IPL
അത്ഭുതമൊന്നും സംഭവിക്കില്ല, ചെന്നൈ താരങ്ങള്‍ അഭിമാനത്തിനായി കളിക്കണം: ആര്‍.പി. സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 30, 06:29 am
Wednesday, 30th April 2025, 11:59 am

ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്ന് പത്താം മത്സരത്തിനിറങ്ങും. ജീവന്‍ മരണ പോരാട്ടത്തില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്സാണ് ചെന്നൈയുടെ എതിരാളികള്‍. സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ എം. എ. ചിദംബരം സ്റ്റേഡിയമാണ് വേദി.

നിലവില്‍ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായ സൂപ്പര്‍ കിങ്‌സിന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവാതിരിക്കാന്‍ വിജയം അനിവാര്യമാണ്. ഐ.പി.എല്ലില്‍ അഞ്ച് വട്ടം ജേതാക്കളായ ടീമിന് ഈ സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമാണുള്ളത്. ബാക്കിയുള്ള അഞ്ച് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ടീമിന് പ്ലേ ഓഫില്‍ കടക്കാന്‍ വിദൂര സാധ്യതയെങ്കിലുമുള്ളത്.

ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍. പി. സിങ്. പോയിന്റ് പട്ടിക നോക്കിയിട്ട് ഒരു അത്ഭുതം സംഭവിക്കുമെന്ന് താന്‍ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കളിക്കാര്‍ ടീമിന്റെ അഭിമാനത്തിനായി കളിക്കുകയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണെന്ന് കാണിക്കുകയും വേണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘പോയിന്റ് പട്ടിക നോക്കിയിട്ട് ഒരു അത്ഭുതം സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കളിക്കാര്‍ ടീമിന്റെ അഭിമാനത്തിനായി കളിക്കുകയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണെന്ന് കാണിക്കുകയും വേണം. അവര്‍ തങ്ങളുടെ പരമാവധി നല്‍കുകയും ബാക്കിയുള്ളത് മികച്ച ക്യാപ്റ്റനായ എം.എസ്. ധോണിക്ക് വിട്ടുകൊടുക്കുകയും വേണം,’ ആര്‍. പി. സിങ് പറഞ്ഞു.

ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. എന്നാല്‍ പതിനെട്ടാം സീസണില്‍ ഒരു കാലത്തുമില്ലാത്ത വിധം മോശം ഫോമിലൂടെയും പ്രതിസന്ധിയിലൂടെയുമാണ് ടീം കടന്നു പോവുന്നത്.

ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ നിറം മങ്ങിയതാണ് ഈ സീസണില്‍ ടീമിന് തിരിച്ചടിയായത്. കൂടാതെ, കഴിഞ്ഞ സീസണുകളിലൊക്കെ മിന്നും പ്രകടനവുമായി മുന്നിട്ട് നിന്ന ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതും ടീമിന് ഇരുട്ടടിയായത്.

 

Content Highlight: IPL 2025: RP Singh talks about Chennai Super Kings