Entertainment
ഹെലികോപ്റ്ററില്‍ കയറിയ ഖുറേഷിയ ഷണ്മുഖനാക്കി തിരിച്ചിറക്കാന്‍ ഞങ്ങള്‍ ആദ്യം ചെയ്തത് അതാണ്: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 05:49 am
Thursday, 17th April 2025, 11:19 am

എമ്പുരാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.

എമ്പുരാനിലെ അബ്രാം ഖുറേഷിയെന്ന ഡോണില്‍ നിന്നും ഷണ്മുഖന്‍ എന്ന സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിലേക്കുള്ള മോഹന്‍ലാലിന്റെ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് തരുണ്‍ മൂര്‍ത്തി.

ഹെലികോപ്റ്ററില്‍ കയറിയ ഖുറേഷിയ ഷണ്മുഖനാക്കി തിരിച്ചിറക്കാന്‍ തങ്ങള്‍ ചെയ്ത കാര്യങ്ങളെ കുറിച്ചാണ് തരുണ്‍ മൂര്‍ത്തി സംസാരിക്കുന്നത്.

‘ലാലേട്ടനെ ഫ്രീയാക്കുക, കംഫര്‍ട്ട് സോണില്‍ എത്തിക്കുക എന്നുള്ളതായിരുന്നു സംവിധായകന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തം.

ഏത് ആക്ടറിനെ ആയാലും സംവിധായകന്റെ മുന്നില്‍ പെര്‍ഫോം വരുന്ന സമയത്ത് അയാള്‍ക്ക് ഏറ്റവും ഈസിയായി അഭിനയിക്കുന്ന സിറ്റുവേഷന്‍ ഉണ്ടാക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം.

ഞാനായാലും രഞ്ജിത്തേട്ടന്‍ ആയാലും അതില്‍ ഭയങ്കര കണ്‍സേണ്‍ ആയിരുന്നു. ലാലേട്ടന്‍ ഹാപ്പിയാകണം, ഡിസ്റ്റേര്‍ബന്‍സ് ഉണ്ടാകരുത് എന്നതൊക്കെ നമ്മള്‍ ആലോചിക്കുന്ന കാര്യമാണ്.

എന്നാല്‍ ലാലേട്ടന് അതൊന്നും വിഷയമല്ല. ഒരു ഒറ്റ മുറിയില്‍ കൊണ്ടിരുത്തിയാല്‍ പോലും അവിടെ ഇരുന്നോളും. പല സീനുകളും ഇടുങ്ങിയ മുറിയിലൊക്കെയാണ് ഷൂട്ട് ചെയ്തത്.

അപ്പോള്‍ ഫ്രീ ടൈമില്‍ അപ്പുറത്തെ ഇടുങ്ങിയ മുറിയിലെ കട്ടിലില്‍ വെറുതെ പോയി കിടക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ലാലേട്ടനെ കംഫര്‍ട്ട് ആക്കണം എന്നൊക്കെയുള്ളത് നമ്മുടെ ഓവര്‍ കണ്‍സേണ്‍ കൊണ്ട് തോന്നുന്നതാണ്.

അത് മാത്രമല്ല. ലാലേട്ടന്‍ ഖുറേഷിയായി അപ്പുറത്ത് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ നിന്ന് ഇങ്ങോട്ട് വരുമ്പോള്‍ ലാലേട്ടനെ ബൈ കോസ്റ്റ്യൂം നമ്മള്‍ ഫീല്‍ ചെയ്യിപ്പിക്കണം.

സാധാരണക്കാരനാണ്. റബ്ബര്‍ ചെരുപ്പായാലും കൊടുക്കുന്ന കാര്യങ്ങളില്‍ മിഡില്‍ ക്ലാസ് ഏജ് സ്വഭാവം വേണമെന്ന് ആര്‍ട് ടീമിനോട് പറഞ്ഞിരുന്നു.

പിന്നെ ഒരു ആര്‍ടിസ്റ്റ് ഒരു കോസ്റ്റിയൂം ഇടുമ്പോഴേ അത് മാറും. രൂപം കൊണ്ട് മാത്രമല്ല മനസിനേയും ശരീരത്തിനേയും ആ തുണിയുടെ സ്പര്‍ശം സ്വാധീനിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ആ വീട് ഒരു മിഡില്‍ ക്ലാസ് ആളിന്റെ വീടാണെന്ന് ഫീല്‍ ചെയ്യിക്കണം. മാര്‍ബിളും ടൈലും ഒട്ടിക്കുന്നതിന് പകരം കറയും അഴുക്കും മെയിന്റെയ്ന്‍ ചെയ്യണമെന്നാണ് പറഞ്ഞത്.

അങ്ങനെ ആ സ്‌പേസില്‍ ഇവര്‍ വന്ന് നില്‍ക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ കയറിയ ഖുറേഷി ഓട്ടോമാറ്റിക്കലി ഷണ്മുഖനാകും. അത് എന്റെ ടീമിന്റെ കൂടി ഗുണമാണ്,’ തരുണ്‍ പറയുന്നു.

Content Highlight: Director Tharun Moorthy compares Abram Khureshi and Shanmukham