Entertainment
വേടന്റെ കരിയറിലെ ബെസ്റ്റ് പ്രൊമോഷൻ; 'ഇത് രണ്ടാം പിറവിയേ' വിവാദങ്ങൾക്കിടെ വേടൻ്റ പുതിയ പാട്ട് പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 30, 06:41 am
Wednesday, 30th April 2025, 12:11 pm

വിവാദങ്ങള്‍ക്കിടെ ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍റെ പുതിയ പാട്ട് പുറത്തിറങ്ങി. ‘മോണ ലോവ’ എന്നാണ് ഗാനത്തിൻ്റെ പേര്. ഇന്നലെ (29/04/25) യാണ് പാട്ട് പുറത്തിറങ്ങിയത്. തന്‍റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണ ലോവയെ വിശേഷിപ്പിച്ചത്. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണിത്. ‘ഒരുത്തീ’ എന്ന വാക്കിലാണ് ഗാനം ആരംഭിക്കുന്നത്.

‘എണ്ണക്കറുപ്പിയെ നിന്‍റെ കണ്ണില്‍ കുരുങ്ങി ഞാന്‍ മരിച്ചു’ ‘രണ്ടാം പിറവിയെ ഇത് രണ്ടാം പിറവിയേ’ എന്ന വരികളാണ് ഗാനത്തിന്‍റെ ഹൈലൈറ്റ്. സ്‌പോട്ടിഫൈയും യൂട്യൂബുമടക്കം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ പാട്ട് ലഭ്യമാണ്.

നിലവിൽ വേടൻ പൊലീസ് കസ്റ്റഡിയിലാണ്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്ന് തിങ്കളാഴ്ചയാണ് പൊലീസ് വേടനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന് പിന്നാലെ കഴുത്തിൽ കിടക്കുന്ന മാലയിലെ പുലിപ്പല്ല് കൈവശം വെച്ചതിന് വനംവകുപ്പും വേടനെതിരെ കേസെടുത്തിരുന്നു. ഇതേത്തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്ന വേടൻ്റെ പല പരിപാടികളും റദ്ദ് ചെയ്യുകയുണ്ടായി.

കേസുകളിൽ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ തൻ്റെ പാട്ട് പുറത്തിറങ്ങുമെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെ വേടന്റെ യൂട്യൂബ് ചാനലായ വേടൻ വിത്ത് വേഡ് (VEDAN with word) വഴിയാണ് പാട്ട് റിലീസായത്. പാട്ട് റിലീസായതിന് തുടർന്ന് നിരവധി കമൻ്റുകളാണ് വേടനെ അനുകൂലിച്ച് ഉയരുന്നത്.

‘വേടന്റെ കരിയറിൽ BEST പ്രൊമോഷൻ ആയിരുന്നു ഈ പാട്ടിനു ഇന്നലെ പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്നത്’

‘നീ ഉപയോഗിച്ച ലഹരി അല്ല ഞങ്ങൾക്ക് വേണ്ടത് നീ എന്ന ലഹരി ആണ് വേണ്ടത്’ തുടങ്ങിയ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

Content Highlight: Vedan’s new song released