Advertisement
Entertainment
താടിയെ കുറിച്ചുള്ള ഡയലോഗ് ലാലേട്ടന്‍ കയ്യില്‍ നിന്നിട്ടതാണ്, എല്ലാവരും ട്രോളുകയല്ലേ നമുക്കും ട്രോളാമെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 17, 04:40 am
Thursday, 17th April 2025, 10:10 am

തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തുടരും. വിന്റേജ് മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരുന്ന ചിത്രമാണ് തുടരുമെന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ ട്രെയിലറും ടീസറുമൊക്കെ ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ച.

പഴയ മോഹന്‍ലാല്‍-ശോഭന സിനിമകളിലെ ചില ചേരുവകള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് തന്റെ താടിയെ കുറിച്ച് മോഹന്‍ലാലിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗായിരുന്നു.

സോഷ്യല്‍മീഡിയയില്‍ തുടരെ മോഹന്‍ലാലിന്റെ താടിയുമായി ബന്ധപ്പെട്ടു വരുന്ന വിമര്‍ശനങ്ങളെ അഡ്രസ് ചെയ്യുന്നതായിരുന്നു ഈ ഡയലോഗ്.

ആ ഡയലോഗ് തിരക്കഥയില്‍ മനപൂര്‍വം ചേര്‍ത്തതാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് തരുണ്‍ മൂര്‍ത്തി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ശരിക്കും നമ്മള്‍ ആദ്യം ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച സമയത്ത് ലാല്‍ സാറിന്റെ താടി ട്രിം ചെയ്യിച്ചാലോ എന്ന ആലോചന ഉണ്ടായിരുന്നു. ഷണ്‍മുഖന്റെ താടി ട്രിം ചെയ്യാം എന്ന രീതിയില്‍.

എന്നാല്‍ ഖുറേഷി അപ്പുറത്ത് നടക്കുന്നതുകൊണ്ടും വേറെ പടങ്ങള്‍ നടക്കുന്നതുകൊണ്ടും ഇത് മാറ്റാന്‍ പറ്റില്ല എന്നൊരു കാര്യം വന്നു. അങ്ങനെയാണ് നമ്മള്‍ ഈ രീതിയിലേക്ക് മാറ്റിയത്.

സ്‌ക്രിപ്റ്റില്‍ ഒരു സീക്വന്‍സില്‍ ഞാന്‍ വളരെ ബോധപൂര്‍വം എഴുതിചേര്‍ത്തതാണ് താടിയുമായി ബന്ധപ്പെട്ട കാര്യം. അദ്ദേഹത്തോട് സ്‌ക്രിപ്റ്റ് പറയുമ്പോള്‍ ഇതുണ്ടായിരുന്നു. അത് ഒരു ചെറിയ ചിരിയോട് കൂടിയാണ് കേട്ടത്.

അതിന് ശേഷം അഭിനയിക്കാന്‍ വന്നു. ഫസ്റ്റ് ദിവസത്തെ ആദ്യത്തെ ഷോട്ട് എടുക്കുകയാണ്. ഞാന്‍ നൈസായി വന്നു. രഞ്ജിത്തേട്ടാ ഞാന്‍ താടി സീക്വന്‍സാണ് എടുക്കുന്നത് എന്റെ കൂടെ അതൊന്ന് പറയാന്‍ വരുമോ എന്ന് ചോദിച്ചു.

എങ്ങാനും പുള്ളിക്ക് ഇന്‍ സെക്യൂരിറ്റി ഫീല്‍ ചെയ്താലോ എന്ന് തോന്നി. എന്തിന് പേടിക്കണം, ലാലേട്ടന്‍ അതൊക്കെ ചെയ്യും എന്ന് പറഞ്ഞ് എന്നേയും കൂട്ടി ലാലേട്ടന്റെ അടുത്തേക്ക് പോയി.

ഇതേ തരുണിന് എന്തോ പറയാനുണ്ടെന്ന് പറഞ്ഞ് കയറ്റി വിട്ടു. ലാലേട്ടാ, താടിവടിക്കുന്ന സീക്വന്‍സാണ്. സെല്‍ഫ് ട്രോളു പോലെയാണ് ചെയ്യുന്നത് എന്ന് പറഞ്ഞു.

പുള്ളി അത് വായിച്ച് നോക്കിയിട്ട് എല്ലാരും ട്രോളുന്നു, നമുക്കും ട്രോളാം എന്ന് പറഞ്ഞു. പുള്ളി അത് ഭയങ്കര എന്‍ജോയ് ചെയ്തു. താടി ഇറുന്നാല്‍ ആര്‍ക്കാടാ പ്രച്‌നം എന്നത് ലാലേട്ടന്‍ ഇംപ്രവൈസ് ചെയ്തതാണ്.

ശോഭനാ മാം നടന്നുപോകുന്നു, ആ താടി വെട്ടണ്ട, ഞാന്‍ പറയുമ്പോ വെട്ടിയാല്‍ മതിയെന്ന് പറയുന്നു. ഇല്ലെടീ വെട്ടുന്നില്ല എന്ന് പറയുന്നു. വെട്ടണ്ട എന്ന് പറയുമ്പോള്‍ പുള്ളി ചമ്മി താടിയുടെ ഷേപ്പ് നോക്കുന്നു എന്നതാണ് സീക്വന്‍സ്.

ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏയ് താടിവെട്ടണ്ട എന്ന് പറഞ്ഞ് ശോഭനാ മാം പോകുന്നു. പുള്ളി ചമ്മുന്നു…വെട്ടുന്നില്ല എന്ന് പറയുന്നത് ശബ്ദത്തില്‍ ഒരു ചേഞ്ച് വരുത്തിയിട്ടാണ്.

അത് ഓണ്‍ സ്‌പോട്ട് ഇട്ടതാണ്. അപ്പോള്‍ അപ്പുറത്ത് നിന്ന് ഓള്‍റെഡി ശോഭനാ മാമും വെട്ടണ്ട എന്ന് ശബ്ദം മാറ്റി പറഞ്ഞു. അത് സീനില്‍ രണ്ട് ആര്‍ടിസ്റ്റുകള്‍ ഉണ്ടാക്കിയ മാജിക്കാണ്.

ഇതിന് ശേഷവും ഞാന്‍ കട്ട് പറയാണ്ട് നിന്നപ്പോള്‍ ലാലേട്ടന്‍ താടി നോക്കിയിട്ട്…ഏയ് താടി നിന്നാല്‍ ആര്‍ക്കാടാ പ്രച്‌നം എന്ന് ചോദിച്ചു. സ്‌പോട്ടില്‍ അദ്ദേഹം കയ്യില്‍ നിന്നിട്ടതാണ്.ലാലേട്ടനെ വെച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ഒരു സംവിധായകന് കിട്ടുന്ന എക്‌സ്ട്രാ ബെനഫിറ്റാണ് ഇതൊക്കെ,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Director Tharun Moorthy about Mohanlal Spot Improvisation Dialogue in Thudarum