ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ദല്‍ഹി ക്യാപിറ്റല്‍സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 14 റൺസിന്റെ തോൽവിയാണ് ദൽഹി വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഒമ്പത് നഷ്ടത്തില്‍ 204 റണ്‍സാണ് ഉയര്‍ത്തിയത്. പക്ഷേ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദല്‍ഹിക്ക് 190 മാത്രമാണ് നേടാന്‍ സാധിച്ചത്.
💔 Hurts, but we take the learnings and move ahead. pic.twitter.com/VRr39O3Mva
— Delhi Capitals (@DelhiCapitals) April 29, 2025
ക്യാപിറ്റല്‍സ് നിരയില്‍ മിന്നും പ്രകടനം കാഴ്ച വെച്ചത് ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസാണ്. മത്സരത്തില്‍ 45 പന്തില്‍ 62 റണ്‍സാണ് അടിച്ചെടുത്തത്. രണ്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഇപ്പോള്‍ താരത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ദല്‍ഹിയുടെ ചെയ്‌സിങ് ഫാഫ് നയിച്ചുവെന്നും ചെയ്‌സിങ്ങില്‍ വിരാട് കോഹ്ലിയെപ്പോലെയാണ് അദ്ദേഹം ചിന്തിക്കുന്നതെന്നും റെയ്‌ന പറഞ്ഞു.
‘ഫാഫ് ഡു പ്ലെസിസ് ഫിറ്റാണ്. ലോകമെമ്പാടുമുള്ള വ്യത്യസ്ത ലീഗുകളില്‍ കളിക്കുന്നു. ദല്‍ഹി ക്യാപിറ്റല്‍സിന്റെ ചെയ്‌സിങ് അദ്ദേഹം നയിച്ചു. പിന്തുടരുമ്പോള്‍ വിരാട് കോഹ്ലിയെപ്പോലെയാണ് അദ്ദേഹം ചിന്തിക്കുന്നത്,’ റെയ്ന പറഞ്ഞു.
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഫാഫ് പുറത്തായതിനെ കുറിച്ചും റെയ്‌ന സംസാരിച്ചു. നരെയ്‌നെ നാലാമത്തെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഫാഫ് അനുവദിച്ച് മറ്റ് ബൗളര്‍മാരെ ലക്ഷ്യം വെക്കണമായിരുന്നുവെന്നും അവിടെയാണ് താരത്തിന് പിഴച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഫാഫിന് നല്ല കളി അവബോധമുണ്ടെന്നും അടുത്ത മത്സരത്തില്‍ താരം തന്റെ സമീപനം മാറ്റി ദല്‍ഹിയെ വിജയത്തിലേക്ക് നയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു.
‘സുനില്‍ നരെയ്‌നെ തന്റെ നാലാമത്തെ ഓവര്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുകയും മറ്റ് ബൗളര്‍മാരെ ലക്ഷ്യം വെക്കുകയും ചെയ്യണമായിരുന്നു. കെ.കെ.ആറില്‍ നരെയ്‌നെപ്പോലെ മറ്റൊരു സ്പിന്നറില്ല. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഓവറുകള്‍ പൂര്‍ത്തിയായാല്‍ മറ്റ് ബൗളര്‍മാര്‍ക്കെതിരെ റണ്‍സ് നേടാനുള്ള അവസരമുണ്ടായിരുന്നു. ഇവിടെയാണ് ഫാഫിന് പിഴച്ചത്.
ഫാഫിന് നല്ല കളി അവബോധമുണ്ട്. അയാള്‍ക്ക് സങ്കടം തോന്നുന്നുണ്ടായിരിക്കണം. അടുത്ത മത്സരത്തില്‍ ഫാഫ് തന്റെ സമീപനം മാറ്റുകയും ദല്‍ഹിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാസ് ഡു പ്ലെസിസിന് പുറമെ ക്യാപ്റ്റന്‍ അക്സര്‍ പട്ടേലും ദല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുത്തു. മത്സരത്തില്‍ ദല്‍ഹി നായകന്‍ 23 പന്തില്‍ മൂന്ന് സിക്സറും നാല് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടി. മധ്യനിരയില്‍ വിപ്രജ് നിഗം 19 പന്തില്‍ നിന്ന് 38 റണ്‍സ് നേടി മികവ് പുലര്‍ത്തി. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവന ചെയ്യാന്‍ സാധിച്ചില്ല.
കൊല്‍ക്കത്തയ്ക്കുവേണ്ടി സുനില്‍ നരെയ്ന്‍ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. വരുണ്‍ ചക്രവര്‍ത്തി രണ്ടുവിക്കറ്റുകള്‍ നേടിയപ്പോള്‍ അനുകുല്‍ റോയ്, വൈഭവ് അറോറ, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് അംകൃഷ് രഘുവന്‍ശിയാണ്. 32 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 44 റണ്‍സാണ് താരം നേടിയത്. കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സുനില്‍ നരെയ്നും റഹ്‌മാനുള്ള ഗുര്‍ബാസും ചേര്‍ന്ന് നല്‍കിയത്. നരെയ്ന്‍ 16 പന്തില്‍ 27 റണ്‍സും ഗുര്‍ബാസ് 12 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു.
മധ്യനിരയില്‍ റിങ്കു സിങ് 25 പന്തില്‍ 36 റണ്‍സ് നേടിയപ്പോള്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 14 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 26 റണ്‍സ് നേടി. വെടിക്കെട്ട് ബാറ്റിങ്ങിന് പേര് കേട്ടിരുന്ന വെങ്കിടേഷ് അയ്യര്‍ വീണ്ടും നിരാശപ്പെടുത്തി. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട കൊല്‍ക്കത്ത ബാറ്റര്‍ വെറും ഏഴ് റണ്‍സ് മാത്രമാണ് എടുത്തത്.
ദല്‍ഹിക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് 43 റണ്‍സ് വഴങ്ങി വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും നേടി. യുവതാരം വിപ്രജ് നിഗം 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ ആണ് നേടിയത്.
Content Highlight: IPL 2025: DC vs KKR: Suresh Raina praises Delhi Capitals opener Faf Du Plessis