അമരാവതി: ആന്ധ്രാപ്രദേശില്‍ ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് എട്ട് മരണം. വിശാഖപട്ടണത്തിന് സമീപത്തുള്ള സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടം നടന്നത്.
ടിക്കറ്റ് കൗണ്ടറിന് അടുത്തുള്ള മതിലാണ് ഇടിഞ്ഞ് വീണത്. ഇന്ന് (ബുധന്‍) പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 3.30നും നാലിനുമിടയില്‍ പെയ്ത കനത്ത മഴ മതിലിടിയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.
സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്‍.ഡി.ആര്‍.എഫ് സംഘം ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
മതിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കമാണ് അപകടത്തില്‍ മരണപ്പെട്ടത്.
വാര്‍ഷിക ‘ചന്ദനോത്സവ’ത്തോടനുബന്ധിച്ച് ‘നിജരൂപ ദര്‍ശനം’ കാണാന്‍ ക്യൂവില്‍ നില്‍ക്കവെയാണ് ഭക്തര്‍ അപകടത്തില്‍പ്പെട്ടത്. സിംഹഗിരി ബസ് സ്റ്റോപ്പിന് സമീപം നിര്‍മാണത്തിലിരിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് അടുത്തുള്ള 300 രൂപയുടെ ക്യൂ ലൈനിലാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ എം.എന്‍. ഹരേന്ദ്ര പ്രസാദ്, വിശാഖപട്ടണം എം.പി എം. ശ്രീഭരത്, പൊലീസ് കമ്മീഷണര്‍ ശങ്കബ്രത ബാഗ്ചി എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
శ్రీ వరాహ లక్ష్మీనరసింహ స్వామి చందనోత్సవంలో గోడ కూలి ఏడుగురు భక్తులు మృతి చెందడం నన్ను కలచి వేసింది. భారీ వర్షాల కారణంగా గోడ కూలడం తో జరిగిన ఈ ఘటనలో మరణించిన వారి కుటుంబాలకు నా ప్రగాఢ సానుభూతి. అక్కడి పరిస్థితి పై జిల్లా కలెక్టర్, ఎస్పీ తో మాట్లాడాను. గాయపడిన వారికి చికిత్స…
— N Chandrababu Naidu (@ncbn) April 30, 2025
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തോട് അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി.
അപകടത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍ഡോവ്മെന്റ് മന്ത്രി അനം രാമനാരായണ റെഡ്ഡി അറിയിച്ചു. കനത്ത മഴയും കാറ്റുമാകാം അപകടത്തിന് കാരണമായതെന്ന് ആന്ധ്രാപ്രദേശ് ആഭ്യന്തരമന്ത്രി വി. അനിത പ്രതികരിച്ചു. പൊളിഞ്ഞുവീണ മതിലിന്റെ ഗുണനിലവാരത്തില്‍ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അപകടം ഹൃദയഭേദകമെന്ന് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആര്‍.സി.പി അധ്യക്ഷന്‍ വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
Content Highlight: Eight dead after temple wall collapses in Andhra Pradesh