ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ തന്നെ മുഴുവന്‍ ആരാധകരുടെയും കണ്ണ് രാജസ്ഥാന്‍ റോയല്‍സ് യുവതാരം യശസ്വി ജെയ്‌സ്വാളിലേക്കായിരുന്നു. താരത്തിന്റെ ഇന്ത്യന്‍ ടീമിനായുള്ള അരങ്ങേറ്റത്തിനായി ഇന്ത്യന്‍ ആരാധകരൊന്നാകെ ഉറ്റുനോക്കിയിരുന്നു.
ആരാധകരെ ഹാപ്പിയാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം ആരംഭിച്ച ആദ്യ ടെസ്റ്റില്‍ തന്നെ ജെയ്‌സ്വാള്‍ ഇടം നേടിയിരുന്നു. രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങി ആദ്യ പന്ത് തന്നെ നേരിട്ടാണ് ജെയ്‌സ്വാള്‍ ഇന്ത്യക്കായുള്ള തന്റെ അരങ്ങേറ്റം കുറിച്ചത്.
മികച്ച പ്രകടനമാണ് താരം ആദ്യ ഇന്നിങ്‌സില്‍ കാഴ്ചവെക്കുന്നത്. ആദ്യ ദിനം കളിയവസാനിക്കുമമ്പോള്‍ 73 പന്തില്‍ നിന്നും ആറ് ബൗണ്ടറിയുടെ അകമ്പടിയോടെ 40 റണ്‍സ് നേടിയാണ് ക്രീസില്‍ തുടരുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
എന്നാല്‍ ഈ മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങും മുമ്പ് തന്നെ ഒരു തകര്‍പ്പന്‍ റെക്കോഡ് ജെയ്‌സ്വാളിനെ തേടിയെത്തിയിരുന്നു. ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും തന്റെ സഹതാരമായ ശുഭ്മന്‍ ഗില്ലിനെയുമടക്കം മറികടന്നുകൊണ്ടാണ് ജെയ്‌സ്വാള്‍ റെക്കോഡിലേക്ക് നടന്നുകയറിയത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യക്കായി അരങ്ങേറുന്നതിന് മുമ്പ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവുമധികം ശരാശരിയുള്ള മൂന്നാമത് ഇന്ത്യന്‍ താരമായാണ് ജെയ്‌സ്വാള്‍ റെക്കോഡിട്ടത്. വിനോദ് കാംബ്ലിയും പ്രവീണ്‍ അമ്രേയുമാണ് ജെയ്‌സ്വാളിന് മുമ്പിലുള്ളത്.
കരിയറില്‍ മുംബൈക്കായി രഞ്ജിയില്‍ അരങ്ങേറിയ ജെയ്‌സ്വാള്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി ഇറാനി ട്രോഫിയിലും വെസ്റ്റ് സോണിനായി ദുലീപ് ട്രോഫിയിലും ബാറ്റേന്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ എ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിലും ജെയ്‌സ്വാള്‍ അംഗമായിരുന്നു.
തന്റെ കരിയറില്‍ 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച ജെയ്‌സ്വാള്‍ 1,845 റണ്‍സാണ് സ്വന്തമാക്കിയത്. 67.48 എന്ന സ്‌ട്രൈക്ക് റേറ്റിലും 80.21 എന്ന ശരാശരിയിലുമാണ് ജെയ്‌സ്വാള്‍ റണ്‍സ് നേടിയത്.
ഒമ്പത് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ച ജെയ്‌സ്വാളിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 265 ആണ്.
അതേസമയം, ഡൊമനിക്ക ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ആധിപത്യമായിരുന്നു വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിനെ 150 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് ഇന്ത്യ ആദ്യ ദിനം തന്നെ ബാറ്റിങ്ങിനിറങ്ങിയത്.
അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ അശ്വിനാണ് വിന്‍ഡീസിനെ തകര്‍ത്തുവിട്ടത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, തഗനരെയ്ന്‍ ചന്ദര്‍പോള്‍, അല്‍സാരി ജോസഫ്, അലിക് അതനാസെ, ജോമല്‍ വാരികന്‍ എന്നിവരെയാണ് അശ്വിന്‍ മടക്കിയത്.
3⃣3⃣rd five-wicket haul in Tests! 🙌 🙌@ashwinravi99 makes merry in Dominica & how! 👍 👍
Scorecard ▶️ https://t.co/FWI05P4Bnd #TeamIndia | #WIvIND pic.twitter.com/H3y1wH2czp
— BCCI (@BCCI) July 12, 2023
അശ്വിന് പുറമെ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 23 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 80 റണ്‍സ് എന്ന നിലയിലാണ്. 40 റണ്‍സുമായി യശസ്വി ജെയ്സ്വാളും 30 റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍.
Content Highlight: Yashaswi Jaiswal surpasses Sachin Tendulkar and scripts massive record