DISCOURSE
കേരളത്തെ രക്ഷിക്കാന്‍ ഒരേ ഒരു വഴി, കഞ്ചാവ് നിയമവിധേയമാക്കണം
ഫാറൂഖ്
2025 Apr 30, 07:33 am
Wednesday, 30th April 2025, 1:03 pm
ഈ കള്ളവാറ്റു ദ്രാവകം കുടിച്ചു വന്നു ഭാര്യയെ കുനിച്ചു നിര്‍ത്തി കൂമ്പിനടിക്കുമ്പോള്‍ അടിക്കുന്ന ഭര്‍ത്താവിന്റെ അട്ടഹാസവും കൊള്ളുന്ന ഭാര്യയുടെ കരച്ചിലുമായിരുന്നു കേരളത്തിന്റെ സന്ധ്യാവന്ദനം. അത് എങ്ങനെയാണ് കേരളത്തില്‍ ഇല്ലാതായത്, വേണ്ടവര്‍ക്ക് കുടിക്കാന്‍ ഗുണനിലരമുള്ള മദ്യം ബിവറേജിലൂടെയും, ഇരുന്നു കുടിക്കാനുള്ള സൗകര്യം ബാറുകളിലും ലഭ്യമാക്കിയതിന് ശേഷമാണ് ഈ പരിപാടികളൊക്കെ നിന്നത്. ഇങ്ങനെ ഒരു കാലത്ത് വ്യാജവാറ്റ് കുടിച്ചു വന്നു ഭാര്യയെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു കൊണ്ടിരുന്നവരാണ് ഇപ്പോള്‍ അഞ്ചു ഗ്രാം കഞ്ചാവ് കയ്യില്‍ വച്ചവനെ വെടിവച്ചു കൊല്ലാന്‍ വാട്‌സാപ്പില്‍ ആഹ്വാനം ചെയ്യുന്നത്. എല്ലാവരും ആവശ്യപ്പെടുന്നത് പരാജയപ്പെട്ട പരിഹാരങ്ങളാണ്.

പണ്ട് സ്‌കൂള്‍ യുവജനോത്സവത്തില്‍ ഉപജില്ലാ തലത്തില്‍ പദ്യം ചൊല്ലല്‍ മത്സരത്തിന് രണ്ടാം സ്ഥാനം കിട്ടിയ ഒരു കൂട്ടുകാരനല്ലാതെ സുഹൃത്തെന്നു പറയാന്‍ മറ്റൊരു കലാകാരന്‍ എനിക്കില്ല, അത് കൊണ്ട് തന്നെ ഒരു യാത്രയില്‍ കുറെ നേരം സംസാരിക്കാന്‍ ഒരു റാപ്പറെ കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു.

അറിയപ്പെടുന്ന റാപ്പര്‍ ആണ്, സെലിബ്രിറ്റി ആണ്, സര്‍വോപരി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആള്‍ എന്ന നിലയില്‍ കേശവമാമന്മാരുടെ സ്ഥിരം വേട്ട മൃഗമാണ്. സംസാരിച്ച പല കാര്യങ്ങള്‍ മറ്റൊരിക്കല്‍ എഴുതാം, ഏതായാലും അവസാനം സംഭാഷണം മയക്കുമരുന്നില്‍ എത്തി.

യേശുദാസും ചിത്രയും ചേര്‍ന്ന് നടത്തിയിരുന്ന പഴയ ഗാനമേള പോലെയല്ല ഇപ്പോഴത്തെ ഗാനമേള.

‘നിങ്ങള്‍ എന്റെ ഇന്നലത്തെ പ്രോഗ്രാം കണ്ടിരുന്നോ’, റാപ്പര്‍ ചോദിച്ചു. ‘കണ്ടിരുന്നു’, ഞാന്‍ പറഞ്ഞു. അല്ലെങ്കിലും ഞാന്‍ റാപ് മ്യൂസിക്കിന്റെ ഫാന്‍ ആണ്. എമിനെം, ജയ്-സീ, മുതല്‍ ഡ്രെയ്ക് വരെയുള്ളവരുടെ കളക്ഷന്‍ ആണ് എന്റെ സ്‌പോട്ടിഫൈ സമ്പാദ്യം, ഈയടുത്ത കാലത്ത് വേടന്‍ മുതല്‍ ഡബ്സി വരെയുള്ളവര്‍ അക്കൂട്ടത്തില്‍ ചേര്‍ന്നു എന്ന് മാത്രം.

വേടന്‍ vedan

വേടന്‍

റാപ് മ്യൂസിക്കിന് സംഗതിയുണ്ടോ എന്നറിയില്ല, താളമുണ്ട്, ഭാവമുണ്ട്, എല്ലാറ്റിനുമുപരി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ചെറുത്തു നില്പുണ്ട്. റാപ്പ് മ്യൂസിക് സംസ്‌കാരമില്ലാത്തവര്‍ക്കും ‘ചെറ്റത്തരം’ കയ്യിലുള്ളവര്‍ക്കും വേണ്ടിയുള്ള കലാരൂപമാണെന്നും അത് കുലീനര്‍ക്കും ഉന്നത കുലജാതര്‍ക്കും ചേര്‍ന്നതല്ലെന്നും റൊണാള്‍ഡ് റീഗന്‍, ക്ലിന്റണ്‍ മുതല്‍ നമ്മുടെ വാട്‌സാപ്പ് അമ്മാവന്‍മാര്‍ വരെ പറഞ്ഞു വിശ്വസിക്കുന്നുണ്ട്, അവരത് പറഞ്ഞു പരത്തുന്നുമുണ്ട്.

ഡബ്സി dabzee

ഡബ്സി

‘എത്ര സമയമുണ്ടായിരുന്നു പരിപാടി’ റാപ്പര്‍ ചോദിച്ചു. ‘രണ്ടു രണ്ടര മണിക്കൂര്‍’ ഞാന്‍ പറഞ്ഞു. ‘ആ രണ്ടര മണിക്കൂര്‍ ഞാന്‍ എന്ത് ചെയ്യുകയായിരുന്നു ‘ റാപ്പര്‍ ചോദിച്ചു. ‘തുള്ളി കൊണ്ടിരിക്കുകയായിരുന്നു, കുറെ പാട്ടും പാടി, ലിപ്-സിങ്കും ആവശ്യത്തിനുണ്ടായിരുന്നു’ ഞാന്‍ പറഞ്ഞു.

‘ലിപ്‌സിങ്കിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. രണ്ടര മണിക്കൂര്‍ സ്റ്റേജില്‍ ഓട്ടവും ചാട്ടവുമായിരുന്നല്ലോ. റൊണാള്‍ഡോ പോലും തൊണ്ണൂറു മിനുട്ട് ഓടിയാല്‍ ക്ഷീണിക്കും. ഞങ്ങള്‍ എങ്ങനെ രണ്ടര മണിക്കൂര്‍ സര്‍വൈവ് ചെയ്യുന്നു എന്നാണ് നിങ്ങളൊക്കെ കരുതുന്നത്’ റാപ്പര്‍ ചോദിച്ചു. ‘എന്തെങ്കിലും എനര്‍ജി ഡ്രിങ്ക് കുടിക്കുന്നുണ്ടാകും’ ഞാന്‍ പറഞ്ഞു. ‘അതിന്റെ പേരാണ് മയക്കു മരുന്ന്’ റാപ്പര്‍ പറഞ്ഞു

റാപ് മ്യൂസിക്കിന് സംഗതിയുണ്ടോ എന്നറിയില്ല, താളമുണ്ട്, ഭാവമുണ്ട്, എല്ലാറ്റിനുമുപരി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ചെറുത്തു നില്പുണ്ട്

യേശുദാസും ചിത്രയും ചേര്‍ന്ന് നടത്തിയിരുന്ന പഴയ ഗാനമേള പോലെയല്ല ഇപ്പോഴത്തെ ഗാനമേള. മുമ്പ് ഒരു അന്നൗന്‌സര്‍ ഉണ്ടാകും, മാറി മാറി പാടാന്‍ പാട്ടുകാരുണ്ടാകും, ഒരാള്‍ പാടുമ്പോള്‍ മറ്റുള്ളവര്‍ വിശ്രമിക്കും, ഇന്റര്‍വെല്ലിന് മിമിക്രി ഉണ്ടാകും.

ഇന്നങ്ങനെയല്ല, തുടങ്ങി തീരുന്നത് വരെ പാട്ടുകാര്‍ മൊത്തം സ്റ്റേജില്‍ വന്നു ഓട്ടവും ചാട്ടവും തുള്ളലും ഡാന്‍സുമാണ്. ഒരു മിനിറ്റ് തുള്ളാതെ നിന്നാല്‍ കാണികള്‍ക്ക് ബോറടിക്കും. പതിനായിരം വാട്ട് ലൈറ്റ്, ലക്ഷം വാട്ട് സൗണ്ട്, പുകയിട്ട് കത്തിക്കുന്ന സ്റ്റേജ്, ഇതിനൊക്കെ നടുവിലാണ് ഈ അഭ്യാസം.

എല്‍വിസ് പ്രെസ്ലി elvis presly

എല്‍വിസ് പ്രെസ്ലി

കാല്‍ മണിക്കൂര്‍ കഴിയുമ്പോഴേക്ക് സാധാരണ ഒരാളുടെ വെടിതീരും. പിന്നീട് വേണ്ടി വരുന്നതാണ് സ്റ്റിമുലന്റ്, കന്നാബിസ് അല്ലെങ്കില്‍ മാറിവന എന്ന് ഇംഗ്ലീഷില്‍ പറയുന്ന കഞ്ചാവ്, ഒപ്പിയോയിഡ്‌സ്, എക്‌സ്റ്റേസി ഡ്രഗ്‌സ് തുടങ്ങിയവ.

മൈക്കിള്‍ ജാക്സണ്‍ michle jackson

മൈക്കിള്‍ ജാക്സണ്‍

പണ്ട് എല്‍വിസ് പ്രെസ്ലി, മൈക്കിള്‍ ജാക്സണ്‍, വിറ്റെണീ ഹ്യൂസ്റ്റണ്‍ മുതല്‍ ഇന്ന് ലേഡി ഗാഗ, ടെയ്ലര്‍ സ്വിഫ്റ്റ് വരെ ഇതിലേതെങ്കിലും അടിച്ചു കൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ് നിങ്ങള്‍ സ്റ്റേജില്‍ കണ്ടു കയ്യടിക്കുന്നത്. പൊളിറ്റിക്കല്‍ കറക്ടനസിന് വേണ്ടി ഇത് കൂടി പറയണം, ഇതൊന്നും അടിക്കാതെ ചുക്കുവെള്ളം കുടിച്ചും ചിലര്‍ കോണ്‍സെര്‍ട് നടത്താറുണ്ട്.

ഈ സാധനങ്ങളൊക്കെ ഉപയോഗിക്കുന്നത് കുറ്റമാണോ?

അതിനുത്തരം പറയണമെങ്കില്‍ നിങ്ങള്‍ ഏതു രാജ്യത്താണെന്നതിനെ ആശ്രയിച്ചിരിക്കും. യൂറോപ്പ്, അമേരിക്ക, ലാറ്റിന്‍ അമേരിക്ക, കാനഡ തുടങ്ങി നല്ലൊരു ശതമാനം രാജ്യങ്ങളിലും കൊക്കയ്ന്‍, കെമിക്കല്‍ ഡ്രഗ്, മെത്ത് തുടങ്ങിയവയല്ലാത്ത കന്നാബിസ്, മറുവാന എന്നിങ്ങനെ കഞ്ചാവുകള്‍ നിയമവിധേയമായി ഉപയോഗിക്കാം.

ഇതൊക്കെ പല പല വകഭേതങ്ങങ്ങളിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തകളില്‍ നിറയുന്ന ഹൈബ്രിഡ്. സ്റ്റേജ് പെര്‍ഫോമര്‍മാരുടെ, അല്ലെങ്കില്‍ കലാകാരന്മാരുടെ വജ്രായുധം. നേരത്തെ പറഞ്ഞ രാജ്യങ്ങളില്‍ മുഴുവന്‍ ഇത് ലീഗല്‍ ആണ്.

കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകാതെ പറയുകയാണെങ്കില്‍ പ്രത്യക രീതിയില്‍ കൃഷി ചെയ്യുന്ന രണ്ടു തരം കഞ്ചാവുകളുടെ മിശ്രണമാണ് ഹൈബ്രിഡ്. ഒന്നോ രണ്ടോ പുകയെടുത്താല്‍ രണ്ടു മണിക്കൂര്‍ നിര്‍ത്താതെ തുള്ളാം, കഥയെഴുതാം, പാട്ടുപാടാം, അഭിനയിക്കാം.

ഏതു രീതിയില്‍ നോക്കിയാലും ലോകത്തെ ഒന്നാം നമ്പര്‍ യൂണിവേഴ്‌സിറ്റിയാണ് ഹാര്‍വാര്‍ഡ്. അതിന്റെ ഇടനാഴിയിലൂടെ ഒരിക്കല്‍ നടക്കുമ്പോള്‍ ഒരു പ്രത്യേക ഗന്ധം. നോക്കുമ്പോള്‍ പ്രൊഫസ്സര്‍മാര്‍ ഒരു സൈഡ് ബെഞ്ചിലിരുന്നു കഞ്ചാവടിയാണ്. ‘ഇതിപ്പോ വലിയ കാര്യമൊന്നുമല്ല’ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു. ഇവിടെ കഞ്ചാവ് വില്‍ക്കുന്ന കടകള്‍ കാമ്പസിനുള്ളില്‍ വരെയുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും മിക്കവരും ഓരോ ബീഡി വാങ്ങും. ‘പുകയെടുത്ത പ്രൊഫെസ്സര്‍മാരുടെ ലെക്ചര്‍ രസമാണ്, അല്ലാത്തവരുടേത് ബോറും.’

അങ്ങനെയാണ് കെമിക്കല്‍ ഡ്രഗുകളുണ്ടാകുന്നത്. ചെറിയ അളവ്, മണമില്ല, നല്ല കിക്ക്, ആവശ്യത്തിന് പണം.

കൂടെ ചെറിയൊരു ചരിത്രം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കഞ്ചാവിന് മിക്ക രാജ്യങ്ങളിലും നിരോധനമുണ്ടായിരുന്നില്ല. അവിടെയിടെ വളരുന്ന ഒരു ചെടി. ആരെങ്കിലുമൊക്കെ ഇടക്കൊക്കെ വലിക്കും. പ്രത്യേകിച്ച് പലവിധ വേദനകളും ഏകാന്തന്തതയുമായി ജീവിക്കുന്ന പ്രായമായവര്‍. ഇന്ത്യയിലൊക്കെ കഞ്ചാവ് കഷായം പോലെ കലക്കി ഭാംഗ് എന്ന ഒരു പാനീയമുണ്ടാക്കി കുടിക്കും.

റിച്ചാര്‍ഡ് നിക്‌സണ്‍ Richard Nixon

റിച്ചാര്‍ഡ് നിക്‌സണ്‍

1930 കളിലാണ് അമേരിക്ക കഞ്ചാവ് നിയന്ത്രിക്കുന്നത്, ഭീകര ടാക്‌സ് ഏര്‍പ്പെടുത്തിയായിരുന്നു അത്. അതിന്റെ പിറകിലും പതിവ് പോലെ വംശീയത ഉണ്ടായിരുന്നു, അത് വേറൊരു ചരിത്രം, ഇപ്പോള്‍ പറയുന്നില്ല. 1970 ല്‍ റിച്ചാര്‍ഡ് നിക്‌സണ്‍ പ്രെസിഡന്റായിരുന്നപ്പോള്‍ കഞ്ചാവ് സമ്പൂര്‍ണമായി നിരോധിച്ചു. പക്ഷെ സംഗതി പാളി. കൊക്കയ്ന്‍, മെത്ത് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മേത്തഫിറ്റമിന്‍, ഹാഷിഷ് തുടങ്ങിയ കൊലയാളി ഡ്രഗുകളുടെ അയ്യരുകളിയായി അമേരിക്ക മുഴുവന്‍.

അതിന് കാരണം ഇത്രയേയുള്ളൂ. നിയമവിരുദ്ധമാണെങ്കിലും മയക്കുമരുന്നിന് എന്നും ആവശ്യക്കാരുണ്ട്. കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ഫ്രീക്കന്മാര്‍, ഹിപ്പികള്‍, വേദന തിന്നു ജീവിക്കുന്നവര്‍, ഏകാന്തത ശാപമായവര്‍, ഇവരൊക്കെ ഈ സാധനം അന്വേഷിച്ചു കൊണ്ടേയിരിക്കും. നിയമവിധേയമായി കിട്ടുന്നില്ലെങ്കില്‍ കള്ളക്കടത്തുകാരെ തേടി ഇവരെത്തും. കള്ളക്കടത്തു വളരും. അങ്ങനെ അമേരിക്ക മയക്കുമരുന്ന് മാഫിയയുടെ പിടിയിലായി. പ്രത്യേകിച്ച് ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ നഗരങ്ങള്‍.

ഇവിടെ കഞ്ചാവ് വില്‍ക്കുന്ന കടകള്‍ കാമ്പസിനുള്ളില്‍ വരെയുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും മിക്കവരും ഓരോ ബീഡി വാങ്ങും. ‘പുകയെടുത്ത പ്രൊഫെസ്സര്‍മാരുടെ ലെക്ചര്‍ രസമാണ്, അല്ലാത്തവരുടേത് ബോറും.’

ഇതോടെ പുതിയൊരു പ്രശനം തുടങ്ങി, കള്ളക്കടത്തു നടത്താന്‍ പറ്റിയ മുതലല്ല കഞ്ചാവ്. ഒരു പാട് അളവില്‍ ഉണ്ടെങ്കിലേ കിക്ക് ആവൂ, അത് കൊണ്ട് തന്നെ വില കുറവാണ്. വലിയ അളവില്‍ കള്ളക്കടത്തു നടത്താന്‍ ബുദ്ധിമുട്ടാണ്, മാത്രമല്ല നല്ല മണമുണ്ടാകും, സ്‌നിഫര്‍ ഡോഗ് ഒന്നും വേണ്ട, ജലദോഷമില്ലാത്ത ഏതൊരാള്‍ക്കും നൂറു മീറ്റര്‍ ചുറ്റളവിലുള്ള കഞ്ചാവിന്റെ മണമടിക്കും.

ഇതൊക്കെ കൊണ്ട് തന്നെ കള്ളക്കടത്തുകാര്‍, പ്രധാനമായും കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പുതിയ ലഹരി മാര്‍ഗങ്ങളിറക്കി, അങ്ങനെയാണ് കെമിക്കല്‍ ഡ്രഗുകളുണ്ടാകുന്നത്. ചെറിയ അളവ്, മണമില്ല, നല്ല കിക്ക്, ആവശ്യത്തിന് പണം.

അമേരിക്ക മുഴുവന്‍ മെത്ത് ഫാക്ടറികളായി. ഫ്‌ലോറിഡയില്‍ മയക്കുമരുന്ന് ഗോഡൗണുകള്‍ ഉണ്ടായി, ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും സ്പീഡ് ബോട്ടുകളിലും ഡ്രഗ് കള്ളക്കടത്തു നടന്നു. പരിഹാരമെന്നോണം റിച്ചാര്‍ഡ് നിക്സണ്‍ 1973ല്‍ ഡി.ഇ.എ എന്ന മയക്കു മരുന്ന് പിടുത്ത പോലീസ് സേന ഉണ്ടാക്കി. അപരിമിതയാമ അധികാരങ്ങളും തോക്കും സ്നിഫര്‍ ഡോഗുമായി ഡി.ഇ.എ ക്കാര്‍ അമേരിക്കന്‍ മുഴുവന്‍ നടന്നു വെടി വച്ചു. ഒരു കാര്യവുമുണ്ടായില്ല, പെട്ടെന്ന് അഡിക്ഷന്‍ ആവുന്ന കെമിക്കല്‍ ഡ്രഗടിച്ചു പിരി പോയ അമേരിക്കക്കാരെ കൊണ്ട് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ നിറഞ്ഞു, ആയിരക്കണക്കിനാളുകള്‍ അരിയെത്താതെ തെക്കോട്ടെടുത്തു .

ഇതൊന്നും ഒരു നടക്ക് പോകുന്നില്ല എന്ന് തോന്നിയപ്പോള്‍ 1990കളോട് കൂടി അമേരിക്കന്‍ ലിബറല്‍ സ്റ്റേറ്റുകള്‍ ട്രാക്ക് മാറ്റി, 1996ല്‍ കാലിഫോര്‍ണിയ കഞ്ചാവ് വീണ്ടും നിയമവിധേയമാക്കി. തുടര്‍ന്ന് മറ്റുള്ള സ്റ്റേറ്റുകളും കാലിഫോര്ണിയയുടെ വഴി പിന്തുടര്‍ന്നു.

എലോണ്‍ മാസ്‌ക് elon musk

എലോണ്‍ മാസ്‌ക്

ഇപ്പോള്‍ മിക്ക അമേരിക്കന്‍ സ്റ്റേറ്റുകളിലും കഞ്ചാവ് കടകള്‍ കാണാം. പല വിഭാഗങ്ങളിലായി പല ഷെല്ഫുകളില്‍ ഡിസ്‌പ്ലേ വച്ചിരിക്കുന്ന കഞ്ചാവുകള്‍, വലിക്കുന്നവ, പുകക്കുന്നവ, തിന്നുന്നവ. ആവശ്യക്കാര്‍ വന്നു വാങ്ങിച്ചു പോകുന്നു, വലിക്കുകയോ തിന്നുകയോ ചെയ്യുന്നു. കള്ളക്കടത്തുകാര്‍ക്ക് ആവശ്യക്കാരില്ല, ഡി.ഇ.എക്കാര്‍ക്ക് ജോലിയില്ലാത്തത് കൊണ്ട് എലോണ്‍ മാസ്‌ക് സര്‍ക്കാരിന് ഇവരെക്കൊണ്ട് കാര്യമില്ല എന്നും പറഞ്ഞു എല്ലാവരെയും പിരിച്ചു വിടുന്നു.

1977ലെ ഓരോണ ദിവസമാണ് വൈപ്പിനില്‍ രാജ്യം നടുങ്ങിയ മദ്യ ദുരന്തം നടക്കുന്നത്. 77 ആളുകള്‍ വ്യാജമദ്യം കഴിച്ചു മരിക്കുകയും 63 ആളുകളുടെ കണ്ണ് നഷ്ടപ്പെടുകയും ചെയ്തു. അതിന് മുമ്പും പിമ്പും സമാനമായ നിരവധി വ്യാജ മദ്യ ദുരന്തങ്ങളുണ്ടായി കേരളത്തില്‍.

കേരളം കഞ്ചാവ് നിയമവിധേയമാക്കണം. അഡിക്ഷന്‍ കുറഞ്ഞതും ഗുണനിലവാരം കൂടിയതുമായ കഞ്ചാവ് ആവശ്യക്കാര്‍ക്ക് ലഭിക്കണം.

നിരവധി കള്ള വാറ്റു കേന്ദ്രങ്ങളുണ്ടായിരുന്നു നമ്മുടെ നാട്ടില്‍. ടയര്‍ കത്തിച്ച കാര്‍ബണ്‍, തേരട്ട തുടങ്ങിയവ ഇട്ട് നാടന്‍ ചാരായം ഉണ്ടാക്കുന്ന കുടില്‍ വ്യവസങ്ങള്‍ നിരവധിയുണ്ടായിരുന്നു കേരളത്തില്‍, അത് കുടിച്ച് കുടലും കണ്ണും കരളും പോയ നിരവധി മനുഷ്യരും, ഇങ്ങനെ നടത്തുന്ന കള്ള വാറ്റു പിടിക്കാന്‍ എക്‌സൈസ് എന്നൊരു ഡിപ്പാര്‍ട്‌മെന്റും.

ഈ കള്ളവാറ്റു ദ്രാവകം കുടിച്ചു വന്നു ഭാര്യയെ കുനിച്ചു നിര്‍ത്തി കൂമ്പിനടിക്കുമ്പോള്‍ അടിക്കുന്ന ഭര്‍ത്താവിന്റെ അട്ടഹാസവും കൊള്ളുന്ന ഭാര്യയുടെ കരച്ചിലുമായിരുന്നു കേരളത്തിന്റെ സന്ധ്യാവന്ദനം. അത് എങ്ങനെയാണ് കേരളത്തില്‍ ഇല്ലാതായത്, വേണ്ടവര്‍ക്ക് കുടിക്കാന്‍ ഗുണനിലരമുള്ള മദ്യം ബിവറേജിലൂടെയും, ഇരുന്നു കുടിക്കാനുള്ള സൗകര്യം ബാറുകളിലും ലഭ്യമാക്കിയതിന് ശേഷമാണ് ഈ പരിപാടികളൊക്കെ നിന്നത്.

എ.കെ. ആന്റണി ak antony

എ.കെ. ആന്റണി

ഇങ്ങനെ ഒരു കാലത്ത് വ്യാജവാറ്റ് കുടിച്ചു വന്നു ഭാര്യയെ കുനിച്ചു നിര്‍ത്തി കൂമ്പിനിടിച്ചു കൊണ്ടിരുന്നവരാണ് ഇപ്പോള്‍ അഞ്ചു ഗ്രാം കഞ്ചാവ് കയ്യില്‍ വച്ചവനെ വെടിവച്ചു കൊല്ലാന്‍ വാട്‌സാപ്പില്‍ ആഹ്വാനം ചെയ്യുന്നത്. എല്ലാവരും ആവശ്യപ്പെടുന്നത് പരാജയപ്പെട്ട പരിഹാരങ്ങളാണ്.

വീടായ വീടുകളിലും ഹോട്ടലായ ഹോട്ടലുകളിലും റെയ്ഡ് നടത്തുക, ബൈക്കും കാറും നിര്‍ത്തി പരിശോധിക്കുക, പിടിക്കപെടുന്നവര്‍ക്ക് ജാമ്യം കൊടുക്കാതിരിക്കുക, സ്റ്റേഷനില്‍ കൊണ്ട് പോയി ഇടിക്കുക, കച്ചവടം നടത്തുന്നവനെ വെടിവച്ചു കൊല്ലുക, അങ്ങനെയങ്ങനെ. അങ്ങനെയാണോ കേരളത്തിലെ വ്യാജമദ്യ പ്രശനം പരിഹരിച്ചത് എന്ന് ഇവരോട് ചോദിച്ചാല്‍ മറുപടിയില്ല.

കേരളം കഞ്ചാവ് നിയമവിധേയമാക്കണം. അഡിക്ഷന്‍ കുറഞ്ഞതും ഗുണനിലവാരം കൂടിയതുമായ കഞ്ചാവ് ആവശ്യക്കാര്‍ക്ക് ലഭിക്കണം. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ റാപ്പര്‍ ഉള്‍പ്പടെയുള്ള പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റുകളെ ലോകം അംഗീകരിച്ച ഡോസില്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാന്‍ അനുവദിക്കണം. ഇതൊക്കെ ചെയ്യുമ്പോള്‍ മയക്കുമരുന്ന് വില്‍പനക്കാര്‍ സ്ഥലം വിട്ടോളും, കെമിക്കല്‍ ഡ്രഗുകള്‍ വാങ്ങാനും വില്‍ക്കാനും ആളില്ലാതെയാകും. വിജയിച്ച മാതൃകകളാണ് അനുകരിക്കേണ്ടത്, പരാജയപ്പെട്ടവയല്ല.

‘ഇപ്പോള്‍ കേരളത്തില്‍ പോലീസുകാര്‍ പറന്നു നടന്നു കഞ്ചാവ് പിടിക്കുകയല്ലേ, ഇനിയെന്താ പ്ലാന്‍’ ഞാന്‍ റാപ്പരോട് ചോദിച്ചു. ‘ഒന്നുകില്‍ ഞാന്‍ ലൈവ് കണ്‍സേര്‍ട്ടുകള്‍ നിര്‍ത്തി വേറെ വല്ല പണിക്കും പോകും, അല്ലെങ്കില്‍ ജയിലില്‍ പോകും’ അയാള്‍ പറഞ്ഞു.

വല്‍ക്കഷ്ണം: ഒരു മലയാളി എന്‍.എച്ച്.ഐയെ പരിചയപ്പെട്ടു, എന്ന് പറഞ്ഞാല്‍ ഇഷ്ടം പോലെ പണമുള്ള ഒരു ഇന്ത്യന്‍ പൗരന്‍. റിട്ടയര്‍മെന്റ് കഴിഞ്ഞു, ഭാര്യ മരിച്ചു, മക്കളെല്ലാം പല വഴിക്ക് പോയി, പല വിധ വേദനനകളുമായി ജീവിക്കുന്നു. ഇപ്പോള്‍ കാനഡയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ പോകുന്നു. ‘എന്താ കാരണം’ ഞാന്‍ ചോദിച്ചു. വൈകുന്നേരം രണ്ടു പുകയെടുക്കുന്നതാ ജീവിതത്തില്‍ ഇനി ബാക്കിയുള്ള ഒരേ ഒരു സന്തോഷം. അതിനിനി ജയിലില്‍ കിടക്കേണ്ട സ്ഥിതിയാണ്, ഇഷ്ടം പോലെ നല്ല സാധനം വാങ്ങി വലിക്കാവുന്ന ഒരു പാട് രാജ്യങ്ങള്‍ ഈ ഭൂമിയിലുണ്ട്, എന്റടുത്താണെങ്കില്‍ പണവുമുണ്ട്. പിന്നെ ഞാനെന്തിന് ഇവിടെ നില്‍ക്കണം. അയാള്‍ പറഞ്ഞു.

content highlights: The only way to save Kerala is to legalize ganja

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ