കോട്ടയം: ഇന്ത്യന്‍ ഷൂട്ടിങ്ങിനെ മാറ്റിമറിച്ച പരിശീലകനും ദ്രോണാചാര്യ പുരസ്‌കാര ജേതാവുമായ പ്രൊഫ. സണ്ണി തോമസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് 85 വയസായിരുന്നു.
കോട്ടയം ഉഴവൂര്‍ സ്വദേശിയായ സണ്ണി തോമസ് 1993 മുതല്‍ 2012 വരെ 19 വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്നു. ഇന്ത്യന്‍ ഷൂട്ടിങ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ പരിശീലകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കീഴില്‍ ഒളിംപിക്സ്, ലോക ചാംപ്യന്‍ഷിപ്പുകള്‍, ഏഷ്യന്‍ ഗെയിംസ്, കോമണ്‍ വെല്‍ത്ത് ഗെയിംസ് തുടങ്ങിയ ചാംപ്യന്‍ഷിപ്പുകളില്‍ നിന്ന് ഇന്ത്യ നൂറിലേറെ മെഡലുകള്‍ നേടിയിട്ടുണ്ട്.
കൂടാതെ, റൈഫിള്‍ ഓപ്പണ്‍ സൈറ്റ് ഇവന്റില്‍ കേരളത്തില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ ദേശീയ ഷൂട്ടിങ് ചാമ്പ്യന്‍ കൂടിയാണ് അദ്ദേഹം. 2012ലാണ് അദ്ദേഹത്തിന് ദ്രോണാചാര്യ പുരസ്‌കാരം ലഭിച്ചത്.
ഒളിംപിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു ഷൂട്ടിങ് താരങ്ങളായ വിജയ് കുമാര്‍, ഗഗന്‍ നാരംഗ് എന്നീ താരങ്ങളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിലെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. വിരമിച്ച ശേഷമാണ് മുഴുവന്‍ സമയ പരിശീലകനായി പ്രവര്‍ത്തിച്ചത്. 2018ലാണ് പൂര്‍ണമായി ഷൂട്ടിങ് രംഗത്ത് നിന്ന് അദ്ദേഹം വിരമിക്കുന്നത്.
Content Highlight: Dronacharya Award winner Prof. Sunny Thomas passes away