ആ രണ്ട് കാര്യങ്ങള്‍ക്കും യുവരാജിന് ഭാരതരത്‌ന നല്‍കണം, ധോണി എന്റെ മകന്റെ കരിയര്‍ നശിപ്പിച്ചു: യോഗ്‌രാജ് സിങ്
Sports News
ആ രണ്ട് കാര്യങ്ങള്‍ക്കും യുവരാജിന് ഭാരതരത്‌ന നല്‍കണം, ധോണി എന്റെ മകന്റെ കരിയര്‍ നശിപ്പിച്ചു: യോഗ്‌രാജ് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd September 2024, 12:23 pm

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഇന്ത്യന്‍ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. അഞ്ച് വര്‍ഷത്തോളം ഇനിയും കളിക്കാന്‍ സാധിക്കുമായിരുന്ന യുവരാജ് സിങ്ങിന്റെ കരിയര്‍ നശിപ്പിച്ചത് ധോണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സീ സ്വിച്ച് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് യുവിയുടെ ആദ്യ പരിശീലകന്‍ കൂടിയായ യോഗ് രാജ്‌സിങ് ഇക്കാര്യം പറഞ്ഞത്.

 

‘ഞാന്‍ ഒരിക്കലും എം. എസ് ധോണിയോട് പൊറുക്കില്ല. അവന്‍ കണ്ണാടിയില്‍ സ്വയം മുഖമൊന്ന് നോക്കണം. അവന്‍ വലിയ ക്രിക്കറ്ററാണ്, എന്നാല്‍ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്. അതൊന്നും ഒരിക്കലും ക്ഷമിക്കാനോ പൊറുക്കാനോ സാധിക്കുന്നതല്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ ഇതുവരെ ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്ത ആരോടും ഞാന്‍ ഒരിക്കലും ക്ഷമിച്ചിട്ടില്ല. രണ്ടാമത്, എന്റെ കുടുംബാംഗങ്ങളെയോ കുട്ടികളെയോ ഞാന്‍ ഒരിക്കലും കെട്ടിപ്പിടിച്ചിട്ടില്ല.

നാലോ അഞ്ചോ വര്‍ഷംകൂടി കളിക്കാമായിരുന്ന എന്റെ മകന്റെ ക്രിക്കറ്റ് ജീവിതം ധോണി നശിപ്പിച്ചു. ക്യാന്‍സര്‍ ബാധിച്ച് കളിച്ചതിലും രാജ്യത്തിനായി ലോകകപ്പ് നേടിയതിനും ഇന്ത്യ അദ്ദേഹത്തിന് ഭാരതരത്ന പുരസ്‌കാരം നല്‍കണം. ഇത് പണ്ട് ഗൗതം ഗംഭീറും വിരേന്ദര്‍ സെവാഗും പറഞ്ഞിട്ടുണ്ട്,’ യോഗ്‌രാജ് സിങ് പറഞ്ഞു.

തന്റെ 13ാം വയസില്‍ പഞ്ചാബ് അണ്ടര്‍ 16 ടീമില്‍ കളിച്ചുകൊണ്ടാണ് യുവി ക്രിക്കറ്റിലേക്ക് കാലെടുത്ത് വെക്കുന്നത്. ശേഷം പഞ്ചാബിനായി രഞ്ജിയിലും താരം ബാറ്റേന്തി.

2000 ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരെയാണ് യുവരാജ് അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം നാല് ഓവര്‍ പന്തെറിഞ്ഞിരുന്നു. 16 റണ്‍സ് മാത്രമാണ് യുവരാജ് വഴങ്ങിയത്.

അവിടുന്നിങ്ങോട്ട് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓള്‍ റൗണ്ടറായിട്ടായിരുന്നു യുവരാജിന്റെ വളര്‍ച്ച. ഇന്ത്യക്കായി എല്ലാ ഐ.സി.സി വൈറ്റ് ബോള്‍ ട്രോഫികളും നേടിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് യുവി.

2007 ടി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ യുവിയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. പിച്ചില്‍ ചോര തുപ്പി വീണിട്ടും ക്രീസ് വിടാതെ ബാറ്റിങ് തുടര്‍ന്ന യുവി കളിക്കളത്തിലെ നിശ്ചദാര്‍ഢ്യത്തിന്റെ പര്യായമായിരുന്നു. സച്ചിന് വേണ്ടി ലോകകപ്പുയര്‍ത്തണമെന്ന ദൃഢനിശ്ചയമാണ് അദ്ദേഹത്തെ ലോകകപ്പിന്റെ താരമാക്കിയതും.

സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരു ഓവറില്‍ ആറ് സിക്സറിന് പറത്തിയതും ലോര്‍ഡ്സില്‍ സച്ചിനെതിരെ സെഞ്ച്വറി നേടി അദ്ദേഹത്തിന്റെ കാലുതൊട്ട് അനുഗ്രഹം വാങ്ങിച്ചതുമെല്ലാം ആ ഐതിഹാസിക കരിയറിലെ ചില അധ്യായങ്ങള്‍ മാത്രമായിരുന്നു.

ഒടുവില്‍ 2019ല്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞു. യുവരാജിന്റെ പിന്‍ഗാമികളെന്ന് ആരാധകരും മാധ്യമങ്ങളും പല യുവ താരങ്ങളെയും വാഴ്ത്തിയെങ്കിലും അവര്‍ക്കൊന്നും യുവി സൃഷ്ടിച്ച വിടവ് നികത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും മത്സരങ്ങള്‍ വിജയിക്കുന്നതും ട്രോഫികള്‍ നേടുന്നതും യുവരാജ് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ പാകിസ്ഥാന്‍ ലെജന്‍ഡ്സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്സിനെ കിരീടമണിയിച്ചാണ് യുവി തന്റെ ക്രിക്കറ്റ് യാത്ര തുടരുന്നത്.

 

 

Content highlight: Yograj Singh slams MS Dhoni, accusing ruining the career of Yuvraj Singh