കോഴിക്കോട്: കഞ്ചാവ് കൈവശം വെച്ചതില്‍ ഗായകനായ ബോബ് മാര്‍ലി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന പരാമര്‍ശത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.എ. ബേബിക്കെതിരെ വിമര്‍ശനം.
കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് റാപ്പര്‍ വേടന്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് എം.എ. ബേബിയുടെ പരാമര്‍ശം വിമര്‍ശനം നേരിടുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിനെതിരെ സി.പി.ഐ.എം അനുയായികള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്.
‘മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും. ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.
റെഗ്ഗി സംഗീതത്തിന്റെ ആചാര്യന്‍ ജമൈക്കക്കാരനായ കറുത്ത പാട്ടുകാരന്‍ ബോബ് മാര്‍ലിയെ കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാര്‍ലിയുടെ പാട്ടും ഇഷ്ടമാണ്, പാന്‍ ആഫ്രിക്കന്‍ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല,’ എന്നായിരുന്നു എം.എ. ബേബിയുടെ പോസ്റ്റ്.
എന്നാല്‍ സഖാവില്‍ നിന്ന് കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ വേടന്‍ ഉപയോഗിച്ച കഞ്ചാവിനെക്കുറിച്ചുള്ളതല്ല എന്ന് സി.പി.ഐ.എം അനുയായികള്‍ വിമര്‍ശിച്ചു. തെറ്റ് തിരുത്താന്‍ വേടന് ഒരു അവസരം കൊടുക്കണം സഖാവേ എന്നും ചിലര്‍ പ്രതികരിച്ചു.
കഞ്ചാവ് പിടിച്ചതിന് അമ്മയുടെ കുലം തിരഞ്ഞത് ജമൈക്കന്‍ പൊലീസല്ല, അത് കേരള പൊലീസാണ് സഖാവേയെന്നും ഒരാള്‍ കമന്റിലൂടെ ചൂണ്ടിക്കാട്ടി.
വേടനെന്ന ഹിരണ്‍ ദാസിനെ കോടതിയിലേക്ക് കൊണ്ടുപോകുന്ന രംഗം കണ്ടാല്‍, അഞ്ചോ ആറോ കൊലപാതകം നടത്തിയ ഒരു പ്രതിയെ കൊണ്ടുപോകുന്ന ഫീലിങ് ആയിരുന്നുവെന്നും എത്ര പെട്ടന്നാണ് സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ് പൊലീസിനെ പോലും വെല്ലുന്ന രീതിയില്‍ അയാളുടെ അധോലോക ബന്ധങ്ങള്‍ പുറത്തുവന്നതെന്നും ഒരാള്‍ ചോദിച്ചു.
വാഹനം പരിശോധിക്കുന്നതിനായി കൈ നീട്ടി നിര്‍ത്തിയിട്ട് ഒന്നും കിട്ടാതെയായപ്പോള്‍ വാഹനവുമായി ബന്ധമില്ലാത്ത കേസ് ചാര്‍ത്തുന്നത് പോലെയുള്ള പരിപാടിയാണിതെന്നും വിമര്‍ശനമുണ്ട്.
‘പ്രണയനൈരാശ്യം കൊണ്ട് കെട്ടിത്തൂങ്ങാന്‍ മരത്തില്‍ കയറിയ ഒരുത്തനെ ഞാന്‍ കയറഴിച്ച് താഴെയിറക്കി, വേലിയില്‍ നിന്ന് നല്ലൊരു പത്തലൊടിച്ച് തല്ലിക്കൊന്ന് കുഴിച്ചിട്ടു,’ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളും എം.എ. ബേബിയെ ചിലര്‍ ഓര്‍മിപ്പിച്ചു.
കുറച്ചുകൂടി പക്വതയുള്ള രാഷ്ട്രീയം പറയൂ. ഇതെല്ലാം കുട്ടികള്‍ക്ക് ചേര്‍ന്ന രാഷ്ട്രീയമാണെന്നും വിമര്‍ശനമുണ്ട്. സഖാവേ ബോബ് മാര്‍ലി ഉപയോഗിച്ച കഞ്ചാവിന്റെ അളവല്ല വേടന്റെ കൈവശം ഉണ്ടായിരുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
Content Highlight: M.A. Baby faced criticizm for mentioning that singer Bob Marley was arrested for possession of cannabis