Kerala News
വേടന്റെ കല സംഗീത ജനാധിപത്യവത്കരണത്തിന്റെ ഊര്‍ജം; പുലിപ്പല്ലിന്മേലുള്ള നടപടി പുനഃപരിശോധിക്കണം: സുനില്‍ പി. ഇളയിടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 30, 05:21 am
Wednesday, 30th April 2025, 10:51 am

കൊച്ചി: റാപ്പര്‍ വേടന്റെ അറസ്റ്റില്‍ പ്രതികരണവുമായി അധ്യാപകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. പുലിപ്പല്ല് കോര്‍ത്ത മാല ധരിച്ചതിന്റെ പേരില്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇക്കാര്യത്തില്‍ സാങ്കേതികമായി ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ലെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു. പുലിനഖമാല മുതല്‍ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അതിന്റെയെല്ലാം തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നിലുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷന്‍ ജാമ്യം കിട്ടിയ കേസിന്റെ തുടര്‍ച്ചയില്‍ ഏഴ് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

നമ്മുടെ പൊതുസംസ്‌കാരത്തില്‍ നിലീനമായ സവര്‍ണതയെ ആഴത്തില്‍ വെല്ലുവിളിക്കുന്നതാണ് വേടന്റെ കലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഗീതത്തിന്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊര്‍ജം പകര്‍ന്ന ഒന്നാണത്. വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടിയെന്നും സുനില്‍ പി. ഇളയിടം പറഞ്ഞു.

കഞ്ചാവ് കേസില്‍ നിയമപരമായ നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ പുനഃപരിശോധന നടത്താനും വേണ്ട തിരുത്തലുകള്‍ വരുത്താനും അധികാരികള്‍ തയാറാകണമെന്നും സുനില്‍ പി. ഇളയിടം ആവശ്യപ്പെട്ടു.

അതേസമയം പുലിപ്പല്ല് കൈവശം വെച്ചതിന് വേടനെ ഇന്ന് (ബുധന്‍) തൃശൂരിലെ ജ്വല്ലറിയില്‍ എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി. ശ്രീലങ്കന്‍ വംശജനായ വിദേശപൗരനില്‍ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടന്‍ നല്‍കിയ മൊഴി. തൃശൂരിലെ ജ്വല്ലറിയില്‍ വെച്ചാണ് ഇതില്‍ വെള്ളി കെട്ടിയതെന്നും വേടന്‍ മൊഴി നല്‍കിയിരുന്നു.

ജ്വല്ലറിയിലെ തെളിവെടുപ്പിന് ശേഷം പെരുമ്പാവൂര്‍ കോടതിയില്‍ വേടനെ ഹാജരാക്കുമെന്നാണ് വിവരം. റിപ്പോര്‍ട്ടുകള്‍ പ്രകാരം വേടന് പുലിപ്പല്ല് നല്‍കിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവില്‍ വേടന്റെ ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ പരിശോധിക്കാനും സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്. കൈവശം ഉണ്ടായിരുന്നത് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടന്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: Sunil P. Elayidom reacts to rapper Vedan’s arrest