ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കാനും സ്വത്ത് പിടിച്ചെടുക്കാനും യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
യഥാര്‍ഥ പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച്
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നും യോഗി പറഞ്ഞു.
അതേസമയം, കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ പരാമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡസന്‍ കണക്കിന് ട്വീറ്റുകള്‍ എടുത്തുമാറ്റണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.
ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയമപരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ട്വീറ്റുകള്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് കമ്പനി വക്താവ് റോയിട്ടേഴ്സിനോട് പറഞ്ഞു. എന്നാല്‍ കൊവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ ട്വീറ്റുകള്‍ നീക്കം ചെയ്തതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്തത് കൊണ്ടാണ് നടപടിയെടുത്തതെന്നും അല്ലാതെ സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടല്ല ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടത്തിയതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ എന്‍.ഡി.ടിവിയോട് പറഞ്ഞത്.
കോണ്‍ഗ്രസ് ലോക്സഭാ എം.പി രേവന്ത് റെഡ്ഡി, ബംഗാള്‍ മന്ത്രി മൊളോയ് ഘട്ടക്, നടന്‍ വിനീത് കുമാര്‍ സിംഗ്, ചലച്ചിത്ര പ്രവര്‍ത്തകരായ വിനോദ് കപ്രി, അവിനാശ് ദാസ് എന്നിവരുടെ ട്വീറ്റുകള്‍ക്കെതിരെയാണ് ട്വിറ്റര്‍ നടപടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക