Advertisement
national news
ഉത്തര്‍പ്രദേശില്‍ ഏപ്രില്‍ 30 മുതല്‍ ആഴ്ചയില്‍ നാല് ദിവസം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 29, 10:08 am
Thursday, 29th April 2021, 3:38 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

വെള്ളിയാഴ്ചകളില്‍ തുടങ്ങി ചൊവ്വാഴ്ച അവസാനിക്കുന്ന രീതിയില്‍ എല്ലാ ആഴ്ചകളിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

 

കൊവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നടപടി. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമവും നേരിടുന്നുണ്ട്.

നേരത്തെ കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു.

യു.പിയിലെ ഒമ്പത് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും പതിനാല് ദിവസത്തെ ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണമെന്നും കോടതി അറിയിച്ചിരുന്നു.

ജസ്റ്റിസ് സിദ്ധാര്‍ത്ഥ് വര്‍മ്മ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജനങ്ങളുടെ ജീവന്റെ കാര്യമാണെന്നും അതില്‍ കടുംപിടുത്തം പിടിക്കരുതെന്നും കോടതി വ്യക്തമാക്കി.

മാരക വൈറസ് ബാധിച്ച് ജീവനുവേണ്ടി പിടയുന്ന ജനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ പോലും സര്‍ക്കാരിന് കഴിയാത്തത് അത്യധികം ലജ്ജാവഹമാണെന്നും കോടതി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അപര്യാപ്തത മൂലം എട്ടു കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പല ആശുപത്രികളിലും ബെഡുകളും ഓക്‌സിജന്‍ സൗകര്യവുമില്ലെന്ന് നോട്ടീസുകളും പതിച്ചിട്ടുണ്ട്.

ബുധനാഴ്ച 29,824 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 266 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 11,82,843 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Yogi Adithyanath about complete lock down for 4 days