advertisement
Entertainment
അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ പാട്ടിൽ ഇടവേളയെടുത്തത് നന്നായി എന്നുതോന്നി: സുജാത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 06:16 am
Thursday, 17th April 2025, 11:46 am

സംഗീതപ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹൻ. 1975ൽ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 2000ത്തിലധികം പാട്ടുകൾ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സംസ്ഥാന അവാർഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

എ.ആർ റഹ്‌മാനുവേണ്ടി പാട്ടുപാടിയതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സുജാത. ഔസേപ്പച്ചന്റെ ഒരു ഗാനം എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ വെച്ചാണ് റെക്കോർഡിങ് നടത്തിയതെന്നും അന്ന് തന്റെ പാട്ടുകേട്ട റഹ്മാൻ താൻ നന്നായി പാടുന്നുണ്ടെന്ന് അമ്മയോട് പറഞ്ഞെന്നും സുജാത പറയുന്നു. അത് കേട്ടപ്പോൾ പാടുന്നതിൽ നിന്നും ഇടവേളയെടുത്തത് നന്നായെന്ന് തനിക്ക് തോന്നിയെന്നും സുജാത കൂട്ടിച്ചേർത്തു.

റഹ്‌മാന്റെ ആദ്യ സിനിമയാണ് റോജ എന്നും അതിലെ പാട്ടുപാടാൻ റഹ്മാൻ വിളിച്ചപ്പോൾ മണിരത്നത്തിനും നിർമാതാവ് കെ. ബാലചന്ദനും ഇഷ്ടപ്പെട്ടാൽ മാത്രമേ സിനിമയിൽ ആ പാട്ടെടുക്കുവെന്ന് റഹ്മാൻ പറഞ്ഞെന്നും സുജാത പറഞ്ഞു. വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുജാത മോഹൻ.

‘ഒരിക്കൽ ഔസേപ്പച്ചൻ സാറിൻ്റെ ‘തുമ്പപ്പൂവിൻ മാറിലൊതുങ്ങി’ എന്ന പാട്ടിൻ്റെ റെക്കോർഡിങ് റഹ്‌മാൻ്റെ സ്‌റ്റുഡിയോയിൽ നടന്നു. അതു പ്രോഗ്രാം ചെയ്തത് റഹ്‌മാനാണ്. അന്ന് അമ്മയോട് റഹ്‌മാൻ പറഞ്ഞത്രേ, ‘സുജാത സൂപ്പറായി പാടുന്നുണ്ട്’. എന്ന് പാട്ടിൽ ഇടവേള എടുത്തത് നന്നായി എന്ന് തോന്നിയ നിമിഷമാണത്.

കുറേ സ്‌റ്റേജുകളിൽ പാടിയിട്ടുള്ളത് കൊണ്ടു ധൈര്യക്കുറവൊന്നും ഇല്ല. തമിഴിൽ പുതിയ പാട്ടുകാരി എന്ന എക്‌സ്ട്രാ മൈലേജ് കിട്ടുകയും ചെയ്തു. റഹ്‌മാന്റെ ആദ്യസിനിമയാണ് റോജ. അതിലെ ‘പുതൂവെള്ളൈ മഴൈ’ പാടാൻ വിളിച്ചപ്പോൾ റഹ്‌മാൻ ഒരു മുൻകൂർ ജാമ്യം എടുത്തു. സംവിധായകൻ മണിരത്നവും നിർമാതാവ് കെ. ബാലചന്ദറും കേട്ട് ഇഷ്‌ടപ്പെട്ടാലേ സിനിമയിൽ വരു എന്ന്.

‘കാതൽ റോജാവേ’ ഹമ്മിങ്ങും ഞാൻ പാടി, പാട്ടു റിലീസായപ്പോൾ അത്ഭുതപ്പെട്ടുപോയി. ആദ്യം കിട്ടിയ കോംപ്ലിമെന്റ് എസ്.പി. ബാലസുബ്രഹ്‌മണ്യം സാറിൽ നിന്നാണ്. ആ ഹമ്മിങ് കേട്ടപ്പോൾ സാരംഗി (ഒരു സംഗീത ഉപകരണം) പോലെയാണ് തോന്നിയത്. അത്ര മനോഹരം എന്ന് അദ്ദേഹം പറഞ്ഞു കേട്ടപ്പോൾ അവാർഡ് കിട്ടിയ സന്തോഷമായിരുന്നു,’ സുജാത പറയുന്നു.

Content Highlight: Sujatha talks about AR Rahman